ചാത്തന്നൂർ ∙ മഴ മാറിയതോടെ ദേശീയപാതയിൽ പൊടി ശല്യം രൂക്ഷം. ഇത്തിക്കര വളവ് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ പൊടിശല്യം കാരണം യാത്രക്കാരും പരിസരവാസികളും വലയുകയാണ്.
പൊടിശല്യം ഒഴിവാക്കുന്നതിനു വെള്ളം തളിക്കുന്നതിൽ ദേശീയപാത നിർമാണ കമ്പനി അലംഭാവം കാട്ടുകയാണെന്നു പരാതി ഉയർന്നിട്ടുണ്ട്.
ദേശീയപാത നിർമാണം നടക്കുന്ന ഇത്തിക്കര വളവിൽ പാത സഞ്ചാരയോഗ്യം ആക്കാതെ ആണു വാഹനങ്ങൾ തിരിച്ചുവിടുന്നത്. പാതയിലെ മെറ്റൽ ഇളകി വാഹനങ്ങൾക്കു കടന്നുപോകാൻ ബുദ്ധിമുട്ടായിട്ടുണ്ട്.
ഇവിടം താൽക്കാലികമായി ടാർ ചെയ്യാത്തതിനാലാണു വലിയ തോതിൽ പൊടിപടലം ഉയരുന്നത്. ഇരുചക്രവാഹന യാത്രക്കാരും എസി ഇല്ലാത്ത മറ്റു വാഹനങ്ങളിലെത്തുന്ന യാത്രക്കാരും ഇതുവഴി പോകുമ്പോൾ പൊടി തിന്നുകയാണ്.
നിർമാണ കമ്പനിയുടെ പ്ലാന്റ് ഇതിനു സമീപം ആയതിനാൽ വലിയ ലോറികൾ ഇടവേള ഇല്ലാതെ എത്തും. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യം കൂടും.
പൊടിശല്യം കുറയ്ക്കാൻ വെള്ളം ഒഴിച്ചാൽ റോഡിലെ കുഴികളിൽ കെട്ടി നിന്നു വാഹനങ്ങളെ അപകടത്തിൽപ്പെടുത്തും എന്നും പറയപ്പെടുന്നു.
ഒട്ടേറെ വാഹനങ്ങൾ ഇവിടെ പല രീതിയിൽ അപകടത്തിൽപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് പ്ലൈവുഡ് കയറ്റി വന്ന മിനി ലോറി റോഡിലെ കുഴിയിൽ അകപ്പെട്ടു തകരാറിലായി.
പ്ലൈവുഡ് ചെരിഞ്ഞു ലോറി മറിയുന്ന അവസ്ഥയെത്തിയിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു താങ്ങി നിർത്തി പിന്നീടു പ്ലൈവുഡ് മറ്റൊരു ലോറിയിലേക്കു മാറ്റുകയായിരുന്നു. തിരക്കേറിയ ചാത്തന്നൂർ ജംക്ഷനിലെ അടിപ്പാത ടാർ ചെയ്യാത്തതും പൊടിശല്യം കൂട്ടിയിട്ടുണ്ട്. സർവീസ് റോഡിലും മറ്റും അടിഞ്ഞു കൂടിയ മണ്ണ് കാറ്റിൽ പറന്നു യാത്രക്കാരുടെ കണ്ണിൽ പതിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

