കോഴിക്കോട് ∙ കാണാതായ വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ മൃതദേഹം കണ്ടെടുക്കാൻ നടത്തിയ പരിശോധനയുടെ ഭാഗമായി നിക്ഷേപിച്ച മണ്ണ് ഇതുവരെ നീക്കിയില്ല. സരോവരം തണ്ണീർത്തട പ്രദേശത്ത് ചതുപ്പിൽ പരിശോധന നടത്താനാണ് 3 മാസം മുൻപ് പൊലീസ് മണ്ണിട്ട് തണ്ണീർത്തടം നികത്തിയത്.
സർക്കാർ ചെലവിൽ, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തണ്ണീർത്തടം മണ്ണിട്ടു നികത്തിയ സ്ഥലം വാഹന പാർക്കിങ് കേന്ദ്രമായി മാറി. പ്രതിഷേധവുമായി സരോവരം പ്രകൃതി സംരക്ഷണ സമിതി രംഗത്ത്.
കഴിഞ്ഞ ജൂൺ അവസാനമാണ് വിജിലിന്റെ മൃതദേഹം കണ്ടെത്താൻ പൊലീസ് സംഘം സരോവരത്ത് എത്തിയത്.
ചതുപ്പിൽ 3 ദിവസം പരിശോധന നടത്തിയെങ്കിലും മൃതദേഹ അവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ റോഡിൽ നിന്നു 100 മീറ്റർ മാറി ചതുപ്പ് പ്രദേശത്ത് മൃതദേഹം കുഴിച്ചിട്ടതായി പൊലീസ് കണ്ടെത്തി.
എന്നാൽ ഈ ഭാഗത്തേക്ക് മണ്ണുമാന്തി യന്ത്രം എത്തിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയ സ്ഥലം വരെ താൽക്കാലിക റോഡ് നിർമിക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ലോറിയിൽ മണ്ണ് എത്തിച്ചെങ്കിലും ആദ്യ ദിവസം സരോവരം പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.
എന്നാൽ മൃതദേഹം പുറത്തെടുത്ത ശേഷം മണ്ണ് നീക്കം ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് സ്ഥലത്ത് 46 ലോഡ് മണ്ണിട്ടു നികത്തി.
പിന്നീടാണ് മണ്ണുമാന്തി എത്തിച്ചു വെള്ളം വറ്റിച്ച് വിജിലിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തത്.
നിലവിൽ കേസ് എലത്തൂർ പൊലീസ് അന്വേഷണം പൂർത്തിയാക്കി തുടർ നടപടിക്കായി നടക്കാവ് പൊലീസിനു കൈമാറി. ഇന്നലെ ഡിഎൻഎ പരിശോധന ഫലവും ലഭിച്ചു.
എന്നിട്ടും തണ്ണീർത്തടത്തിലെ മണ്ണു നീക്കം ചെയ്യാത്തതിലാണു പ്രതിഷേധം. ഇന്ന് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തകരും നിയുക്ത കൗൺസിലറും സ്ഥലം സന്ദർശിക്കും.
മണ്ണിട്ട് നികത്തിയത് റവന്യു വിഭാഗത്തിന്റെ അനുമതിയോടെ അല്ലെന്നു റവന്യു വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

