പച്ചിലക്കാട് ∙ പടിക്കംവയലിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഊർജിത പരിശോധനയുമായി വനംവകുപ്പ്. പ്രദേശത്ത് തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കടുവയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പടിക്കംവയലിലെ ജോണി തൈപ്പറമ്പിന്റെ കൃഷിയിടത്തിലാണ് ഇന്നലെ രാവിലെ നാട്ടുകാർ കടുവയെ കണ്ടത്.
അതിനിടെ, ജോണിയുടെ തോട്ടത്തിലെ ജോലിക്കാരൻ ബേബിയെ കാണാനില്ലെന്ന വാർത്തയും പരന്നതോടെ പ്രദേശമാകെ ഭീതിയിലായി. ബേബിയെ വൈകാതെ കണ്ടെത്താൻ കഴിഞ്ഞു.
വനമേഖല അടുത്തില്ലാത്ത പ്രദേശത്താണു കടുവയെ നാട്ടുകാർ കണ്ടത്.
വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തി. പിന്നീട് ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. കൂടുവച്ചു പിടികൂടാനായില്ലെങ്കിൽ കടുവയെ മയക്കുവെടിവച്ചു പിടികൂടുന്ന കാര്യം ഉദ്യോഗസ്ഥർ പരിഗണിക്കും.
കൽപറ്റ, വെള്ളമുണ്ട റെയ്ഞ്ച് ഓഫിസുകളിൽനിന്നുള്ള ജീവനക്കാർ പ്രദേശത്തു ക്യാംപ് ചെയ്യുന്നുണ്ട്. മാനന്തവാടി, കൽപറ്റ എന്നിവിടങ്ങളിൽനിന്നുള്ള ആർആർടി സംഘവും സ്ഥലത്തുണ്ട്.
ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശവും നൽകി.
പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പടിക്കംവയലിൽ കടുവയെ ഇന്നലെ രാവിലെ 9 മണിയോടെ പടിക്കംവയൽ ഊരിലെ ബിനുവും കൂട്ടരുമാണ് കടുവയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കമ്പളക്കാട് പൊലീസും വെള്ളമുണ്ട
ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണു പരിശോധന നടത്തിയത്. കമ്പളക്കാട്, പനമരം പൊലീസ് സംഘവും സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ മാർഗ നിർദേശപ്രകാരമുള്ള സാങ്കേതികസമിതി രൂപീകരിക്കാനായുള്ള ശുപാർശ ഉത്തരമേഖലാ സിസിഎഫിന് നോർത്ത് വയനാട് ഡിഎഫ്ഒ നൽകി.
ഈ സമിതിയുടെ നിർദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ തുടർനടപടി സ്വീകരിക്കും.
കടുവാഭീഷണി; വനംവകുപ്പ് നിർദേശങ്ങൾ
പ്രജനനകാലമായതിനാൽ കടുവകൾ കാട്ടിൽനിന്നു കൂടുതലായി പുറത്തിറങ്ങാനിടയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ്. അതിരാവിലെയും രാത്രിയും വനപ്രദേശങ്ങളിൽക്കൂടി ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കണം.
ചെറിയ ശബ്ദമുണ്ടാക്കി മാത്രമേ വനത്തിലൂടെ നടക്കാവൂ. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുന്നവർ വൈകുന്നേരത്തിനു മുൻപ് തിരിച്ചെത്താൻ ശ്രദ്ധിക്കണം. ഒറ്റയ്ക്കു വനത്തിനുള്ളിലേക്കു പോകരുത്. ലഹരിപദാർഥങ്ങൾ ഉപയോഗിച്ച് വനത്തിൽ പ്രവേശിക്കരുത്.
വനാന്തരഭൂമിയിലേക്കു കന്നുകാലികളെ മേയാൻ വിടരുത്.
സ്വകാര്യഭൂമിയിലെ അടിക്കാടുകൾ വെട്ടിവൃത്തിയാക്കിയിടണം. കാടുമൂടിക്കിടക്കുന്ന സ്വകാര്യ ഭൂമികൾ ശ്രദ്ധയിൽപെട്ടാൽ വനംവകുപ്പിലോ പഞ്ചായത്തിലോ അറിയിക്കണം. കന്നുകാലികളെ തൊഴുത്തിൽത്തന്നെ കെട്ടിയിടണം. കന്നുകാലികളുടെ തൊഴുത്തിൽ ലൈറ്റ് ഇടുകയും സമീപത്തായി തീയിടുകയും വേണം. കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗം വനംവകുപ്പിന്റെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ വിവരമറിയിക്കണം;വയനാട് വന്യജീവിസങ്കേതം, ബത്തേരി (9188407547), സൗത്ത് വയനാട് ഡിവിഷൻ, കൽപറ്റ(9188407545), നോർത്ത് വയനാട് ഡിവിഷൻ, കൽപറ്റ (9188407544)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

