തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കു ക്രെയിനുകളുമായി ചൈനയിൽനിന്നു പുറപ്പെട്ട കപ്പൽ ഒക്ടോബർ നാലിന് എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കപ്പൽ സ്വീകരിക്കുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും ഈ മാസം 20നു മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ ഒക്ടോബർ അവസാനവാരം രാജ്യാന്തര ഷിപ്പിങ് കോൺക്ലേവ് തിരുവനന്തപുരത്തു സംഘടിപ്പിക്കും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് അദാനി പോർട്സിനു കരാർ പ്രകാരം നൽകാനുള്ള തുക പൂർണമായും നൽകാനാകാത്തത്. ഇതുവരെ ലഭിച്ച ബില്ലിൽ 84 കോടിയാണ് ഉടൻ കൊടുത്തുതീർക്കാനുള്ളത്. അതു വൈകാതെ കൊടുക്കും. കേന്ദ്രസർക്കാർ നൽകേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ പകുതിയും ഉടൻ ലഭിക്കും. വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണത്തിനു കാരണമായിട്ടുണ്ടോയെന്നു പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിക്ക് ഇനി സമയം നീട്ടി നൽകില്ല.
ഇപ്പോൾ നീട്ടി നൽകിയ സമയത്തിനകത്തു റിപ്പോർട്ട് ലഭ്യമാക്കുമെന്നു തുറമുഖ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) എംഡി ഡോ.അദീല അബ്ദുല്ല എന്നിവർ പറഞ്ഞു. ആകെ നാലു കപ്പലുകളിലാണു തുറമുഖത്തേക്കുള്ള ക്രെയിനുകൾ എത്തിക്കുന്നത്. നവംബർ 14നകം നാലു കപ്പലുകളും എത്തിച്ചേരുമെന്ന് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ രാജേഷ് ഝാ, ഓപ്പറേഷൻസ് മേധാവി സുശീൽ നായർ എന്നിവർ പറഞ്ഞു.
Content Highlight: Vizhinjam Port
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]