തൃക്കരിപ്പൂർ ∙ വലിയപറമ്പ് പഞ്ചായത്ത് ഭരണം കൈവിട്ടതിൽ സിപിഎമ്മിലും പടന്ന പഞ്ചായത്ത് നഷ്ടപ്പെട്ടതിൽ യുഡിഎഫിലും അസ്വസ്ഥത പുകയുന്നു. വലിയപറമ്പ് പഞ്ചായത്ത് ഭരണത്തിൽ പാർട്ടിക്ക് നിയന്ത്രണമില്ലാതെ പോയത് തോൽവിക്കിടയാക്കിയെന്നു സിപിഎമ്മിലെ ഒരു വിഭാഗം ആരോപിച്ചു.
ആകെയുള്ള 14 ൽ 8 സീറ്റ് നേടി വലിയപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു കൈമോശം വന്ന പഞ്ചായത്താണിത്.
4 ാം വാർഡിൽ സിപിഎമ്മിലെ മുഹമ്മദ് റാഫി 5 വോട്ടിനും 10 ാം വാർഡിൽ മുസ്ലിം ലീഗിലെ ബി.എസ്.ഷെരീഫ 6 വോട്ടിനും ജയിച്ചു കയറിയത് ശ്രദ്ധിക്കപ്പെട്ടു.
വലിയപറമ്പ് പഞ്ചായത്തിനു തുടർച്ചയായി സ്വരാജ് ട്രോഫി ഉൾപ്പെടെ നേടിക്കൊടുത്തുവെങ്കിലും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പഞ്ചായത്ത് ഭരണത്തിനെതിരെ പ്രവർത്തകർക്കിടയിൽ രൂപപ്പെട്ട അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിലും പരാജയപ്പെട്ടത് ഭരണം നഷ്ടപ്പെടുത്തിയെന്ന അഭിപ്രായം ശക്തമാണ്.
എന്തുകൊണ്ടാണ് ഭരണം പോയതെന്നു ധ്വനിപ്പിക്കുന്ന ട്രോളുകൾ പാർട്ടി പ്രവർത്തകരുടെ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പാർട്ടി നേതൃത്വത്തിനു ‘മുകളിൽ’ പ്രവർത്തിക്കുന്നവർ യുഡിഎഫിനു ഭരണം സമ്മാനിച്ചുവെന്നു സിപിഎം പ്രവർത്തകരുടെ കുറ്റപ്പെടുത്തലുണ്ട്.
വാർഡ് വിഭജനം മുതൽ പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎം ചിട്ടയായ പ്രവർത്തനമാണ് പടന്ന പഞ്ചായത്തിൽ നടത്തിയത്.
അതേസമയം പോളിങ്ങിനു 2 ദിവസം മുൻപ് പോലും യുഡിഎഫിലെ കലഹം പരിഹരിക്കാൻ കഴിയാതെ പോയതിനുമുള്ള വോട്ടർമാരുടെ ’കൂലി’യാണ് പഞ്ചായത്ത് ഭരണം 10 വർഷത്തിനു ശേഷം നഷ്ടപ്പെട്ടതെന്നു യുഡിഎഫ് പ്രവർത്തകർ കുറ്റപ്പെടുത്തി.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പുലർച്ചെ വരെ ലീഗ് ഓഫിസും നേതാക്കളെയും ഉപരോധിച്ചതും സീറ്റ് തർക്കത്തിൽ കോൺഗ്രസിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉണ്ടായ പാളിച്ചകളും സമ്മതിദായകരിൽ തെറ്റായ സന്ദേശം നൽകിയെന്നും സീറ്റ് വിഭജനത്തിൽ മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുണ്ടായ തർക്കം പോളിങ്ങിനു തൊട്ടടുത്ത നാൾ വരെ നീണ്ടു പോയത് യുഡിഎഫിന്റെ ഐക്യത്തെ ബാധിച്ചുവെന്നും പറയുന്ന പ്രവർത്തകർ, നേതൃനിരയുടെ കഴിവുകേട് പഞ്ചായത്ത് ഭരണം കളഞ്ഞുകുളിക്കാൻ ഇടയാക്കിയെന്നു ആക്ഷേപമുന്നയിച്ചു. ആകെയുള്ള 16 സീറ്റിൽ 9 സീറ്റിൽ വിജയിച്ചാണ് 10 വർഷത്തിനു ശേഷം എൽഡിഎഫ് പടന്നയുടെ ഭരണം പിടിച്ചെടുത്തത്.
7 സീറ്റുകൾ യുഡിഎഫ് നേടി. കഴിഞ്ഞ 15 അംഗ ഭരണസമിതിയിൽ യുഡിഎഫിനു 9 അംഗങ്ങളുണ്ടായിരുന്നു.
ഇതിനെല്ലാമിടയിൽ തൃക്കരിപ്പൂർ പഞ്ചായത്തിൽ യുഡിഎഫ് നേടിയ തകർപ്പൻ വിജയം പ്രവർത്തകരുടെ ആവേശം ആകാശത്തോളമുർത്തി.
23 ഭരണസമിതിയിൽ 20 സീറ്റും യുഡിഎഫിന്റെ കയ്യിലായി. കഴിഞ്ഞ 21 അംഗ ഭരണസമിതിയിൽ 7 സീറ്റുണ്ടായിരുന്ന എൽഡിഎഫ് 3 സീറ്റിലൊതുങ്ങി.
സിപിഎം സ്ഥാനാർഥികളാണ് ഈ സീറ്റുകളിൽ ജയിച്ചത്. പഞ്ചായത്ത് ഭരണസമിതിയിൽ കാലങ്ങളായി അംഗങ്ങളുണ്ടാകാറുള്ള ആർജെഡിക്ക് ഇത്തവണ ആരെയും ജയിപ്പിക്കാൻ കഴിഞ്ഞില്ല.
മുൻകാലത്ത് എല്ലാ പാർട്ടികളോടും എതിരിട്ട് തനിച്ചു ഭരിച്ചതിന്റെ ചരിത്രമുള്ള സോഷ്യലിസ്റ്റുകളുടെ പിന്തുടർച്ചക്കാരായ ആർജെഡി പഞ്ചായത്ത് ഭരണസമിതിയിൽ നിന്നു തുടച്ചുനീക്കപ്പെട്ടത് കനത്ത തിരിച്ചടിയായി.
സംശയം ഉന്നയിച്ച് പ്രവർത്തകരും
അനുഭാവികളും
തൃക്കരിപ്പൂർ ∙ പഞ്ചായത്ത് ഓഫിസ് ഉൾപ്പെടുന്ന തൃക്കരിപ്പൂർ ടൗൺ വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സ്ഥാനം അഞ്ചാമതായി. മുന്നണി ഈ വിധം ദുർബലപ്പെട്ടത് എന്തുകൊണ്ടെന്ന ചോദ്യവുമായി പ്രവർത്തകരും അനുഭാവികളും.
യുഡിഎഫിലെ മുസ്ലിം ലീഗ ് സ്ഥാനാർഥി യു.പി.ഫായിസ് 551 വോട്ടുകളുടെ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ട
വാർഡിൽ എൽഡിഎഫിലെ ആർജെഡി സ്ഥാനാർഥിക്ക് ലഭിച്ചത് 29 വോട്ടാണ്. കെട്ടിവച്ച കാശും പോയി.
72 വോട്ടുമായി വെൽഫേർ പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. 57 വോട്ടുമായി എസ്ഡിപിഐ മൂന്നാം സ്ഥാനവും 38 വോട്ടുമായി എൻഡിഎ നാലാമതുമായി.
അതേ സമയം വൈക്കത്ത് 6 ാം വാർഡിൽ യുഡിഎഫിലെ സിഎംപി സ്ഥാനാർഥി സ്വതന്ത്രനും പിന്നിൽ 84 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്കു പോയതും മുന്നണിയിൽ വിമർശനമുയർത്തി.
ഇവിടെ യുഡിഎഫിനു 197 ഉറച്ച വോട്ടുകളുണ്ടെന്ന കണക്ക് പറയുമ്പോഴാണ് സ്ഥാനാർഥിയെ 84 ൽ ഒതുക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

