അമ്പലവയൽ ∙ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന മാറ്റത്തിൽ ആശങ്കയോടെ തൊഴിലാളികൾ. മഹാത്മാഗാന്ധിയുടെ പേരിലുള്ള പദ്ധതിയുടെ പേരിൽ മാത്രമല്ല, തൊഴിലുറപ്പ് വേതനത്തിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തികബാധ്യത കുറയ്ക്കുന്നതുൾപ്പെടെയുള്ള പുതിയ നിബന്ധനകൾ പദ്ധതിക്കു തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്.
തൊഴിൽദിനങ്ങൾ 125 ആയി വർധിക്കുമെന്നതു സന്തോഷകരമാണെങ്കിലും പുതിയ മാറ്റങ്ങൾ ഏതുതരത്തിൽ പ്രതിഫലിക്കുമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നു തൊഴിലാളികൾ പറയുന്നു.
വയനാടിനും വിനയാകുമോ?
വയനാട്ടിൽ ഒന്നര ലക്ഷത്തോളം കുടുംബങ്ങളാണ് തൊഴിലുറപ്പിന്റെ ഭാഗമായിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം പേരുടെയും പ്രധാനപ്പെട്ട
ഉപജീവന മാർഗവും തൊഴിലുറപ്പ് പദ്ധതിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 206 കോടി ചെലവഴിച്ച് 43.
76 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തിയത് ജില്ലയാണ്. തൊഴിലാളികൾക്ക് കൂലിയായി മാത്രം 147.75 കോടി നൽകിയത് വലിയ നേട്ടമായി.
കഴിഞ്ഞ സാമ്പത്തിക വർഷം 2,55,000 കുടുംബങ്ങൾ ജില്ലയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ 15000 കുടുംബങ്ങൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.
മികച്ച രീതിയിൽ പദ്ധതി നടപ്പാക്കുന്നതിന് ഒട്ടേറെ ദേശീയ അംഗീകാരങ്ങളും ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്.
പുതിയ ഭേദഗതിയിൽ നിലവിലുള്ളതിൽ നിന്ന് എന്തെക്കെ മാറ്റങ്ങൾ വരുമെന്നതിലും ജില്ലയുടെ സാഹചര്യത്തിൽ അതെങ്ങനെ ബാധിക്കുമെന്നതിലും തൊഴിലുറപ്പ് തൊഴിലാളികൾ ആശങ്കയിലാണ്. ജില്ലയിൽ ആദിവാസി വിഭാഗത്തിലുള്ളവർ ഏറെയുള്ള പദ്ധതികളിലൊന്നാണ് തൊഴിലുറപ്പ്.
22000 കുടുംബങ്ങളിൽ നിന്നുള്ളവരാണ് പദ്ധതിയിൽ സ്ഥിരമായി പങ്കാളികളാവുന്നവർ.
തൊഴിൽദിനങ്ങൾക്കൊപ്പം കൂലിയും കൂട്ടണമെന്ന് ആവശ്യം
സാമ്പത്തിക വർഷാരംഭമായ ഏപ്രിൽ മുതലുള്ള തൊഴിൽദിനങ്ങളിൽ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ ആകുമ്പോഴേക്കും ഭൂരിഭാഗം തൊഴിലാളികളും 100 ദിവസം പൂർത്തിയാക്കും. അതുകൊണ്ട് പിന്നീടുള്ള മാസങ്ങൾ തൊഴിലില്ലാത്ത അവസ്ഥ വരും.
25 തൊഴിൽ ദിനങ്ങൾ വർധിക്കുന്നത് നേട്ടമാകുമെങ്കിലും അതോടൊപ്പം കൂലിയും വർധിപ്പിക്കണമെന്ന അഭിപ്രായം തൊഴിലാളികൾക്കുണ്ട്.
വിളവെടുപ്പ് കാലത്ത് 60 ദിവസം തൊഴിലുറപ്പ് തൊഴിൽ നിർത്തിവയ്ക്കുന്നത് കാര്യമായി ബാധിക്കില്ലെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. നിലവിൽ പണിക്ക് വരുന്ന തൊഴിലാളികളിലേറെയും ജില്ലയിൽ വിളവെടുപ്പ് കാലത്ത് അതിനായി പോകുന്നവരാണ്.
ആ സമയങ്ങളിൽ തൊഴിലുറപ്പിനായി എത്തുന്നവരുടെ എണ്ണം വളരെ കുറയുകയും ചെയ്യും.
അൻപതിലേറെ തൊഴിലാളികളുണ്ടായിരുന്ന ഇടങ്ങളിൽ പതിനഞ്ചിൽ താഴെ മാത്രം തൊഴിലാളികളാണ് കാലയവളവിലുണ്ടാകുക. ചിലപ്പോൾ അതിലും കുറയും.സംസ്ഥാനങ്ങൾക്ക് 40 ശതമാനം ചെലവ് വഹിക്കേണ്ടിവരും.
ചെലവ് അധികമായാൽ ആ ബാധ്യതയും സംസ്ഥാനത്തിനാണ്.
ഫണ്ട് തീരുമ്പോഴും വിളവെടുപ്പ് കാലത്തും തൊഴിൽ നിഷേധിക്കപ്പെടുമെന്നതും പ്രതിപക്ഷപാർട്ടികളുടെ എതിർപ്പിനു കാരണമായിട്ടുണ്ട്. ഏതൊക്കെ പ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതി വേണമെന്ന കാര്യത്തിലും കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ ബാധകമാകുമ്പോൾ നിലവിൽ തൊഴിലുറപ്പ് പദ്ധതിയിലെ പല ഗുണഭോക്താക്കളും പുറത്തായേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പദ്ധതി നടത്തിപ്പിൽ ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും പങ്കാളിത്തം കുറയും.
ബയോമെട്രിക് ഓതന്റിക്കേഷൻ, ഡാഷ്ബോർഡുകൾ, ജിയോ ടാഗിങ് തുടങ്ങിയവ നിർബന്ധമാണ്. ഇതു സാങ്കേതിപരിജ്ഞാനം കുറഞ്ഞവരേറെയുള്ള ഗ്രാമീണമേഖലകളിൽ ഒട്ടേറെപ്പേരെ പ്രയാസത്തിലാക്കും. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതിനാലോ രാഷ്ട്രീയ കാരണങ്ങളാലോ കേന്ദ്രവിഹിതം കുറഞ്ഞാൽ പദ്ധതിയെ പ്രതികൂലമായി ബാധിക്കും
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനോട് യോജിപ്പില്ല.
വർഷങ്ങളായി കേട്ടും പറഞ്ഞും ശീലിച്ചത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നാണ്. തൊഴിൽ ദിവസങ്ങൾ കൂട്ടുന്നതിനൊപ്പം തന്നെ കൂലി ഉയർത്തുകയും വേണം.
വിളവെടുപ്പ് കാലത്ത് തൊഴിലുറപ്പ് പദ്ധതി നിർത്തിവച്ചാൽ തൊഴിലാളികൾക്കും കർഷകർക്കും ഉപകാരമായി മാറും.
രാജി ബെന്നി ഇടയത്ത്കായക്കുന്ന്
തൊഴിലുറപ്പ് പദ്ധതിയിലെ ഫോട്ടോയെടുപ്പാണ് ഏറ്റവും മടുപ്പുണ്ടാക്കുന്നത്. രാവിലെയും ഉച്ചയ്ക്കും ഫോട്ടോയെടുക്കാൻ കിലോമീറ്ററുകൾ നടക്കണം.
ഓട്ടോ വിളിച്ചും മറ്റുമാണ് ഫോട്ടോയെടുക്കാൻ പോകുന്നത്. അതാത് ജോലി സ്ഥലത്തു നിന്നു തന്നെ ഫോട്ടോയെടുത്ത് ഹാജർ ഉറപ്പാക്കണം.
അല്ലെങ്കിൽ മുൻപുണ്ടായിരുന്ന രീതിയിൽ മസ്റ്റ്റോൾ പ്രകാരം ഹാജർ ഉറപ്പാക്കണം.
ബിൻസി ചാക്കോ വേളാമറ്റത്തിൽ കബനിഗിരി
തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ മാറ്റങ്ങളിൽ ആശങ്കയുണ്ട്. തൊഴിലുറപ്പിലെ കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണം.
പുതിയ മാറ്റങ്ങൾ വരുന്നതോടെ പതിയെ പതിയെ പദ്ധതി നിന്നു പോകുമോയെന്ന ആശങ്കയുണ്ട്. പാവപ്പെട്ട
ലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പദ്ധതിയാണിത്.
സാലി കുര്യാക്കോസ് എടവക
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

