കൊല്ലം ∙ ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളി കവർന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ 2 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടു. മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ്കുമാറിന്റെ ജാമ്യഹർജി വിജിലൻസ് കോടതി ജഡ്ജി ഡോ.സി.എസ്.മോഹിത് തള്ളി.
മുരാരി ബാബുവിനെ ദ്വാരപാലക കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലുമാണ് കസ്റ്റഡിയിൽ വിട്ടത്. പുതുതായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണം സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈവശമുള്ള ഫോൺ തുറക്കുന്നതിനു മുരാരി ബാബുവിനെ കസ്റ്റഡിയിൽ ലഭിക്കണമായിരുന്നു.
മുരാരി ബാബുവിന്റെ മുഖം തിരിച്ചറിഞ്ഞു തുറക്കാൻ കഴിയുന്ന വിധത്തിലാണ് ഫോൺ ലോക്ക് ചെയ്തിട്ടുള്ളത്. ഇരുവരെയും ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയശേഷം ചോദ്യം ചെയ്യാനായി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.
ഇന്ന് വൈകിട്ട് 4നു കോടതിയിൽ തിരികെ ഹാജരാക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ 2 കേസിലും നൽകിയ ജാമ്യാപേക്ഷകളാണ് വിജിലൻസ് കോടതി തള്ളിയത്. സുധീഷിനല്ല തിരുവാഭരണം കമ്മിഷണർക്കാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം നിർദേശിച്ച ജോലി ചെയ്യുകയായിരുന്നു എന്നുമാണ് ജാമ്യഹർജിയിൽ പ്രതിഭാഗം വാദിച്ചത്.
ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷൻ വാദംപ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജൻ ഹാജരായി.
അതേസമയം, ശബരിമലയിൽ മുൻപ് ദേവസ്വം വിജിലൻസ് ഇൻസ്പെക്ടറായിരുന്ന പൊലീസ് ഓഫിസ് അസോസിയേഷൻ പ്രസിഡന്റും ഇപ്പോൾ ഇന്റലിജൻസ് ഇൻസ്പെക്ടറുമായിരുന്ന ആർ.പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്തെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മുൻപ് ദേവസ്വം വിജിലൻസിൽ ജോലി ചെയ്തിരുന്നതിനാൽ പലപ്പോഴും എസ്ഐടിയിലെ ഉദ്യോഗസ്ഥർ വിളിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്യാറുണ്ടെന്നും ആർ.പ്രശാന്ത് സമുഹമാധ്യമ പോസ്റ്റിൽ വിശദീകരിച്ചു.
സംഘടനാ പ്രസിഡന്റ് ആയതിനാലാണ് ഇത്തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതെന്നു പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.ബിജുവും വിശദീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

