മട്ടന്നൂർ∙ പഠനത്തിനു പ്രായമുണ്ടോ? ഇല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് മട്ടന്നൂർ ചാവശ്ശേരിക്കു സമീപം പൊള്ളംതടം സ്വദേശി ലക്ഷ്മി അമ്മ. പഠിക്കണമെന്നായിരുന്നു ലക്ഷ്മി അമ്മയുടെ ആഗ്രഹം.
എന്നാൽ, ജീവിതസാഹചര്യങ്ങൾ പ്രതികൂലമായതോടെ അതു മുടങ്ങി. പക്ഷേ, ആഗ്രഹത്തെ വെറുതേ വിടാനൊക്കുമോ? അങ്ങനെ, തന്റെ 76ാം വയസ്സിൽ ലക്ഷ്മി അമ്മ നാലാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി, പാസായി. ‘ആദ്യമായി സ്വന്തം പേര് എഴുതിയതും അതു വായിച്ചതും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു.
തുടർന്ന് മക്കളുടെയും പേരക്കുട്ടികളുടെയും പേരുകൾ എഴുതി ശീലിച്ചു. പത്രക്കടലാസുകൾ കിട്ടിയാൽ മനസ്സിലുറച്ച അക്ഷരങ്ങൾ ആദ്യം വായിക്കാൻ ശ്രമിക്കും.
സംശയങ്ങൾ ഒരുപാടുണ്ടായിരുന്നു. അടുത്തിരിക്കുന്നത് ആരാണോ അവരോടു ചോദ്യങ്ങൾ ചോദിച്ചാണു സംശയങ്ങൾ തീർത്തത്’, ലക്ഷ്മി അമ്മ ചിരിച്ചു.
സാക്ഷരതാ മിഷന്റെ സഹായത്തോടെ നടപ്പാക്കിയ ‘സമ്പൂർണ സാക്ഷരതാ പദ്ധതി’ വഴിയാണു പരിശീലനം നേടി പരീക്ഷ എഴുതിയത്.
പഠനം നൽകിയ ആത്മവിശ്വാസത്തിന്റെ കൂട്ടുപിടിച്ച് ഗൾഫിൽ മകന്റെ അടുത്ത് ഒറ്റയ്ക്കു പോയി വന്ന കഥയും പറയാനുണ്ട് ലക്ഷ്മി അമ്മയ്ക്ക്.‘പഠിക്കാൻ ഇഷ്ടമായിരുന്നു. അതു സ്വന്തമാക്കിയതിന്റെ സന്തോഷമുണ്ട് ഇപ്പോൾ.
എഴുത്തിനും വായനയ്ക്കും സമയപരിധിയില്ല. ആഗ്രഹമുണ്ടെങ്കിൽ ആർക്കും അതു നേടിയെടുക്കാം.
മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും പിന്തുണയായിരുന്നു ബലം. എഴുത്തും വായനയും മാത്രമല്ല,‘സ്മാർട്ട് ഫോണും’ ഉപയോഗിക്കാൻ ശീലിച്ചിട്ടുണ്ട്’, ലക്ഷ്മി അമ്മ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

