കണ്ണൂർ ∙ ഒടുവിൽ ഹോം ഗ്രൗണ്ട് കനിഞ്ഞു. അതും ഏറ്റവും നിർണായക മത്സരത്തിൽ.
നേരത്തേ 5 മത്സരങ്ങൾ ഹോം ഗ്രൗണ്ടായ ജവാഹർ സ്റ്റേഡിയത്തിൽ കളിച്ചെങ്കിലും വിജയം അകന്നുനിന്നിരുന്നു. ഇത്തവണ തൃശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു തോൽപിച്ച് ആതിഥേയർ കന്നിക്കിരീടം ഉയർത്തി.
മത്സരത്തിന്റെ 18ാം മിനിറ്റിൽ പെനൽറ്റിയിലൂടെ അസിയർ ഗോമസാണ് ഗോൾ നേടിയത്.
പ്രതിരോധക്കാരൻ സച്ചിൻ സുനിലും പരിശീലകൻ മാനുവൽ സാഞ്ചസും ചുവപ്പ് കാർഡ് കണ്ട് പുറത്തായതും രണ്ടാം പകുതിയിൽ 10 പേരെവച്ച് കളിച്ചതും കണ്ണൂർ വോറിയേഴ്സ് മറന്നു, വിജയാഹ്ലാദത്തിൽ.
നന്നായി ഗൃഹപാഠം ചെയ്ത് ടീമിന്റെ പോരായ്മകളെ വിശകലനം ചെയ്താണ് മാനുവൽ തന്റെ കുട്ടികളെ ഇറക്കിയത്. അടിച്ചും തടുത്തും തിരിച്ചടിച്ചും ഒന്നാം പകുതി കാണികൾക്കു വിരുന്നായിരുന്നു.
ഷിജിൻ, അർജുൻ, മുഹമ്മദ് സിനാൻ എന്നിവരോടൊപ്പം അസിയർ ഗോമസും മനോജും ചേർന്നതേടെ കണ്ണൂരിന്റെ കയ്യിലായിരുന്നു ആദ്യ പകുതി. തൃശൂരിന്റെ ഗോൾ നീക്കങ്ങൾ വോറിയേഴ്സിന്റെ ബോക്സിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ കളി പലപ്പോഴും പരുക്കനായി.
ലീഡ് ഉയർത്താൻ വോറിയേഴ്സും തിരിച്ചടിക്കാൻ തൃശൂരും അവസാന നിമിഷം വരെ പരിശ്രമിച്ചു. ഒടുവിൽ ഗാലറിയിലെ 25,550 പേരെ സാക്ഷിയാക്കി ആ ലോങ് വിസിൽ… കളിക്കാരുടെ വിയർപ്പിന്റെ ഉപ്പിൽ, ചുംബനച്ചൂടിൽ വെള്ളിക്കപ്പമർന്നു.
കണ്ണൂരിലെ ഗാലറിയിൽനിന്നുയർന്ന ആരവങ്ങൾ കായികകേരളത്തിന്റെ ആകാശത്താകെ അലയടിച്ചു. കണ്ണിലും കാതിലും കരളിലും കണ്ണൂർ വോറിയേഴ്സിന്റെ കാൽപെരുക്കം മാത്രം.
ആവേശം ആകാശത്തോളം
കാൽപന്തും കണ്ണൂരും പരസ്പരം നന്ദി പറയുകയാണ്.
കളിക്കളത്തിലെ കാൽപനികമായ ഉന്മാദക്കാഴ്ചകൾ തിരിച്ചുതന്നതിന്… ഗാലറികളിൽ ആകാശത്തോളമുയരുന്ന ആരവങ്ങൾ തിരിച്ചെത്തിച്ചതിന്… നന്ദി, ഫുട്ബോൾ! നന്ദി എസ്എൽകെ!
നന്ദി കണ്ണൂർ! ജയപരാജയങ്ങൾക്കപ്പുറം, ഫുട്ബോൾ എന്ന ആഘോഷത്തിനാണ് ഇന്നലെ ജവാഹർ സ്റ്റേഡിയം വേദിയായത്.
മൈതാനത്തിനും ഗാലറികൾക്കും ഒരേ പോലെ തീപിടിപ്പിച്ച് ഫുട്ബോൾ ലഹരി. വടക്കൻ കേരളത്തിലെ പ്രഫഷനൽ ഫുട്ബോളിന്റെ പ്രൗഢിയും പെരുമയും തരിമ്പും മങ്ങിയിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു ആരവത്തിൽ മുങ്ങിയ ഇക്കഴിഞ്ഞ ദിവസങ്ങൾ.
കണ്ണൂർ വോറിയേഴ്സിന്റെ ഹോം മാച്ചുകൾ മാത്രമാണ് ഈ കളിത്തട്ടിൽ സംഘാടകർ ഉദ്ദേശിച്ചത്.
സംഘാടകരെ അദ്ഭുതപ്പെടുത്തി കൊണ്ട് കാൽപന്ത് ആരാധകർ ഒഴുകി എത്തുകയായിരുന്നു. അതോടെ കലാശക്കളിക്കും ഇവിടം വേദിയായി.
ഇത് കണ്ണൂർ ഫുട്ബോളിനു ലഭിച്ച അംഗീകാരം കൂടിയാണ്. ടീമുകൾ ഏതുമായി കൊള്ളട്ടെ അവരിലെ ‘ഫുട്ബോളാ’ണ് ഞങ്ങൾക്കിഷ്ടം എന്ന് ഒരിക്കൽ കൂടി കണ്ണൂർ തെളിയിച്ചു.
17 വർഷങ്ങൾക്കു ശേഷം കണ്ണൂർ നിറഞ്ഞുകവിഞ്ഞ രാത്രിയായിരുന്നു ഇന്നലെ.
2008ൽ നടന്ന ഇ.കെ.നായനാർ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിലാണ് ജവാഹർ സ്റ്റേഡിയത്തിലെ ഗാലറി ഇതിനുമുൻപ് നിറഞ്ഞുകവിഞ്ഞത്. അന്നത്തെ ആവേശത്തെയും ആരവത്തെയും മറികടന്നു ഇന്നലെ ജവാഹർ സ്റ്റേഡിയം.
25,550 കാണികൾ
ഗാലറിയുടെ ഒരു ഭാഗം അറ്റകുറ്റപ്പണിക്കായി മാറ്റി നിർത്തിയില്ലായിരുന്നെങ്കിൽ കാണികളുടെ എണ്ണം ലക്ഷം കവിഞ്ഞേനെ.
ആദ്യ മത്സരത്തിന് എത്തിയത് 13,656 കാണികൾ, രണ്ടാം മത്സരത്തിന് 14,885, മൂന്നാം മത്സരത്തിന് 17,889, നാലാം മത്സരത്തിന് 9,029, അഞ്ചാം മത്സരത്തിന് 11,127… ഇന്നലെ ഫൈനലിന് എത്തിയത് 25550 പേർ.
കട്ടയ്ക്കുനിന്ന് ആരാധകർ
കണ്ണൂർ∙ ഫൈനലിൽ തൃശൂരിന്റെ ആരാധകക്കൂട്ടമായ ബ്ലൂ ഗഡീസ് 17 ബസുകളിലായി എണ്ണൂറിലേറെ ആരാധകരെയാണു സ്റ്റേഡിയത്തിലെത്തിച്ചത്. റെഡ് മറീനേഴ്സ് ആവട്ടെ കണ്ണൂരിനു പുറമെ കാസർകോട്, വയനാട് ജില്ലകളിൽ നിന്നായി 5000ൽ അധികം പേരുമായാണ് എത്തിയത്.
ഇരുടീമുകളുടെയും ആരാധകർ ആടിത്തിമിർക്കുകയായിരുന്നു ഇന്നലെ ഗാലറിയിൽ. ബാൻഡ് മേളവും പാട്ടും കൊണ്ട് ആഘോഷിക്കുകയായിരുന്നു ഇരുവരുടെയും ആരാധക വൃന്ദം
ആവേശമേറ്റി റാപ്പും
കണ്ണൂർ∙ റാപ്പർ ഗബ്രി ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന സംഗീതനിശയിൽ പങ്കെടുത്തു.
വെടിക്കെട്ടും ലൈറ്റ് ഷോയും ഗായകൻ തമിഴ്നാട് സ്വദേശി അറിവ് നയിച്ച മിഡ്-ടൈം ഷോയുമുണ്ടായിരുന്നു. കണ്ണൂർ വോറിയേഴ്സ് എഫ്സി സഹഉടമയും നടനുമായ ആസിഫ് അലി, തൃശൂർ മാജിക് എഫ്സി സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബൻ, ഐ.എം.വിജയൻ എന്നിവരുൾപ്പെടെയുള്ളവരും മത്സരം കാണാനെത്തി.
വിജയാഘോഷം ഇന്ന് രാവിലെ 10ന്
കണ്ണൂർ ∙ കണ്ണൂർ വോറിയേഴ്സ് എഫ്സിയുടെ വിജയ ആഘോഷം ഇന്ന് രാവിലെ 10നു നടക്കും.
പള്ളിക്കുന്ന് നിന്ന് ആരംഭിച്ച് കാൽടെക്സ് ജംക്ഷൻ, ന്യൂ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ വഴി മുനിസിപ്പൽ ജവാഹർ സ്റ്റേഡിയത്തിൽ സമാപിക്കും. തുറന്ന വാഹനത്തിലായിരിക്കും ഘോഷയാത്ര. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

