കോഴിക്കോട്∙ രാഷ്ട്രീയം എന്നാൽ പണിയൊന്നും ഇല്ലാത്തവർക്കുള്ളതാണോ? രാഷ്ട്രീയക്കാരൻ എന്നാൽ വെറുക്കപ്പെടേണ്ടവനാണോ? പുതിയ തലമുറ രാഷ്ട്രീയത്തിൽനിന്ന് അകലം പാലിക്കുന്നുണ്ടോ? മാറിയ കാലത്തെ ചോദ്യങ്ങൾക്ക് ഉത്തരവുമായി മലയാള മനോരമ സംഘടിപ്പിച്ച ‘യുവത്വവും രാഷ്ട്രീയവും’ ചർച്ച ശ്രദ്ധേയമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട
ഇ.അനൂപ് (സിപിഎം), കോർപറേഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ട ടി.പി.എം.ജിഷാൻ (മുസ്ലിം ലീഗ്), ടി.റനീഷ് (ബിജെപി) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഇ.അനൂപ് (നിയുക്ത ജില്ലാ പഞ്ചായത്ത് അംഗം)
ജനാധിപത്യത്തിന്റെ കാവൽക്കാരാണു രാഷ്ട്രീയ പാർട്ടികൾ.
ഓരോ അവകാശത്തിന്റെ അംശവും നമുക്ക് ലഭിച്ചത് രാഷ്ട്രീയ പോരാട്ടത്തിന്റ ഭാഗമായിട്ടാണ്. യുവത്വം എങ്ങും പോയിട്ടില്ല, ഈ നാട്ടിൽ തന്നെയുണ്ട്.
പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിനു മുൻപിൽ നിന്നതു യുവാക്കളാണ്. വീട്ടിലിരുന്ന് ഫോൺ ഉപയോഗിച്ച് നാട്ടുകാരെ രക്ഷിച്ച എത്രയോ യുവാക്കളുണ്ട്. പാർലമെന്ററി രംഗം മാത്രമല്ല.
ആശുപത്രിയിൽ ചോറു കൊടുക്കുന്നതും നാട്ടുകാർക്കു രക്തം എത്തിച്ചു കൊടുക്കുന്നതും രാഷ്ട്രീയമാണ്.
എനിക്കു സുരക്ഷിതത്വ ബോധം നൽകിയത് രാഷ്ട്രീയ പ്രവർത്തനമാണ്. ലഹരിയിൽ നിന്ന് എന്നെ സംരക്ഷിച്ചതും ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയമാണ്.
രാഷ്ട്രീയം എന്താണെന്നു പറഞ്ഞു കൊടുക്കാൻ രക്ഷിതാക്കൾ തയാറാകണം. മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ചു രാഷ്ട്രീയ രീതികളും മാറണം.
ടി.റനീഷ് (നിയുക്ത കൗൺസിലർ, പൊറ്റമ്മൽ)
ചില രാഷ്ട്രീയക്കാരെ ജനം വെറുക്കുന്നുണ്ടെന്നതു യാഥാർഥ്യമാണ്.
രാഷ്ട്രീയം ബിസിനസായി കാണുന്നവരുണ്ട്. എന്നാൽ, അങ്ങനെ ആകരുത് രാഷ്ട്രീയം.
പണ്ടൊക്കെ കല്യാണ വീട്ടിലും മരണ വീട്ടിലും കാര്യങ്ങൾ ചെയ്തു കൊടുത്തിരുന്നത് പൊതു പ്രവർത്തകരാണ്. ഇന്നങ്ങനെയല്ല സ്ഥിതി.
ഇന്ന് നമ്മളുടെ കുട്ടികളെ സ്വന്തം കാര്യം നോക്കാൻ വേണ്ടി മാത്രമാണ് പഠിപ്പിക്കുന്നത്. മറ്റുള്ളവരെ സഹായിക്കാൻ പഠിപ്പിക്കുന്നില്ല.
ആശയപരമായ വ്യത്യാസം രാഷ്ട്രീയക്കാർ തമ്മിലുണ്ടെങ്കിലും സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാകണം.
രാഷ്ട്രീയക്കാരൻ നല്ല വസ്ത്രം ധരിക്കരുത്, നല്ലപോലെ ജീവിക്കരുതെന്നും കരുതുന്നവരുമുണ്ട്. എന്നാൽ, അങ്ങനെയല്ല രാഷ്ട്രീയക്കാരൻ.
നല്ല പോലെ ജീവിക്കണം, നല്ല വസ്ത്രം ധരിക്കണം, സ്വന്തം കുടുംബത്തെ നല്ല പോലെ നോക്കണം. രാഷ്ട്രീയ പ്രവർത്തനം തുടങ്ങേണ്ടതു സ്വന്തം കുടുംബത്തിൽ നിന്നാണ്.
സ്വന്തം കുടുംബത്തെ നോക്കാൻ കഴിയാതെ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടു കാര്യമില്ല.
ടി.പി.എം.ജിഷാൻ (നിയുക്ത കൗൺസിലർ, മുഖദാർ)
മുഖദാർ വാർഡിലെ പതിമൂവായിരത്തോളം വോട്ടർമാരിൽ 34% പേരും 18 മുതൽ 34 വയസ്സ് പ്രായപരിധിയിലുള്ളവരാണ്. പ്രചാരണത്തിനു പോയപ്പോൾ മനസ്സിലായി, നമ്മളെക്കാൾ മുൻപന്തിയിലാണ് യുവാക്കളുടെ ചിന്തയെന്ന്. ഒരു കുട്ടി എന്നോടു പറഞ്ഞത് ഓട
നന്നാക്കുന്ന, റോഡ് നന്നാക്കുന്ന ആളുകളായല്ല നിങ്ങളെ കാണുന്നത്.
പകരം ഈ റോഡിലൂടെ ഞങ്ങൾക്കു സുരക്ഷിതമായി ഇറങ്ങി നടക്കാൻ തെരുവ് നായ പ്രശ്നത്തിൽ നിങ്ങൾ എന്ത് നിയമനിർമാണമാണു നടത്താൻ ഉദ്ദേശിക്കുന്നതെന്ന്? എന്തു പരിഹാരമാണ് ഉള്ളതെന്നാണ്. യുവാക്കളോട് ചോദിക്കുമ്പോഴൊക്കെ അവർ രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ടെന്നാണു പറയുന്നത്. വോട്ടു ചേർക്കാനും വോട്ടു ചെയ്യാനുമൊക്കെ യുവാക്കൾക്കു വലിയ ആവേശമാണെന്നു ഇപ്പോൾ മനസ്സിലായി.
‘ചോദ്യത്തിലോട്ട്’ ക്വിസ്: സമ്മാനങ്ങൾ നൽകി
കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലയാള മനോരമയും റെയ്ഗേറ്റ് ബിൽഡേഴ്സും ചേർന്നു നടത്തിയ ‘ചോദ്യത്തിലോട്ട്’ ക്വിസ് മൽസരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
ബംപർ സമ്മാനമായ 10000 രൂപ വി.കെ.ലജിത് കുമാറിനും നറുക്കെടുപ്പിലൂടെ 5000 രൂപ വീതമുള്ള സമ്മാനം പരുത്തിപ്പാറ സ്വദേശി എം.ടി.ഉസ്മാൻ, ചാലപ്പുറം സ്വദേശി പി.അബ്ദുൽ മജീദ് എന്നിവർക്കും റെയ്ഗേറ്റ് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ പോൾ തോമസ് നൽകി. റെയ്ഗേറ്റ് ഡയറക്ടർ ഉണ്ണിമാധവൻ, മലയാള മനോരമ സീനിയർ കോ–ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 10 ദിവസത്തെ വിജയികളായ എഴുപതോളം പേരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

