പുത്തൂർ ∙ കടൽവെള്ളം ശുദ്ധീകരിക്കുന്നതിനു ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ അതിനൂതന സാങ്കേതികവിദ്യ വികസിപ്പിച്ച മലയാളി ഗവേഷകർക്കു സൗദി സർക്കാരിന്റെ രാജ്യാന്തര പുരസ്കാരം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സർവകലാശാലാ നാഷനൽ ഗ്രാഫീൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ.
പ്രേംലാൽ ബാലകൃഷ്ണ പിള്ളയും (42) പ്രഫ. രാഹുൽ രവീന്ദ്രൻ നായരും (42) നയിക്കുന്ന ഹോളോഗ്രാഫ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിനാണു സൗദി വാട്ടർ അതോറിറ്റിയുടെ ഈ വർഷത്തെ വാട്ടർ ഇന്നവേഷൻ അവാർഡ് ലഭിച്ചത്.
50 ലക്ഷം രൂപയാണു സമ്മാനത്തുക. കൂടാതെ വ്യാവസായികാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനു 2 കോടി രൂപയുടെ സാമ്പത്തിക സഹായവും മറ്റു സൗകര്യങ്ങളും സർക്കാർ നൽകും.
119 രാജ്യങ്ങളിൽ നിന്നു 2,500ൽ അധികം എൻട്രികൾ റജിസ്റ്റർ ചെയ്ത മത്സരത്തിൽ, കടൽവെള്ളത്തിൽ നിന്നു ശുദ്ധജലത്തിനൊപ്പം ദ്രവ വളവും മൂല്യമേറിയ ഇതര ഉപോൽപന്നങ്ങളും ഒരേസമയം വേർതിരിച്ചെടുക്കാൻ കഴിയുന്ന ഗ്രാഫീൻ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഹോളോഗ്രാഫ് ലിമിറ്റഡിനെ വിജയികളാക്കിയത്.
ശുദ്ധീകരിച്ച കടൽ വെള്ളം ഉയർന്ന മർദപമ്പുകൾ ഉപയോഗിച്ചു പുറത്തെത്തിക്കുന്ന പരമ്പരാഗത പ്രക്രിയയ്ക്കു പകരം കാർബൺ ഡൈ ഓക്സൈഡ് ഉപയോഗിച്ചു നടത്തുന്ന രാസപ്രവർത്തനത്തിലൂടെ ശുദ്ധമായ ജലം പുറത്തെത്തിക്കുന്നതാണു പുതിയ സാങ്കേതിക വിദ്യ.
സൗദി അറേബ്യയിൽ നടന്ന ചടങ്ങിൽ സ്റ്റാർട്ടപ്പിനു വേണ്ടി ഡോ. പ്രേംലാൽ ബാലകൃഷ്ണ പിള്ള പുരസ്കാരം ഏറ്റുവാങ്ങി.
പുത്തൂർ കൂളക്കര വീട്ടിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെയും ലതികയുടെയും മകനാണു പ്രേംലാൽ. മാന്നാർ കുട്ടമ്പേരൂർ ആഞ്ഞിലിക്കുളങ്ങര കൈലാസിൽ പരേതരായ രവീന്ദ്രൻ നായരുടെയും രമാദേവിയുടെയും മകനാണു രാഹുൽ. 6 മാസം മുൻപാണ് ഇരുവരും ചേർന്നു ഹോളോഗ്രാഫ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു തുടക്കം കുറിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

