ബത്തേരി∙ ജില്ലയിലെ ഏറ്റവും വലുതും മികച്ചതുമായ പോസ്റ്റ്മോർട്ടം യൂണിറ്റാണ് ബത്തേരി താലൂക്ക് ആശുപത്രിയിലേത്. 12 ഫ്രീസറുകളാണ് ഇവിടെയുള്ളത്.
ആവശ്യമെങ്കിൽ ഒന്നിൽ കൂടുതൽ പോസ്റ്റ്മോർട്ടങ്ങൾ ഒരേസമയം നടത്താനാകും. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലും ഇത്ര മികച്ച യൂണിറ്റില്ല.
എന്നിട്ടും ബത്തേരിയിൽ ഫൊറൻസിക് സർജന്റെ തസ്തികയില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു.
ഇതു നോക്കൂ, കഴിഞ്ഞ ദിവസമുണ്ടായ 3 കേസുകളുടെ അവസ്ഥ
കെട്ടിട നിർമാണത്തിനിടെ കഴിഞ്ഞ 16ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വാകേരിയിലെ കെട്ടിട
നിർമാണ സൈറ്റുകളിലൊന്നിൽ ഗുണ്ടൽപേട്ട ആലള്ളി നിട്രെ സ്വദേശിയായ എൻ.എം.
സിദ്ദരാജ്(34) എന്ന അതിഥി ത്തൊഴിലാളിക്ക് തളർച്ച അനുഭവപ്പെട്ടു. സഹ തൊഴിലാളികൾ ഉടൻ അദ്ദേഹത്തെ വാകേരിയിലെ ഹെൽത്ത് സെന്ററിലെത്തിച്ചു.
രക്തസമ്മർദം വളരെ കുറവായതിനാൽ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടു വന്നു. വഴിമധ്യേ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിരുന്നു.
ആശുപത്രിയിലെത്തിച്ച ശേഷം നടന്ന പരിശോധനയിൽ സിദ്ദരാജ് മരിച്ചെന്ന സ്ഥിരീകരണവും വന്നു. ഒപ്പമുള്ള തൊഴിലാളികൾക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.
വൈകിട്ടു വരെ ഒന്നും നടക്കാതായപ്പോൾ ഗുണ്ടൽപേട്ട് എംഎൽഎ ഗണേശ്പ്രസാദ് ബത്തേരിയിലെ സുഹൃത്ത് മോഹനൻ നവരംഗിനെ വിളിച്ചു വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
ബത്തേരി സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ മരണം സംഭവിച്ചത് കേണിച്ചിറ സ്റ്റേഷനിലാണെന്നറിഞ്ഞു. പിന്നീട് എഫ്ഐആർ ഇട്ടു.
രാത്രി മുഴുവൻ മൃതദേഹം മോർച്ചറിയിൽ വച്ചു. തുടർന്ന് മിനിഞ്ഞാന്ന് രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി.
എന്നാൽ പിറ്റേന്ന് രാവിലെ 11 ആയിട്ടും പോസ്റ്റ്മോർട്ടം നടന്നില്ല. ഡോക്ടർ കോടതി കേസുമായി ബന്ധപ്പെട്ട് ഊട്ടിയിലാണെന്നും ബത്തേരിയിൽ പോസ്റ്റ്മോർട്ടം നടക്കില്ലെന്നും അറിയിപ്പു വന്നു.
തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു.മാനന്തവാടി ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം മണിക്കൂറുകളോളം ആംബുലൻസിൽ തന്നെ വച്ചു.
അപ്പോഴേക്കും മരണം നടന്ന് 24 മണിക്കൂർ പിന്നിട്ടിരുന്നു. വൈകിട്ട് മൂന്നരയോടെ മോർച്ചറിയിൽ കയറ്റി.
ഒപ്പമുള്ളവർ പുറത്ത് കാത്തിരുന്നു.വൈകിട്ട് അഞ്ചരയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തിരികെ കിട്ടിയെങ്കിലും രാത്രിയാത്രാ നിരോധനത്തിന്റെ പേരിൽ റോഡ് അടച്ചതിനാൽ ബാവലി വഴി കൊണ്ടു പോകാനായില്ല. തുടർന്ന് വീണ്ടും ബത്തേരിയിലെത്തിച്ചാണ് ഗുണ്ടൽപേട്ടിലേക്ക് കൊണ്ടു പോയത്.
രാത്രിയോടെയാണ് വീട്ടിലെത്തിക്കാനായത്.സിദ്ദരാജിന്റെ മൃതദേേഹം വൈകിയതിന് സമാനമായി അതേ ദിവസം തന്നെ രണ്ടു കേസുകൾ കൂടി ഉണ്ടായി.
മീനങ്ങാടി താഴത്തു വയൽ സ്വദേശി ലീല ഗോപിനാഥിന്റെ അസ്വഭാവിക മരണം നടന്നത് 16ന് വൈകിട്ട്. ബത്തേരിയിലെത്തച്ചെങ്കിലും പോസ്റ്റ്മോർട്ടം നടന്നില്ല.തുടർന്ന് മാനന്തവാടിയിലേക്ക്.
17ന് വൈകിട്ടുവരെ കാക്കേണ്ടി വന്നു പോസ്റ്റ്മോർട്ടം പൂർത്തിയാക്കാൻ. മേപ്പാടി വിംസ് ആശുപത്രിയിൽ മരിച്ച 6 വയസ്സുകാരൻ മുഹമ്മദ് മാസിന്റെ മൃതദേഹവും ബത്തേരിയിൽ ഡോക്ടറില്ലെന്ന കാരണത്താൽ മാനന്തവാടിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു.
ബത്തേരി ആശുപത്രിയിലെ ഡോക്ടർ പ്രശ്നത്തിനു പുറമേ രാത്രിയാത്രാ നിരോധനവും ബത്തേരി– ഗുണ്ടൽപേട്ട മേഖലയിലുള്ളവരെ ഏതു വിധത്തിൽ ബാധിക്കുന്നു എന്നതാണ് ഈ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

