രാജ്യത്ത് സാമ്പത്തിക അസമത്വം കുത്തനെ കുറഞ്ഞെന്നും പണക്കാരും പാവപ്പെട്ടവരും തമ്മിലെ അന്തരം കുറയുകയാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ ലോകത്ത് ഏറ്റവും ഉയർന്ന അസമത്വമുള്ള രാജ്യമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ‘വേൾഡ് ഇൻ ഇക്വാലിറ്റി’ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേക്കുറിച്ച് ധനമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു നിർമല.
രാജ്യത്തിന്റെ സ്വത്തിൽ 40 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം പേരുടെ കൈവശമാണെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, രാജ്യത്ത് സാമ്പത്തിക അസമത്വം കുറയുകയാണെന്നും പ്രത്യേകിച്ച് നഗരങ്ങളിൽ ഇത് പ്രകടമാണെന്നും നിർമല പറഞ്ഞു.
സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ വീടുകളിൽ മൊബൈൽഫോൺ, ടിവി, ടൂവീലർ, റഫ്രിജറേറ്റർ തുടങ്ങിയവയുള്ളവരുടെ എണ്ണം വലിയതോതിൽ കൂടിയെന്ന് നിർമല അഭിപ്രായപ്പെട്ടു. റഫ്രിജറേറ്ററുകൾ പണ്ട് ആഡംബര വസ്തുവായിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെയല്ലെന്നും ധനമന്ത്രി പറഞ്ഞു.
ഇതിനിടെ, മുൻ പ്രതിരോധമന്ത്രി എ.കെ.
ആന്റണിയെക്കുറിച്ചുള്ള നിർമലയുടെ പരാമർശം പാർലമെന്റിൽ വലിയ ബഹളത്തിനിടയാക്കി. ഒരു മുൻ പ്രതിരോധമന്ത്രി സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് ലോക്സഭയിൽ പറയേണ്ട
ഗതികേടുണ്ടായിട്ടുണ്ടെന്നായിരുന്നു നിർമല പറഞ്ഞത്. കേരളത്തിൽ നിന്നുള്ള ഒരു മന്ത്രിയാണെന്നു പറഞ്ഞ നിർമല, ആന്റണിയുടെ പേരെടുത്ത് പരാമർശിച്ചില്ല.
എന്തായാലും പരാമർശം നടത്തിയ സ്ഥിതിക്ക് മന്ത്രിയുടെ പേര് പറയണമെന്നായി പ്രതിപക്ഷം. നിർമല ഇതിനു വഴങ്ങിയില്ല.
വേണമെങ്കിൽ സ്വന്തമായി കണ്ടുപിടിക്കാനും പറഞ്ഞു.
തുടർന്ന് ബഹളമായതോടെ, നിർമല നടത്തിയ പരാമർശം പാർലമെന്റിന്റെ ചട്ടപ്രകാരം തടസ്സമുള്ളതല്ലെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞു. ഇതിനിടെ ചില സംസ്ഥാനങ്ങളിൽ കടവും ജിഡിപിയും തമ്മിലെ അനുപാതം കൂടുകയാണെന്നും ഇതു കേന്ദ്രവും സംസ്ഥാനവും ചേർന്ന് പരിഹരിക്കേണ്ടതാണെന്നും നിർമല പറഞ്ഞു.
ആർബിഐയുടെ സമീപകാല റിപ്പോർട്ട് പ്രകാരം രാജ്യത്ത് കുടുംബങ്ങളുടെ കടം 2024-25ൽ ജിഡിപിയുടെ 4.7 ശതമാനമാണ്. 2018-19ൽ 3.9 ശതമാനമായിരുന്നു.
എന്നാൽ, കോവിഡ്കാലത്തിനു ശേഷമുള്ള 2023-24ലെ 6.2 ശതമാനത്തെ അപേക്ഷിച്ച് കുറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ ‘ചത്ത സമ്പദ്വ്യവസ്ഥ’ എന്നു വിശേഷിപ്പിച്ചതിനും നിർമല മറുപടി പറഞ്ഞു. കഴിഞ്ഞ ത്രൈമാസത്തിൽ ആഗോള ജിഡിപി വളർച്ച 3.2 ശതമാനം മാത്രമാണെന്നും ഇന്ത്യ 8.2% മുന്നേറി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന നേട്ടം നിലനിർത്തിയെന്നും നിർമല പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

