യുഡിഎഫ്
ഭൂരിപക്ഷമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗങ്ങൾ 19 മുതലുള്ള ദിവസങ്ങളിൽ ചേരുമെന്നു ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിലെ യോഗങ്ങൾ അതിനു ശേഷം.അധ്യക്ഷരെ നിശ്ചയിക്കുന്നതിൽ കെപിസിസി മാർഗനിർദേശം നൽകുമെന്നാണു പ്രതീക്ഷ.
ഒരുപോലെ ഉയരുന്ന പേരുകൾ അംഗീകരിക്കുക എന്നതായിരുന്നു കഴിഞ്ഞ തവണത്തെ രീതി. ഒന്നിലേറെ പേരുകൾ വന്നാൽ ഭൂരിപക്ഷം നോക്കി തീരുമാനിക്കുക എന്നും.
ഇത്തവണയും അങ്ങനെയാകാനാണു സാധ്യത.
തനിച്ചു ഭൂരിപക്ഷമില്ലാത്ത ആലപ്പുഴ നഗരസഭയിൽ സ്വതന്ത്ര അംഗത്തിന്റെ പിന്തുണ തേടിയിട്ടുണ്ട്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ചുമതലപ്പെടുത്തിയ പ്രകാരം ഡിസിസി പ്രസിഡന്റും കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂറും സ്വതന്ത്ര അംഗം ജോസ് ചെല്ലപ്പനുമായി ചർച്ച നടത്തിയിരുന്നു.
പ്രവർത്തകരോട് ആലോചിച്ചു മറുപടി നൽകാമെന്നാണു ജോസ് ചെല്ലപ്പൻ അറിയിച്ചത്.
53 അംഗ കൗൺസിലിൽ ജോസ് ചെല്ലപ്പൻ പിന്തുണച്ചാലും യുഡിഎഫിന് 24 അംഗങ്ങളേ ആകൂ. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്നാണു യുഡിഎഫിന്റെ നിലപാട്.
ഒരംഗമുള്ള പിഡിപി യുഡിഎഫ്, എൽഡിഎഫ് നേതൃത്വങ്ങളുമായി പ്രത്യേകം ചർച്ച നടത്തുന്നുണ്ട്.ജോസ് ചെല്ലപ്പന്റെ പിന്തുണ തേടാൻ എൽഡിഎഫിൽനിന്ന് അനൗദ്യോഗിക നീക്കമുണ്ടായെങ്കിലും സിപിഐ അതിനെ എതിർക്കുന്നുണ്ട്. ഇക്കാര്യം എൽഡിഎഫിൽ ആലോചിച്ചിട്ടില്ലെന്നു സിപിഐ നേതാക്കൾ പറയുന്നു.
എൽഡിഎഫ്
എൽഡിഎഫിന്റെ തദ്ദേശ സ്ഥാപന അധ്യക്ഷരെ നിശ്ചയിക്കാനുള്ള നടപടികൾ ഇന്നു തുടങ്ങുമെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.
ഇന്നു ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. അതിനുശേഷം ഏരിയ കമ്മിറ്റി യോഗങ്ങൾ ചേർന്ന് അതതു സ്ഥലങ്ങളിലെ കാര്യം ചർച്ചചെയ്യും.
അതിനുശേഷം സെക്രട്ടേറിയറ്റ് വീണ്ടും ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ വോട്ട് ചേർക്കൽ കാര്യക്ഷമമായില്ലെന്നു പാർട്ടിയിൽ അനൗദ്യോഗിക വിലയിരുത്തലുണ്ട്. പല ലോക്കൽ കമ്മിറ്റികളും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നു വിമർശനമുണ്ട്.
നഗരസഭകൾ അധ്യക്ഷരാകാൻ ആരൊക്കെ? ആലപ്പുഴ
യുഡിഎഫ് വലിയ കക്ഷിയായെങ്കിലും തനിച്ചു ഭൂരിപക്ഷമില്ല. സ്വതന്ത്ര അംഗത്തെയും പിഡിപി അംഗത്തെയും ഒപ്പം നിർത്താൻ രണ്ടു മുന്നണിയും ശ്രമിക്കുന്നു.
അധ്യക്ഷസ്ഥാനം വനിതാ സംവരണം. എൽഡിഎഫിന് അധികാരം ലഭിച്ചാൽ മുൻ അധ്യക്ഷരായ കെ.കെ.ജയമ്മയ്ക്കോ സൗമ്യ രാജിനോ സാധ്യത.
യുഡിഎഫ് വന്നാൽ മുൻ അധ്യക്ഷ മോളി ജേക്കബ്, മുൻ ഉപാധ്യക്ഷ സി.ജ്യോതിമോൾ, മുൻ സ്ഥിരസമിതി അധ്യക്ഷ ഷോളി സിദ്ധകുമാർ എന്നിവരെ പരിഗണിക്കും.
ഹരിപ്പാട്
യുഡിഎഫ് ഹാട്രിക് ജയം നേടിയ നഗരസഭയിൽ കോൺഗ്രസിലെ വൃന്ദ എസ്.കുമാർ, വിജയമ്മ പുന്നൂർമഠം, ലേഖ അജിത്ത് എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. വിജയമ്മ മുൻ അധ്യക്ഷയാണ്.
വൃന്ദയും ലേഖയും മുൻപും കൗൺസിലർമാരായിട്ടുണ്ട്. അനിൽ മിത്ര, കാട്ടിൽ സത്താർ എന്നിവരെ ഉപാധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്നു.
ചേർത്തല
എൽഡിഎഫിനു ഭരണം ലഭിച്ചെങ്കിലും അധ്യക്ഷനാകാൻ സാധ്യതയുണ്ടായിരുന്ന സിപിഎമ്മിലെ എൻ.ആർ.ബാബുരാജും കെ.പി.പ്രതാപനും തോറ്റതിനാൽ ഇനിയാരെന്ന ചർച്ച തുടങ്ങിയിട്ടുണ്ട്.
ഒൻപതാം വാർഡ് അംഗവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ എസ്.സനീഷ്, കരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.സോബിൻ എന്നിവരാണു മുഖ്യപരിഗണനയിൽ.
മാവേലിക്കര
യുഡിഎഫിനു ഭൂരിപക്ഷം. അധ്യക്ഷസ്ഥാനം വനിതാ സംവരണം.
ലളിത രവീന്ദ്രനാഥ്, ടി.കൃഷ്ണകുമാരി എന്നിവർക്കു സാധ്യത. ഉപാധ്യക്ഷരായി കോൺഗ്രസിലെ കെ.ഗോപൻ, സജീവ് പ്രായിക്കര, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ എന്നിവർക്കും.
കായംകുളം
യുഡിഎഫ് ഭൂരിപക്ഷം നേടിയ നഗരസഭയിൽ അധ്യക്ഷസ്ഥാനം പട്ടികജാതി സംവരണമാണ്.
നാലാം വാർഡിലെ യുഡിഎഫ് അംഗം ശരത്ലാൽ ബെല്ലാരി അധ്യക്ഷനാകുമെന്ന് ഉറപ്പായി.
ചെങ്ങന്നൂർ
യുഡിഎഫ് ഭരണം നിലനിർത്തിയ നഗരസഭയിൽ 5 തവണ കൗൺസിലറായ കോൺഗ്രസിലെ കെ.ഷിബുരാജനു മുൻഗണന. ഉപാധ്യക്ഷസ്ഥാനം കേരള കോൺഗ്രസിലെ ടി.കുമാരിക്കു നൽകിയേക്കും.
പഞ്ചായത്തുകൾ
ചെറുതന
എൽഡിഎഫിനാണ് ഭൂരിപക്ഷം.
എട്ടാം വാർഡിൽ വിജയിച്ച ആർ.രാജേഷ് (സിപിഎം) പ്രസിഡന്റാകാൻ സാധ്യത. ഒൻപതാം വാർഡിൽനിന്നു ജയിച്ച അനിലയ്ക്കു വൈസ് പ്രസിഡന്റ് സാധ്യത.
കുമാരപുരം
എൽഡിഎഫിനു ഭരണം ലഭിച്ച പഞ്ചായത്തിൽ പി.സോണി, എ.ഷെമീർ എന്നിവരെ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചേക്കും. ആശ രാമചന്ദ്രൻ, തങ്കമ്മാൾ എന്നിവരെ വൈസ് പ്രസിഡന്റായും.
കരുവാറ്റ
യുഡിഎഫും എൽഡിഎഫും തുല്യശക്തി.
പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം. യുഡിഎഫിൽ ശ്രീലേഖ, കെ.ആർ.പുഷ്പ എന്നിവർക്കു സാധ്യത.
വൈസ് പ്രസിഡന്റായി സുരേഷ് കളരിക്കൽ, കെ.ആർ.രാജൻ എന്നിവരെ പരിഗണിച്ചേക്കും. എൽഡിഎഫിൽ പ്രസിഡന്റായി ഷീബ ഓമനക്കുട്ടനെയും വൈസ് പ്രസിഡന്റായി എസ്.സനൽകുമാർ, ആർ.മനോജ് എന്നിവരെയും പരിഗണിക്കുന്നു.
പള്ളിപ്പാട്
യുഡിഎഫിന് ഭൂരിപക്ഷം.
കീച്ചേരിൽ ശ്രീകുമാർ പ്രസിഡന്റായേക്കും. മിനി കൃഷ്ണകുമാറിനാണു വൈസ് പ്രസിഡന്റ് സാധ്യത.
വീയപുരം
യുഡിഎഫിനു ഭൂരിപക്ഷമുണ്ടെങ്കിലും പട്ടികജാതി സംവരണമായ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനു ലഭിച്ചേക്കും. യുഡിഎഫിൽനിന്നു പട്ടികജാതി വനിത ജയിച്ചില്ല.
സിപിഎമ്മിലെ പി.ഓമന പ്രസിഡന്റായേക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തു കോൺഗ്രസിലെ മോഹൻകുമാറിനു സാധ്യത.
കാർത്തികപ്പള്ളി
എൻഡിഎയ്ക്കു ഭൂരിപക്ഷം.
ഉല്ലാസ് പ്രസിഡന്റായേക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സുകു പണിക്കർ, വിനീത എന്നിവർക്കു സാധ്യത.
മാരാരിക്കുളം വടക്ക്
പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണം. 20ൽ 10 സീറ്റ് എൽഡിഎഫിനാണ്.
എൽഡിഎഫ് വന്നാൽ ഏഴാം വാർഡ് അംഗം സി.കെ.സരളയ്ക്കു സാധ്യത. കടക്കരപ്പള്ളി
14ൽ 7 സീറ്റ് യുഡിഎഫിന്.
യുഡിഎഫിനു ഭരണം ലഭിച്ചാൽ റാണി ജോർജ്, എൽ.മിനി, ജാൻസി ബെന്നി എന്നിവർക്കു സാധ്യത.
തെക്കേക്കര
എൽഡിഎഫ് അധികാരം നേടി. പ്രിയ വിനോദ്, ബിജി ഹരികുമാർ എന്നിവരെ പ്രസിഡന്റ് സ്ഥാനത്തേക്കും വി.എസ്.മോഹനൻ, ജി.വിഷ്ണു, സിപിഐ പ്രതിനിധി ജിജി ജോർജ് എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിക്കുന്നു.
ചെട്ടികുളങ്ങര
എൽഡിഎഫിനു ഭരണം. പ്രസിഡന്റായി ആർ.ഗീതാലക്ഷ്മിയെയും വൈസ് പ്രസിഡന്റായി ആർ.ധനേഷ് കുമാറിനെയും പരിഗണിക്കുന്നു.
തഴക്കര
എൽഡിഎഫ് അധികാരത്തിലെത്തിയ പഞ്ചായത്തിൽ പ്രസിഡന്റായി ഷീല രവീന്ദ്രനുണ്ണിത്താൻ, വൈസ് പ്രസിഡന്റായി ആർ.ശശികുമാർ എന്നിവരുടെ പേരുകളാണു മുന്നിൽ.
പള്ളിപ്പുറം
യുഡിഎഫും എൻഡിഎയും 7 സീറ്റ് വീതം. എൽഡിഎഫിന് 5.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സാധ്യതകൾ ആർക്കൊക്കെയെന്നു വ്യക്തമല്ല. അരൂക്കുറ്റി 15ൽ 7 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായ എൽഡിഎഫ് ഭരിച്ചേക്കും.
പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം. സിപിഎമ്മിലെ ബിനിത പ്രമോദ് പ്രസിഡന്റായേക്കും.
പെരുമ്പളം
14ൽ 11 സീറ്റുള്ള എൽഡിഎഫ് ഭരിക്കും.
സിപിഎമ്മിലെ സി.ആർ.ഗിരീഷ്, സിജി സിങ് എന്നിവർക്കു പ്രസിഡന്റ് സ്ഥാനത്തു സാധ്യത. പാണാവള്ളി
എൽഡിഎഫിനു ഭൂരിപക്ഷം.
സിപിഎമ്മിലെ കെ.ബി.ബാബുരാജ് പ്രസിഡന്റായേക്കും.
തൈക്കാട്ടുശേരി
16ൽ 7 സീറ്റ് നേടിയ എൽഡിഎഫ് വലിയകക്ഷി. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം.
സിപിഎമ്മിലെ ശ്രീദേവി സുരേഷ്കുമാർ, നിഷ അപ്പച്ചൻ, വർഷ ചിത്രൻ എന്നിവർക്കു മുൻഗണന. താമരക്കുളം
എൽഡിഎഫിനും യുഡിഎഫിനും 7 സീറ്റ് വീതം.
എൻഡിഎയ്ക്ക് 3. എസ്ഡിപിഐയ്ക്ക് ഒന്ന്.
മുന്നണിക്കു പുറത്തുനിന്നു പിന്തുണ വേണ്ടെന്ന നിലപാടാണ് എൽഡിഎഫിനും യുഡിഎഫിനും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പു നടന്നേക്കും.
പത്തിയൂർ
സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.ബി.പ്രശാന്ത്, ജി.ഹരികുമാർ എന്നിവർക്കു സാധ്യത.
ദേവികുളങ്ങര
അമ്പിളിക്കലയെ സിപിഎം പരിഗണിക്കുന്നു. കൃഷ്ണപുരം
യുഡിഎഫ് ഭൂരിപക്ഷം നേടിയ പഞ്ചായത്തിൽ ജെസി കോശി, ശിവ ലാൽ എന്നിവർക്കു സാധ്യത.
ചേപ്പാട്
എൽഡിഎഫിനും യുഡിഎഫിനും 7 സീറ്റ് വീതം.
സ്വതന്ത്ര അംഗം ടി.തുളസിയുടെ നിലപാട് നിർണായകമാകും. ഇവർക്ക് എൽഡിഎഫ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായി അറിയുന്നു.
ചെറിയനാട്
ആർക്കും ഭൂരിപക്ഷമില്ല. യുഡിഎഫിനും എൽഡിഎഫിനും 6 സീറ്റ്, എൻഡിഎയ്ക്ക് 4.
പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ സാധ്യത.
ഭരണിക്കാവ്
എൽഡിഎഫിനാണു ഭൂരിപക്ഷം. ഒന്നാം വാർഡ് അംഗം ജി.രമേശ്കുമാറും 15ാം വാർഡ് അംഗം എ.എം.ഹാഷിറും പ്രസിഡന്റ് സ്ഥാനത്തേക്കു സാധ്യതയുള്ളവരാണ്.
ഡമ്മിയായി പത്രിക നൽകുകയും ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനാൽ മത്സരിക്കുകയും ചെയ്തയാളാണു ഹാഷിർ.
വള്ളികുന്നം
ആർക്കും ഭൂരിപക്ഷമില്ല. യുഡിഎഫിനും എൽഡിഎഫിനും 7 സീറ്റ്, എൻഡിഎയ്ക്ക് 5, എസ്ഡിപിഐക്ക് ഒന്ന്.
എസ്ഡിപിഐ പിന്തുണ വേണ്ടെന്നു യുഡിഎഫും എൽഡിഎഫും തീരുമാനിച്ചതിനാൽ നറുക്കെടുപ്പു വേണ്ടിവന്നേക്കും. എൽഡിഎഫിൽ എൻ.മോഹൻകുമാറിനും യുഡിഎഫിൽ പി.പ്രകാശിനും സാധ്യത.
വെൺമണി
എൽഡിഎഫിനു ഭൂരിപക്ഷം.
പ്രസിഡന്റാകാൻ സിപിഎമ്മിലെ ജെബിൻ പി.വർഗീസിനു സാധ്യത. മുളക്കുഴ
എൽഡിഎഫിനു ഭൂരിപക്ഷം.
സിപിഎമ്മിലെ പി.സുജിത്ത് ബാബു പ്രസിഡന്റായേക്കും. പാണ്ടനാട്
യുഡിഎഫിനു ഭൂരിപക്ഷം.
പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണം. ഈ വിഭാഗത്തിൽനിന്നു ജയിച്ചതു ബിജെപിയിലെ ജിജി കുഞ്ഞുകുഞ്ഞ് മാത്രം.
ജിജി പ്രസിഡന്റാകും.
തിരുവൻവണ്ടൂർ
ബിജെപി വലിയ കക്ഷിയായെങ്കിലും തനിച്ചു ഭൂരിപക്ഷമില്ല. രണ്ടു സ്വതന്ത്രരുടെ പിന്തുണ തേടുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്കു ബിജെപിയിലെ സജു ഇടക്കല്ലിലിനു സാധ്യത. സ്വതന്ത്രർ അവകാശവാദം ഉന്നയിക്കാനും സാധ്യത.
ചെറിയനാട്
ആർക്കും ഭൂരിപക്ഷമില്ല. പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കേണ്ടി വന്നേക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

