ആറ്റിങ്ങൽ ∙ എപ്പോഴും ഒരുമിച്ചുണ്ടാകുന്ന ഉറ്റ സുഹൃത്തുക്കളുടെ മടക്കയാത്രയും ഒരുമിച്ച്. നിയന്ത്രണംവിട്ട ബൈക്ക് ഓടയിലേക്ക് ഇടിച്ചിറങ്ങി യാത്രികരായ 2 യുവാക്കൾ മരിച്ചു.
ചെമ്പൂര് ചരുവിള പുത്തൻ വീട്ടിൽ അഖിൽ(22), കുന്നത്താംകോണം വി.യു.നിവാസിൽ അമൽ(20) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാത്രി വെഞ്ഞാറമൂട്–ആറ്റിങ്ങൽ റോഡിൽ ചെമ്പൂര് പാലത്തിനു സമീപമായിരുന്നു അപകടം.
അപകടത്തിൽപെട്ട് സുഹൃത്തുക്കൾ മരിച്ച വിവരം ഉൾക്കൊള്ളാനാകാതെ വിതുമ്പി നാട്.
മൃതദേഹങ്ങൾ പൊതു ദർശനത്തിന് വച്ചപ്പോൾ അവസാനമായി കാണാനെത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കരച്ചിലടക്കാനായില്ല. വെള്ളിയാഴ്ച രാത്രി പെമ്പൂര് പാലത്തിന് സമീപത്തെ കൊടുംവളവ് തിരിയുന്നതിനിടെയാണു നിയന്ത്രണംവിട്ട് ബൈക്ക് ഓടയിൽ പതിച്ചത്. ഒരു മീറ്ററിൽ താഴെ മാത്രം വീതിയുള്ള ഓട
സ്ലാബ് ഇട്ടു മൂടിയിട്ടില്ല. ഓടയിൽ വീണ് 10 മീറ്ററോളം മുന്നോട്ടു നീങ്ങിയ ബൈക്ക് സമീപത്തെ വീട്ടിലേക്കു കയറാനായി സ്ഥാപിച്ച സ്ലാബിനടിയിൽ കുടുങ്ങി.
സ്ലാബ് നീക്കി ബൈക്ക് പുറത്തെടുത്തു.
ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.അപകടത്തിൽ മരിച്ച അഖിലും അമലും അടുത്ത സുഹൃത്തുക്കളും അയൽവാസികളുമാണ്. അഖിലിന്റെ അച്ഛൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു. അമ്മ ശാലിനി വീടുകളിൽ സഹായിയായി ജോലി ചെയ്യുകയാണ്.
സഹോദരി: അഞ്ജന.മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായ അഖിലിന്റെ വരുമാനം കുടുംബത്തിന് വലിയ ആശ്രയമായിരുന്നു. മരിച്ച അമലിന്റെ അച്ഛൻ വേണു കൂലിപ്പണിക്കാരനാണ്. സഹോദരൻ ആരോമൽ കോട്ടയത്ത് പഠിക്കുകയാണ്.
അമ്മ ഉഷ തൊഴിലുറപ്പ് തൊഴിലാളിയാണ്.പെയ്ന്റിങ് ജോലിക്കാരനാണ് അമൽ. ജോലിയില്ലാത്ത ദിവസങ്ങളിലും ഒഴിവു സമയങ്ങളിലും ഇരുവരും ഒരുമിച്ചാണ് ഉണ്ടാവുകയെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇരുവരുടെയും മരണ വിവരം ഇന്നലെ ഉച്ചവരെ വീട്ടുകാരെ അറിയിച്ചിരുന്നില്ല. വൈകിട്ട് നാലരയോടെ ചെമ്പൂരിൽ എത്തിച്ച മൃതദേഹങ്ങൾ ഇരുവരുടെയും അയൽവാസിയുടെ മുറ്റത്ത് പൊതു ദർശനത്തിന് വച്ചു.
ഒരു മണിക്കൂറോളം പൊതു ദർശനത്തിന് ശേഷം വീടുകളിലെത്തിച്ച ശേഷം സംസ്കരിച്ചു.
ചെമ്പൂരിലെ അപകടക്കെണി
ആറ്റിങ്ങൽ ∙ വെഞ്ഞാറമൂട് – ആറ്റിങ്ങൽ റോഡിൽ ചെമ്പൂര് പാലത്തിന് സമീപത്തെ കൊടും വളവും, മൂടിയും ക്രാഷ്ബാരിയറും ഇല്ലാത്ത ഓട അപകടക്കെണിയാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡിലാണ് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത.
റോഡിലൂടെ അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾ ഓടയിലേക്ക് പതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൊടും വളവ് ആയതിനാൽ പലപ്പോഴും വേഗത്തിൽ വരുന്ന വാഹനങ്ങൾ തിരിയാതെ ഓടയിലേക്ക് പതിക്കും.
ടാറും ഓടയും തമ്മിൽ ഒരു മീറ്ററിൽ താഴെ മാത്രമാണ് അകലം ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളിൽ നിന്നു രക്ഷ നേടുന്നതിനായി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി ഒതുങ്ങി നിൽക്കാൻ പോലും ഇവിടെ ഇടമില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. വെഞ്ഞാറമൂട് –ആറ്റിങ്ങൽ റോഡിൽ ചെമ്പൂര് ജംക്ഷന് സമീപംവരെ പലയിടങ്ങളിലും ഇത്തരത്തിൽ അപകടക്കെണികൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

