ശുഭപ്രതീക്ഷയിൽ യുഡിഎഫ്
തിരുവനന്തപുരം∙ കോർപറേഷനിൽ സീറ്റ് ഇരട്ടിയാക്കിയും ജില്ലാ പഞ്ചായത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചും തലസ്ഥാന ജില്ലയിൽ നടത്തിയ പ്രകടനത്തിൽ കോൺഗ്രസിനു ശുഭപ്രതീക്ഷ. നഗരസഭകളിൽ കാലിടറിയെങ്കിലും ജില്ലാ പഞ്ചായത്തിൽ 13 സീറ്റ് നേടാനായത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ.
ജില്ലാ പഞ്ചായത്തിൽ രേഖപ്പെടുത്തുന്നത് രാഷ്ട്രീയ വോട്ടുകളാണെന്നു വിലയിരുത്തിയാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ 6 ഡിവിഷനായിരുന്നു കോൺഗ്രസിന്റെ സമ്പാദ്യം.
പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരെണ്ണം നഷ്ടമായതോടെ 5 ഡിവിഷനുമായാണ് കോൺഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പിനിറങ്ങിയത്. എണ്ണം അഞ്ചിൽ നിന്ന് 13 ആയി ഉയർത്തിയത് തലസ്ഥാന ജില്ലയിൽ രാഷ്ട്രീയമായി പാർട്ടി കരുത്താർജിച്ചതിന്റെ തെളിവായാണ് ജില്ലാ നേതൃത്വം കാണുന്നത്.
ജില്ലാ പഞ്ചായത്തിൽ 15 സീറ്റ് വരെ ലഭിക്കാമെന്ന റിപ്പോർട്ടാണ് കെപിസിസിക്കു ഡിസിസി നൽകിയിരുന്നത്.
ഒരുഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് പിടിക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിൽ 2 സീറ്റിനു ഭരണം നഷ്ടമാവുകയായിരുന്നു. ഗ്രാമീണ മേഖലകളിലെ സാമുദായിക വോട്ടുകളിൽ കോൺഗ്രസിന് അനുകൂലമായ ചായ്വുണ്ടായെന്നാണു ഡിസിസിയുടെ വിലയിരുത്തൽ.
ഡിസിസി പ്രസിഡന്റ് എൻ.ശക്തന്റെ നേതൃത്വത്തിലാണ് ജില്ലാതല മുന്നൊരുക്കങ്ങൾ പാർട്ടി നടത്തിയത്. കോർപറേഷൻ വാർഡുകളുടെ എണ്ണം 10ൽ നിന്ന് 19 ആയി ഉയർത്തിയതിൽ കെ.മുരളീധരൻ നിർണായക പങ്കുവഹിച്ചു.
കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചുമതല വഹിച്ച അദ്ദേഹം, സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും സജീവമായി ഇടപെട്ടു.
ജില്ല കൈവിട്ടില്ലെന്ന് എൽഡിഎഫ്
മറ്റിടങ്ങളിലെല്ലാം തകർന്നടിഞ്ഞപ്പോൾ എൽഡിഎഫിനെ ഒരുപരിധിവരെയെങ്കിലും പിടിച്ചുനിർത്തിയത് തിരുവനന്തപുരം ജില്ലയാണ്. കോർപറേഷനിൽ ഭരണം നഷ്ടമായെങ്കിലും 4 നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും ഭരണമുറപ്പിച്ചത് മുന്നണിക്ക് ആശ്വാസമായി.
നഗരസഭകളിൽ നെയ്യാറ്റിൻകരയിലും നെടുമങ്ങാട്ടും കേവല ഭൂരിപക്ഷമുറപ്പാക്കിയും വർക്കലയിലും ആറ്റിങ്ങലിലും ഏറ്റവും വലിയ മുന്നണിയുമായാണ് തലസ്ഥാന ജില്ലയിലെ രാഷ്ട്രീയ സ്വാധീനം എൽഡിഎഫ് നിലനിർത്തിയത്. കോർപറേഷനിൽപ്പെട്ട
നഗര വാർഡുകൾ കൈവിട്ടപ്പോൾ ഗ്രാമീണ മേഖല തങ്ങൾക്കൊപ്പം തന്നെയാണെന്നാണു മുന്നണിയുടെ വിലയിരുത്തൽ.
ജില്ലാ സെക്രട്ടറി വി.ജോയി, സംസ്ഥാന കമ്മിറ്റിയംഗം എം.വിജയകുമാർ, മന്ത്രി വി.ശിവൻകുട്ടി തുടങ്ങിയവരാണ് ജില്ലയിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് മുന്നിൽക്കയറിയപ്പോൾ ഗ്രാമപ്പഞ്ചായത്തുകളിലെ ആധിപത്യം എൽഡിഎഫ് നിലനിർത്തി.
ജില്ലാ പഞ്ചായത്തിൽ കഷ്ടിച്ചാണു കടന്നുകൂടിയതെങ്കിലും രാഷ്ട്രീയമായി ചെയ്യുന്ന വോട്ടുകളിലധികവും ഇപ്പോഴും തങ്ങൾക്കനുകൂലമാണെന്നു നേതൃത്വം കണക്കുകൂട്ടുന്നു. കോർപറേഷനിലുൾപ്പെടെ നേരിട്ട
തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തിയാൽ നിയമസഭാ പോരാട്ടത്തിൽ മുന്നേറ്റം തുടരാമെന്നും പ്രതീക്ഷിക്കുന്നു.
അധ്വാനം ഫലം ചെയ്തെന്ന് ബിജെപി
ഒന്നും ഭാഗ്യത്തിന് വിടാതെ കഠിനാധ്വാനം ചെയ്യണമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ നിർദേശം. കേരള രാഷ്ട്രീയത്തിൽ ‘ജൂനിയർ’ ആണെങ്കിലും വികസന കാഴ്ചപ്പാടിൽ മാത്രം ഉൗന്നിയുള്ള പ്രചാരണം മതിയെന്ന പുതിയ അധ്യക്ഷന്റെ ദൃഢനിശ്ചയത്തിലാണ് തലസ്ഥാനനഗരം കൈപ്പിടിയിലെത്തിയതെന്ന് ബിജെപി വിശ്വസിക്കുന്നു.
തലസ്ഥാനത്ത് ചരിത്രം കുറിച്ചപ്പോൾ ബിജെപിയും തെക്കേന്ത്യൻ സ്വപ്നങ്ങൾക്ക് കൂടി ആക്കം കൂടിയെന്ന അഭിപ്രായമായിരുന്നു ദേശീയ നേതൃത്വത്തിൽ നിന്നുണ്ടായത്.തിരുവനന്തപുരം ജില്ലയിൽ ബിജെപി വളർന്നത് കോൺഗ്രസിന്റെ കേന്ദ്രങ്ങളിൽ കടന്നുകയറിയാണെങ്കിൽ ഇൗ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വളർച്ച സിപിഎമ്മിന്റെ വോട്ടുകൾ കീശയിലാക്കിയാണ്.
പതിറ്റാണ്ടുകളായി കയ്യിലിരുന്ന തിരുവനന്തപുരം കോർപറേഷനിലൂടെയാണ് സിപിഎമ്മിന്റെ കേന്ദ്രങ്ങളിലേക്ക് കടന്നുകയറിയത്.കോർപറേഷനിൽ 50 സീറ്റുകളിൽ വിജയിക്കുകയും 27 സീറ്റുകളിൽ രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തത് ബിജെപിയുടെ മുന്നേറ്റത്തെ കാണിക്കുന്നു. 2 പഞ്ചായത്തിൽ നിന്ന് ആറ് പഞ്ചായത്തുകളുടെ ഭരണത്തിലേക്കും ബിജെപിയെത്തി.
നഗരസഭകളിൽ 27 സീറ്റുകൾ വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിലേക്ക് എത്താനായില്ലെങ്കിലും നേമം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനതെത്തി.
കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും. മൂന്ന് ജില്ലാ കമ്മിറ്റികളായി തിരിച്ചാണ് ജില്ലയിൽ ബിജെപി പ്രവർത്തനഘടന മാറ്റിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

