ആറ്റിങ്ങൽ ∙ നഗരസഭയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടു ചോർച്ചകൾ സംബന്ധിച്ച ചർച്ചകൾ സജീവമാക്കി മുന്നണികൾ. മൂന്ന് മുന്നണികൾക്കും പല വാർഡുകളിലും അപ്രതീക്ഷിതമായ തിരിച്ചടികളാണ് ലഭിച്ചതെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.
പല വാർഡുകളിലും വൻ വോട്ടു ചോർച്ചകൾ സംഭവിച്ചതായാണ് കണക്കുകൂട്ടൽ.
പോയ വോട്ടുകൾ ആർക്ക് അനുകൂലമായി എന്നത് സംബന്ധിച്ചും മുന്നണിക്കുള്ളിൽ അവ്യക്തത തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗത്തിനിടയിലും ചില വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികൾ നേരിട്ട
വൻ പരാജയം മുന്നണിക്കുള്ളിൽ സജീവ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരാജയത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഉറച്ച നിലപാടിലാണ് നേതൃത്വം.
32 വാർഡുകളിൽ 12 ഇടത്ത് രണ്ടാം സ്ഥാനവും 12 ഇടത്ത് മൂന്നാം സ്ഥാനവും, ഒരിടത്ത് നാലാം സ്ഥാനവും ആണ് കോൺഗ്രസ് സ്ഥാനാർഥികൾക്ക് നേടാനായത്.
പന്ത്രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി നാലാം സ്ഥാനത്തായി. ഇതിൽ തന്നെ എട്ട് വാർഡുകളിലെ സ്ഥാനാർഥികൾക്ക് മൂന്നക്കം കടക്കാനായില്ല.
അഞ്ചാം വാർഡിൽ ഇരുപത്തിനാലും ആറാം വാർഡിൽ മുപ്പതും പന്ത്രണ്ടാം വാർഡിൽ മുപ്പത്തി രണ്ടും വോട്ടുകളാണ് ലഭിച്ചത്.വാർഡ് മൂന്നിൽ 86, വാർഡ് ഒൻപതിൽ 64, വാർഡ് ഇരുപത്തിയാറിൽ 61, വാർഡ് 29 ൽ 63, മുപ്പതിൽ 56 എന്നിങ്ങനെയാണ് മറ്റു വാർഡുകളിൽ ലഭിച്ച വോട്ടുകൾ. വോട്ട് ചോർച്ച സംബന്ധിച്ച് ചർച്ചകൾ സജീവമാണെന്ന് നേതൃത്വം പറഞ്ഞു.
പരാജയ കാരണങ്ങൾ സൂക്ഷ്മ പരിശോധന നടത്തി വരും ദിവസങ്ങളിൽ ചിലർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് നേതൃത്വം പറയുന്നത്.
എൽഡിഎഫിന് വിജയ പ്രതീക്ഷയുണ്ടായിരുന്ന പല വാർഡുകളിലും പരാജയം സംഭവിച്ചു. 32 ൽ 13 ഇടത്ത് രണ്ടാം സ്ഥാനവും മൂന്നിടത്ത് മൂന്നാം സ്ഥാനവും ആണ് ലഭിച്ചത്.
ഏരിയ സെക്രട്ടറിയടക്കം നാല് ഏരിയ കമ്മിറ്റിയംഗങ്ങളാണ് നഗരസഭയിൽ മത്സരിച്ചത്. ചെറുവള്ളി മുക്ക് വാർഡിൽ മത്സരിച്ച വിഷ്ണു ചന്ദ്രൻ ഒഴികെ മറ്റ് മൂന്ന് ഏരിയ കമ്മിറ്റിയംഗങ്ങളും വിജയിച്ചു.
വിഷ്ണു ചന്ദ്രന് വാർഡിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. മറ്റൊരു ഏരിയ കമ്മിറ്റിയംഗം ആർ.എസ് അനൂപ് ഒരു വോട്ടിനാണ് വിജയിച്ചത്.
വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി സ്ഥാനാർഥിയായിരുന്ന ശിവദാസനെക്കാൾ രണ്ട് വോട്ടിന് പിന്നിലായിരുന്ന അനൂപ് പോസ്റ്റൽ വോട്ട് എണ്ണിയപ്പോഴാണ് വിജയിച്ചത്. അനൂപിന് മൂന്നും , ബിജെപി സ്ഥാനാർഥിക്ക് ഒരു പോസ്റ്റൽ വോട്ടും ലഭിച്ചു.
ഇതോടെ രണ്ട് പേരും തുല്യ നിലയിലായി. സൂക്ഷ്മ പരിശോധനയിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ച പോസ്റ്റൽ വോട്ട് അസാധുവായതോടെയാണ് അനൂപ് ജയിച്ചത്.
മാമം വാർഡിൽ 79 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. പ്രതീക്ഷിച്ച പല വാർഡുകളും ഇത്തവണ എൽഡിഎഫിനെ കൈവിട്ടു.
വോട്ട് ചോർച്ച സംബന്ധിച്ച് ചർച്ചകൾ നടത്തി നടപടികൾ സ്വീകരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
2020 ൽ ലഭിച്ച സീറ്റുകളുടെ എണ്ണം നിലനിർത്താനായെങ്കിലും വിജയ പ്രതീക്ഷയുണ്ടായിരുന്ന പല വാർഡുകളിലും പരാജയപ്പെട്ടതായാണ് എൻഡിഎയുടെ വിലയിരുത്തൽ . പല വാർഡുകളിലും കഴിഞ്ഞ തവണത്തെക്കാൾ വോട്ടിങ് നില വർധിപ്പിച്ചിട്ടുണ്ട്.
പത്ത് വാർഡുകളിൽ രണ്ടാം സ്ഥാനവും പതിനഞ്ച് വാർഡുകളിൽ മൂന്നാം സ്ഥാനവും ആണ് ലഭിച്ചത്. അഞ്ചിടത്ത് മൂന്നക്കം കടക്കാനായില്ല.
വാർഡ് 12 ൽ എൺപത്തെട്ടും, 13ൽ 86ഉം,14 ൽ 91ഉം , 15ൽ 60ഉം, 24ൽ 80ഉം വോട്ടുകളാണ് നേടിയത്. വിജയ പ്രതീക്ഷ ഉണ്ടായിരുന്ന അഞ്ചിലേറെ വാർഡുകളിൽ പരാജയം ഏറ്റു വാങ്ങിയതായാണ് വിലയിരുത്തൽ .
പരാജയം സംബന്ധിച്ച് വരും ദിവസങ്ങളിൽ ചർച്ചകൾ നടത്തി സംഘടനാതലത്തിൽ നടപടികൾ സ്വീകരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
ചിറയിൻകീഴ്
പഞ്ചായത്ത്
ചിറയിൻകീഴ് ∙ എൽഡിഎഫ് കോട്ടയ്ക്കു പോറലേൽക്കാതെ ഇക്കുറിയും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ഭരണസാരഥ്യം സിപിഎം വഹിക്കും. ഭൂരിപക്ഷം വാർഡുകളിലും ത്രികോണ മത്സരം നടന്നെങ്കിലും 19 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 12 വാർഡുകളും യുഡിഎഫ് അഞ്ചും എൻഡിഎ രണ്ടു വാർഡുകളും നിലനിർത്തി മൂന്നു മുന്നണികളും തങ്ങളുടെ അംഗനില പുനഃസ്ഥാപിച്ചു.
കോൺഗ്രസ് നിലവിലുള്ള വാർഡുകൾ കൈവിട്ടു സിപിഎമ്മിന്റെ നാലുവാർഡുകളും ബിജെപിയുടെ ഒരു വാർഡും തിരിച്ചുപിടിച്ചു.
സി പിഎമ്മിന്റെ കുത്തക വാർഡുകളിലൊന്നായ വലിയകടയിൽ (07), 337വോട്ടിന്റെ ഭൂരിപക്ഷം നേടി സിപിഎമ്മിലെ സുനിൽകുമാറിനെ പരാജയപ്പെടുത്തി ബിജെപിയിലെ പി.പ്രദീപ്കുമാർ പഞ്ചായത്തിൽ ഭൂരിപക്ഷത്തിൽ ഒന്നാമനായി. കലാപോഷിണി(19) വാർഡിൽ മത്സരിച്ച നിലവിലെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത കോൺഗ്രസിലെ എസ്.അസീനയോടു പരാജയപ്പെട്ടു.
മുതലപ്പൊഴി(14)വാർഡിൽ മത്സരിച്ച സിപിഐ സ്ഥാനാർഥി പ്രിൻസ് റിച്ചാർഡ് പരാജയപ്പെട്ടു.ഇവിടെ കോൺഗ്രസ് സ്ഥാനാർഥി ബി.ജോസ് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണസമിതിയിൽ സിപിഐ പ്രതിനിധിയുണ്ടാവില്ല.
കോൺഗ്രസ് ജില്ല സെക്രട്ടറി ആർ.കെ.രാധാമണി ചിറയിൻകീഴ്(06)വാർഡിൽ നിന്നു വിജയിച്ചു.
വനിത സംവരണ പഞ്ചായത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളിലേക്കു സിപിഎം പ്രാദേശിക നേതൃത്വം ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. മുൻ ഗ്രാമ–ബ്ലോക്ക് പഞ്ചായത്തു ഭരണസമിതികളിൽ അംഗമായിട്ടുള്ള പണ്ടകശാല(17) വാർഡിൽ നിന്നു വിജയിച്ച എസ്.സിന്ധു പ്രസിഡന്റായേക്കുമെന്നാണു ലഭ്യമാവുന്ന സൂചനകൾ.
നഗരൂർ
പഞ്ചായത്ത്
നഗരൂരിൽ 2020 ലെ തിരഞ്ഞെടുപ്പിനു ശേഷം സ്വതന്ത്രന്റെയും എസ്ഡിപിഐയുടെയും പിന്തുണയിൽ ഭരണത്തിൽ കയറിയ സിപിഎം ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തി.
18 വാർഡുള്ള പഞ്ചായത്തിൽ ഇടതു മുന്നണിക്ക് ഇത്തവണ 13 സീറ്റുണ്ട്. (സിപിഎം–11, സിപിഐ–2)പഞ്ചായത്തിന്റെ തുടക്കത്തിൽ 6 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ 3 സീറ്റിൽ ചുരുങ്ങി.
ഒരിടത്ത് സ്വതന്ത്രനും ഒരു വാർഡിൽ ബിജെപിയും വിജയിച്ചു. കഴിഞ്ഞ കമ്മിറ്റിയിൽ ബിജെപിക്ക് രണ്ട് സീറ്റ് ഉണ്ടായിരുന്നു.
എസ്ഡിപിഐക്ക് ഉണ്ടായിരുന്ന ഒരു വാർഡ് ഇത്തവണ നഷ്ടമായി.
പുളിമാത്ത്
കോൺഗ്രസിനെ ഞെട്ടിച്ച് പുളിമാത്ത് പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. 20 വാർഡുള്ള പഞ്ചായത്തിൽ 12 സീറ്റിൽ വിജയിച്ചാണ്.
(സിപിഎം–11, സിപിഐ–1) എൽഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 10 സീറ്റിൽ ഭരണം നടത്തിയിരുന്ന കോൺഗ്രസിനു ഇക്കുറി 7 സീറ്റിലെ വിജയിക്കാനായുള്ളു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന എ.അഹമ്മദ് കബീറിന്റെ തോൽവി കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. കഴിഞ്ഞ തവണ 2 സീറ്റുണ്ടായിരുന്ന ബിജെപി ഇക്കുറി ഒരു വാർഡിലെ വിജയിച്ചുള്ളൂ.
കോൺഗ്രസിൽ നിന്നു രാജിവച്ച് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കാരേറ്റ് ശിവപ്രസാദ് കമുകിൻകുഴി വാർഡിൽ പരാജയപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഓരോ ഡിവിഷനിൽ കോൺഗ്രസും സിപിഎമ്മും വിജയിച്ചു.
പഴയകുന്നുമ്മേൽ
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നതിനു ശേഷം യുഡിഎഫിനു ഒരിക്കൽ പോലും അധികാരത്തിൽ കയറിപറ്റാൻ കഴിയാത്ത പഴയകുന്നുമ്മേൽ പഞ്ചായത്ത് ഇത്തവണയും എൽഡിഎഫിന്റെ ഉരുക്കു കോട്ടയായി നിലനിർത്തി.
17 വാർഡുള്ള പഞ്ചായത്തിൽ 10 വാർഡിൽ വിജയിച്ചാണ് (സിപിഎം–8, സിപിഐ–2) ഇടത് മുന്നണി ഭരണം നിലനിർത്തിയത്. കോൺഗ്രസ് 7 സീറ്റിൽ വിജയിച്ചു.
ബിജെപിക്ക് പ്രാതിനിധ്യം ഇക്കുറിയും നേടാൻ ആയില്ല. കഴിഞ്ഞ തവണ 12 സീറ്റുകൾ ഉണ്ടായിരുന്ന ഇടത് മുന്നണിക്ക്(സിപിഎം–9, സിപിഐ–3) ഇക്കുറി 10 വാർഡിലെ വിജയിക്കാനായുള്ളൂ.
കോൺഗ്രസ് നേരത്തെ ഉള്ളതിനേക്കാൾ നില മെച്ചപ്പെടുത്തി. കഴിഞ്ഞ കമ്മിറ്റിയിൽ 5 അംഗങ്ങൾ ഉണ്ടായിരുന്നിടത്ത് പുതിയ കമ്മിറ്റിയിൽ 7 പേരുണ്ടാകും.
ബ്ലോക്ക് പഞ്ചായത്തിൽ ഓരോ ഡിവിഷനിൽ സിപിഎമ്മും കോൺഗ്രസും വിജയിച്ചു.
കിളിമാനൂർ
പഞ്ചായത്ത്
കഴിഞ്ഞ തവണ നഷ്ടമായ ഭരണം കിളിമാനൂരിൽ തിരിച്ചു പിടിച്ചു സിപിഎം. കഴിഞ്ഞ പ്രാവശ്യം സിപിഎമ്മിനു 4 സീറ്റുകളേ ഉണ്ടായിരുന്നുള്ളു.
ഇത്തവണ എൽഡിഎഫിന് 9 സീറ്റുണ്ട്. സിപിഎം 8, സിപിഐ–1.
കോൺഗ്രസ് 10ൽ നിന്ന് 5 ആയി ചുരുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഉണ്ടായിരുന്ന ബിജെപി ഇത്തവണ രണ്ടിടത്ത് വിജയിച്ചു.
പഞ്ചായത്തിലെ 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഇടത് മുന്നണി വിജയിച്ചു.
കിഴുവിലം
ചിറയിൻകീഴ് ∙കിഴുവിലം ഗ്രാമ പഞ്ചായത്ത് ഭരണം ഇനി യുഡിഎഫ് കൈകളിൽ. കഴിഞ്ഞ തവണ 11 സീറ്റ് നേടി ഭരണം നിർവഹിച്ചിരുന്ന എൽഡിഎഫ് ഇക്കുറി 2 സ്വതന്ത്രന്മാർ ഉൾപ്പെടെ 8 സീറ്റുകളിലാണ് ജയിച്ചത്.
എൻഡിഎ 2 വാർഡുകൾ നേടി. കുന്നുവാരം വാർഡിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി എ.ഷമീർ കിഴുവിലം 466 വോട്ടിന്റെ ഭൂരിപക്ഷം നേടി പഞ്ചായത്തിൽ ഒന്നാമനായി.
സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും 2 പ്രാവശ്യം കിഴുവിലം പഞ്ചായത്തു പ്രസിഡന്റുമായിരുന്ന ജി.വേണുഗോപാലൻനായരെ കൂന്തള്ളൂർ വാർഡിൽ ബിജെപി സ്ഥാനാർഥി ഗോപു സുകുമാർ 174 വോട്ടിനു പരാജയപ്പെടുത്തി. സിപിഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷാ, യൂത്ത്കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയംഗവുമായ രഞ്ജിത്ത് കൊച്ചുമഠം എന്നിവരും വിജയിച്ചു.
16 വാർഡുള്ള മടവൂർ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ഇല്ല, 7 സീറ്റിൽ വിജയിച്ച ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോൺഗ്രസ് ഇവിടെ അധികാരത്തിൽ വരും.
9 സീറ്റിൽ വിജയിക്കുമെന്ന കോൺഗ്രസിന്റെ കണക്ക് കൂട്ടൽ പിഴച്ചു. ഒന്നാം വാർഡിലെയും ആറാം വാർഡിലെയും പരാജയം കോൺഗ്രസിനെ ഞെട്ടിച്ചു.
ഇവിടെ രണ്ടിടത്തും ബിജെപി ആണ് വിജയിച്ചത്. മുതിർന്ന അംഗം സി.രവീന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ എസ്.ആർ.ജലജയുടെ പരാജയം കോൺഗ്രസിനെ ഞെട്ടിച്ചു.
ഇടവ
ഇടവ ∙ പഞ്ചായത്തിൽ 11 സീറ്റുകളോടെ എൽഡിഎഫ് തുടർച്ചയായി നാലാമതും അധികാരത്തിലെത്തി.
ഇത്തവണ പട്ടികജാതി വനിതയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. 9–ാം വാർഡിൽ വിജയിച്ച എൽഡിഎഫ് സ്വതന്ത്ര റീതുമോഹനെ പരിഗണിക്കുമെന്നാണ് വിവരം.
കഴിഞ്ഞതവണ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായി ഹർഷാദ് സാബു പരാജയപ്പെട്ടപ്പോൾ മുൻ പ്രസിഡന്റും ബ്ലോക്ക് അംഗവുമായ സുനിത എസ്.ബാബു ഒരു വോട്ടിനും തോറ്റു. കഴിഞ്ഞതവണ രണ്ടു സീറ്റിൽ ഒതുങ്ങിയ യുഡിഎഫ് നില മെച്ചപ്പെടുത്തി 6 സീറ്റ് നേടി.
അതേസമയം എൻഡിഎ ഒരു സീറ്റിൽ മാത്രമായി ഒതുങ്ങി.
കക്ഷിനില
ഇടവ പഞ്ചായത്ത്: സിപിഎം–10, എൽഡിഎഫ് സ്വതന്ത്ര–1 കോൺഗ്രസ്–6, ബിജെപി–1.
ചെറുന്നിയൂർ
ചെറുന്നിയൂർ ∙ വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ് ചെറുന്നിയൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. കഴിഞ്ഞതവണ ഭരണം കയ്യാളിയ യുഡിഫ് രണ്ടു സീറ്റിൽ ഒതുങ്ങിയപ്പോൾ എൻഡിഎ സീറ്റ് എണ്ണം നാലായി ഉയർത്തി.
മുൻ പ്രസിഡന്റ് എസ്.ശശികല അടക്കമുള്ളവർ പരാജയപ്പെട്ടു. സിപിഎം ഏരിയ അംഗം ടി.എൻ.ഷിബു തങ്കൻ തോറ്റു.
കോൺഗ്രസിലെ മുതിർന്ന നേതാവ് ജോസഫ് പെരേര വെന്നിക്കോടിൽ നിന്നു വിജയിച്ചു.
കക്ഷിനില
ചെറുന്നിയൂർ: സിപിഎം–8, സിപിഐ–1, ബിജെപി–4, കോൺഗ്രസ്–2
വെട്ടൂർ
വെട്ടൂർ ∙ എൽഡിഎഫിനെ തുരത്തി മികച്ച വിജയം നേടിയ യുഡിഎഫ്. 15 വാർഡുകളിൽ 10 എണ്ണവും നേടിയാണ് കോൺഗ്രസ് വിജയം ആഘോഷിച്ചത്.
അതേസമയം ചരിത്രത്തിൽ ആദ്യമായി വെട്ടൂരിൽ ബിജെപി വലയന്റെകുഴി വാർഡിൽ സനിൽ സലിം വിജയിച്ചു. കഴിഞ്ഞ ഭരണ സമതി പ്രസിഡന്റ് ഷീജ സുനിലാൽ, കോൺഗ്രസിലെ മുൻ ബ്ലോക്ക് അംഗം വി.എസ്.ഷാലിബ്, സിപിഎമ്മിലെ മുൻ ബ്ലോക്ക് പ്രസിഡന്റ് വി.റീന എന്നിവർ പരാജയപ്പെട്ടു.
ഇളപ്പിൽ വാർഡിൽ സിപിഎമ്മിനെതിരെ മത്സരിച്ച സിപിഐ സ്ഥാനാർഥി ടി.റിജി വിജയിച്ചു. അതേസമയം ഇരുകക്ഷികളും ഏറ്റുമുട്ടിയ വെട്ടൂർ വാർഡിൽ കോൺഗ്രസിലെ മുൻ പഞ്ചായത്ത് പ്രസിഡന്റായ അസിം ഹുസൈൻ വിജയിച്ചു.
കക്ഷിനില
വെട്ടൂർ: കോൺഗ്രസ്–10, സിപിഎം–3, സിപിഐ–1, ബിജെപി–1
ഇലകമൺ
ഇലകമൺ ∙ 18 വാർഡുകൾ ഉൾപ്പെടുന്ന ഇലകമണിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തി.
കഴിഞ്ഞതവണ 5 സീറ്റു നേടിയ കോൺഗ്രസ് ഇത്തവണ 6 വാർഡുകൾ നേടി. നാലു സീറ്റുണ്ടായിരുന്ന ബിജെപി ഇക്കുറി ഒരെണ്ണത്തിൽ ഒതുങ്ങി.
ബിജെപിയിലെ മുൻ അംഗങ്ങളായ ബിനു വി.തോണിപ്പാറ, എസ്.അനിമോൻ എന്നിവർ പരാജയപ്പെട്ടു. കായൽപ്പുറം വാർഡിൽ നിന്നു സ്വതന്ത്രനായി പി.പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു.
കക്ഷിനില
ഇലകമൺ: സിപിഎം–10, കോൺഗ്രസ്–6, ബിജെപി–1, സ്വതന്ത്രൻ–1
അഴൂർ
ചിറയിൻകീഴ് ∙ അഴൂർ ഗ്രാമപഞ്ചായത്തിലെ 40 വർഷത്തെ തുടർച്ചയായ എൽഡിഎഫ് ഭരണത്തിനു അവസാനം കുറിച്ചു എൻഡിഎ ഭരണത്തിലേക്ക്.
ആകെയുള്ള 18 വാർഡുകളിൽ ഒൻപതു വാർഡുകളിൽ ആധിപത്യമുറപ്പിച്ചു.
കഴിഞ്ഞ തവണ 11 സീറ്റ് നേടിയാണ് സിപിഎം ഭരണത്തിലെത്തിയത്.
ഇക്കുറി കോൺഗ്രസ് 5 സീറ്റു നേടി നില മെച്ചപ്പെടുത്തിയപ്പോൾ സിപിഎമ്മിനു 4 സീറ്റുകളിൽ മാത്രമാണു വിജയിക്കാനായത്.
സിപിഎം ഭരണവിരുദ്ധ തരംഗം പഞ്ചായത്തിലൊട്ടാകെ വീശിയടിച്ചപ്പോൾ മത്സരത്തിനിറങ്ങിയ പ്രാദേശിക സിപിഎം നേതാക്കളിൽ ഏറിയപങ്കും വൻപരാജയമേറ്റുവാങ്ങി.
സിപിഎം മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രഘുനാഥൻനായർ, ഏരിയ കമ്മിറ്റിയംഗം ആർ.അജിത്ത്, പഞ്ചായത്തിൽ ക്ഷേമകാര്യ സ്ഥിരസമിതി ചെയർമാനായിരുന്ന സി.സുര എന്നിവർ പരാജപ്പെട്ടവരിൽപെടുന്നു.
പഞ്ചായത്തിലെ കൃഷ്ണപുരം വാർഡിൽ നിന്നു മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഓമനയും ഗണപതിയാംകോവിൽ വാർഡിൽ നിന്നു ബിജെപി അഴൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.സിന്ധുവും വിജയിച്ചു. യൂത്ത്കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത്(ചന്തു) പഞ്ചായത്ത് ഓഫിസ് വാർഡിൽ നിന്ന് 223 വോട്ടിന്റെ ഭൂരിപക്ഷം നേടി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ വോട്ടിനർഹനായി.
ചെമ്മരുതി
ചെമ്മരുതി ∙ 20 വാർഡുകൾ ചേർന്ന ചെമ്മരുതി പഞ്ചായത്തിൽ ഇക്കുറി എൽഡിഎഫും യുഡിഎഫും 9 സീറ്റ് വീതം നേടി.
എൻഡിഎ ഒരു സീറ്റിൽ വിജയിച്ചപ്പോൾ ബിഎസ് പി സീറ്റിൽ എസ്.അശ്വതിയുടെ വിജയം ഭരണസമിതി രൂപീകരണത്തിൽ നിർണായകമാകും.
കഴിഞ്ഞതവണ 7 അംഗങ്ങൾ അടങ്ങിയ എൽഡിഎഫ് ഭരണസമിതിക്കു നിർണായക പിന്തുണ നൽകിയത് ബിഎസ്പിയായിരുന്നു. കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡന്റായ ബിഎസ് പിയിലെ ആർ.ലിനീസ് ഇത്തവണ പരാജയപ്പെട്ടു.
ഭരണം പിടിക്കാനുള്ള നീക്കം ഇരുമുന്നണികളും ശക്തമാക്കിയെന്നാണ് സൂചന.
കക്ഷിനില–
സിപിഎം– 9, കോൺഗ്രസ്–9,
ബിജെപി–1, ബിഎസ് പി–1
കിളിമാനൂർ
ബ്ലോക്ക്
ത്രിതല പഞ്ചായത്ത് സംവിധാനം ഉണ്ടായതിനു ശേഷം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഇടതിനു തന്നെ. ഇക്കുറിയും ഇതിനു മാറ്റമില്ല.
16 വാർഡുള്ള ബ്ലോക്ക് പഞ്ചായത്തിൽ 10 വാർഡിലാണ് ഇടത് മുന്നണി വിജയിച്ചത്. സിപിഎം–7, സിപിഐ–2, ജെഡിഎസ്–1.
കോൺഗ്രസ് 6 ഡിവിഷനുകളിൽ വിജയിച്ചു. സിപിഎം, സിപിഐ, കോൺഗ്രസ് എന്നിവയിൽ കഴിഞ്ഞ തവണ ഉണ്ടായിരുന്ന സീറ്റുകൾ ഇത്തവണയും നിലനിർത്തി.
ഒരു വാർഡ് കൂടിയപ്പോൾ ഇത് ഇടതു മുന്നണിയിലെ ജെഡിഎസിനാണ് നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

