തിരുവനന്തപുരം ∙ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച പുതിയ കേന്ദ്ര നിയമം നടപ്പായാൽ കേരളത്തിൽ നിലവിൽ പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തോളം പേരിൽ വലിയ പങ്ക് പുറത്താകാൻ സാധ്യത. തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്നാണു നിയമത്തിൽ പറയുന്നതെങ്കിലും നിലവിലുള്ള 100 ദിവസംപോലും എത്താനുള്ള സാധ്യതയും വിരളം.
പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകൾ കേന്ദ്രം വിജ്ഞാപനം ചെയ്യുക എന്നതുൾപ്പടെ നിബന്ധനകൾ നടപ്പാക്കുമ്പോൾ പദ്ധതി സ്വാഭാവികമായും ചുരുങ്ങും.
ഇപ്പോൾ പദ്ധതിയിലുൾപ്പെട്ടവരിൽ വലിയൊരു വിഭാഗത്തിന് തൊഴിൽനഷ്ടമാകും ഫലം; തൊഴിൽദിനങ്ങളും കുറയും. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്ന നിബന്ധനയും തൊഴിൽദിനങ്ങൾ ഗണ്യമായി കുറയാൻ ഇടയാക്കും.
ഫലത്തിൽ പദ്ധതി ഗുണഭോക്താക്കളായ ലക്ഷക്കണക്കിനുപേരുടെ വരുമാനമാർഗത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാകും പുതിയ നിയമം.
തൊഴിലുറപ്പിലൂടെ നടപ്പാക്കിയിരുന്ന കാർഷികജോലികൾ, ജലാശയ പുനരുദ്ധാരണം, മാലിന്യസംസ്കരണം തുടങ്ങിയവയെയും പുതിയ നീക്കം പ്രതികൂലമായി ബാധിക്കും. ഇത് സാമൂഹിക – പരിസ്ഥിതി ആഘാതം സൃഷ്ടിക്കും.
ഉപാധികൾ കെണിയാകും
നിലവിൽ 4000 കോടിയോളം രൂപയാണ് തൊഴിലുറപ്പു പദ്ധതിയുടെ വാർഷികവിഹിതമായി കേരളത്തിനു ലഭിക്കുന്നത്.
പദ്ധതിച്ചെലവിന്റെ 40% സംസ്ഥാനം വഹിക്കണമെന്ന പുതിയ നിബന്ധന കടുത്ത സാമ്പത്തികപ്രതിസന്ധിയിലുള്ള കേരളത്തിനു വെല്ലുവിളിയാണ്. ഇതനുസരിച്ച് 1600 കോടി ഇനി കേരളം മുടക്കേണ്ടിവരും.
മാത്രമല്ല, കേന്ദ്രം ഉപാധികളോടെയാകും ഇനി ഫണ്ട് അനുവദിക്കുക. അതിലേറെ ചെലവായാൽ അതു പൂർണമായും സംസ്ഥാനം വഹിക്കേണ്ടിവരും.
വേതനം വൈകിയാൽ നഷ്ടപരിഹാരവും തൊഴിൽ ഇല്ലെങ്കിൽ അലവൻസും പൂർണമായും വഹിക്കേണ്ടതും സംസ്ഥാനംതന്നെ.
പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ മറ്റു കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം തടഞ്ഞ പശ്ചാത്തലമുള്ളപ്പോഴാണ് സമാനമായ മാതൃക തൊഴിലുറപ്പിലേക്കും വരുന്നത്. മറ്റു പല പദ്ധതികളിലുമെന്നപോലെ കേന്ദ്ര – സംസ്ഥാന വിഹിതം കുടിശികയായാൽ തൊഴിലുറപ്പും കടുത്ത പ്രതിസന്ധിയിലാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

