വിലക്ക് ലംഘിച്ച് റഷ്യൻ എണ്ണ ‘കടത്തിയതിന്’ കനേഡിയൻ-പാക്കിസ്ഥാനി വംശജനും രാജ്യാന്തര എണ്ണ വിതരണരംഗത്തെ പ്രമുഖനുമായ മുർത്താസ ലഖാനിക്ക് കടുത്ത ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധമുള്ള റഷ്യൻ എണ്ണക്കമ്പനി റോസ്നെഫ്റ്റിന്റെ എണ്ണ വിറ്റഴിക്കാൻ സഹായിച്ചുവെന്ന് ആരോപിച്ചാണ് നടപടി.
2022ൽ യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചതുമുതൽ യൂറോപ്യൻ യൂണിയന്റെ നോട്ടപ്പുള്ളിയാണ് ഇയാൾ.
1990കളിൽ ഇറാഖിലെ എണ്ണക്കമ്പനി ഗ്ലെൻകോറിൽ പ്രവർത്തിക്കുമ്പോൾ മുതലാണ് ലഖാനിയെ എണ്ണവിപണി അറിഞ്ഞുതുടങ്ങിയത്. ഇറാഖിലെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാന്റെ എണ്ണ കയറ്റുമതി ചെയ്യുന്നതിൽ ലഖാനി പിന്നീട് ശ്രദ്ധപതിപ്പിച്ചു.
പിന്നീട് സ്വന്തമായി മർക്കന്റൈൽ ആൻഡ് മാരിടൈം ഗ്രൂപ്പ് എന്ന കമ്പനിക്ക് 2015ൽ തുടക്കമിട്ടു.
അതിനുശേഷം റോസ്നെഫ്റ്റിന്റെ ആർട്ടിക് ഓയിൽ പദ്ധതിയിൽ നിക്ഷേപം നടത്തി. റോസ്നെഫ്റ്റിനും മറ്റൊരു എണ്ണക്കമ്പനിയായ വീറ്റോളിനും ഓഹരിപങ്കാളിത്തമുള്ള പദ്ധതിയായിരുന്നു ഇത്.
2022ൽ യുദ്ധമാരംഭിച്ച പശ്ചാത്തലത്തിൽ മർക്കന്റൈൽ ആൻഡ് മാരിടൈം കമ്പനിയും വീറ്റോളും ഈ പദ്ധതിയിൽ നിന്ന് പിന്മാറി. റഷ്യയ്ക്കുമേൽ യൂറോപ്പും അമേരിക്കയും ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇത്.
പദ്ധതിയിൽ നിന്ന് പിന്മാറിയെന്നു പറഞ്ഞ ലഖാനി, ഇവിടെ നിന്ന് റഷ്യൻ ഓയിൽ ‘കടത്തുന്നത്’ തുടരുന്നുണ്ടായിരുന്നു എന്നാണ് യൂറോപ്യൻ യൂണിയന്റെ കണ്ടെത്തൽ.
ഗൾഫിലെ മൂന്ന് കമ്പനികൾക്ക് 2022 മുതൽ ലഖാനി റഷ്യൻ എണ്ണ എത്തിച്ചിരുന്നെന്നും കണ്ടെത്തി. ഈ കമ്പനികളുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ലഖാനി പറഞ്ഞിരുന്നു.
എന്നാൽ, സ്വന്തം എണ്ണക്കപ്പലുകൾ ഉപയോഗിച്ച് ലഖാനി അനധികൃതമായി എണ്ണ കയറ്റുമതി ചെയ്ത് പുട്ടിന്റെ ഗവൺമെന്റിന് സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്തെന്നാണ് യൂറോപ്യൻ യൂണിയന്റെ ആരോപണം.
അതേസമയം, തനിക്കൊരു എണ്ണക്കപ്പലുമില്ലെന്നും നേരിട്ടോ പരോക്ഷമായോ ഉടമയല്ലെന്നും ലഖാനി പ്രതികരിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.തന്റെ ഒരു കമ്പനിക്കും റഷ്യയുമായി ഇടപാടില്ലെന്ന് ലഖാനി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, റഷ്യ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമാണെന്നും റഷ്യയെ ഒഴിവാക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും ലഖാനി പറഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

