കുമളി ∙ ഡിണ്ടിഗൽ -ലോവർ ക്യാംപ് റെയിൽപാത പദ്ധതിക്ക് വീണ്ടും സാധ്യതയേറി. പദ്ധതിയുടെ സർവേയും വിശദ പഠന റിപ്പോർട്ട് തയാറാക്കാനുള്ള അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ അശ്വിനി വൈഷ്ണവ് ലോക്സഭയിൽ തേനി എംപി തങ്കതമിഴ് സെൽവത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
2012-ൽ ഡിണ്ടിഗൽ -ലോവർ ക്യാംപ് പാതയുടെ സർവേ നടപടികൾക്ക് അന്നത്തെ കേന്ദ്ര സർക്കാർ അനുമതി നൽകിയതാണ്.
860 കോടി രൂപയാണ് അന്ന് പദ്ധതിയുടെ ചെലവായി കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
തുടർന്ന് തേനി കേന്ദ്രമായി പ്രവർത്തിക്കുന്ന തേനി ഡിസ്ട്രിക്ട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനങ്ങളും സമരങ്ങളുമായി രംഗത്തിറങ്ങി.
ആർ.ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സമരങ്ങളിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് ഭാരവാഹികളും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിനിധികളും പല തവണ പങ്കെടുത്തു.
ഇടുക്കിയിലെ ടൂറിസം, വാണിജ്യ മേഖലയ്ക്ക് ഈ റെയിൽ പാത ഏറെ ഗുണകരമാകുമെന്നതിനാലാണ് ഇടുക്കിയിലെ വ്യാപാരികളും രംഗത്തിറങ്ങിയത്. ഹൈക്കോടതിയിൽ ഹർജികൾക്ക് പുറമേ നിരാഹാര സമരങ്ങൾ, പദയാത്രകൾ, ഒരു ലക്ഷം പേരുടെ ഒപ്പുശേഖരണം, പ്രകടനങ്ങൾ, മോട്ടർ സൈക്കിൾ റാലികൾ തുടങ്ങി വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ വിവിധ സ്ഥലങ്ങളിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ നടന്നു.
ഡിണ്ടിഗൽ-ശബരിമല റെയിൽപാത എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഇതിന് നിരവധി തടസ്സങ്ങളുള്ളതിനാൽ 2 ഘട്ടമായി ഈ പദ്ധതിയെ മാറ്റണം.
ആദ്യഘട്ടത്തിൽ കുമളിക്ക് സമീപം ലോവർ ക്യാംപ് വരെയുള്ള പാത പൂർത്തീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം.
സംഘടനാ ഭാരവാഹികൾ തേനി എംപിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിച്ചതോടെയാണ് ഇതിന് ഇപ്പോൾ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

