കാസർകോട് ∙ പഞ്ചായത്തുകൾക്കപ്പുറം ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിലുണ്ടാക്കിയത് വൻ മുന്നേറ്റം. ആകെയുള്ള 955 തദ്ദേശ വാർഡുകളിൽ 438 വാർഡുകളും നേടിയാണ് യുഡിഎഫ് ആധിപത്യം.
പഞ്ചായത്ത്–ബ്ലോക്ക്–നഗരസഭ വാർഡുകളിൽ യുഡിഎഫ് മുന്നേറി. കഴിഞ്ഞ തവണ 255 വാർഡുകളാണ് യുഡിഎഫിന് ഉണ്ടായിരുന്നത്.
അത് ഇരട്ടിയോളം വർധിപ്പിക്കാൻ സാധിച്ചു.
9 പഞ്ചായത്തുകളാണ് യുഡിഎഫ് പുതിയതായി നേടിയത്. മുളിയാർ, പൈവളിഗെ, പുത്തിഗെ, ഉദുമ, വലിയപറമ്പ, വോർക്കാടി, ദേലംപാടി, മീഞ്ച പഞ്ചായത്തുകളാണ് അധികം നേടിയത്.
അതേസമയം കയ്യിലുണ്ടായിരുന്ന വെസ്റ്റ് എളേരി, പടന്ന എന്നിവ നഷ്ടപ്പെടുകയും ചെയ്തു. പുല്ലൂർ പെരിയ, ബദിയടുക്ക പഞ്ചായത്തുകളിൽ തുല്യത പാലിച്ചു.
സ്വതന്ത്രയെ മുൻനിർത്തി കഴിഞ്ഞ തവണ ഭരിച്ച മഞ്ചേശ്വരം പഞ്ചായത്തിലും യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട 5 പഞ്ചായത്തുകളും തിരിച്ചുപിടിക്കാൻ സാധിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമാകുമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഉദുമ നിയമസഭാ മണ്ഡലത്തിലെ ദേലംപാടി, മുളിയാർ, ഉദുമ എന്നിവയും എൽഡിഎഫിൽനിന്നു പൊരുതിനേടി.
പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഡിസിസി ജനറൽ സെക്രട്ടറി ജെ.എസ്.സോമശേഖര നേടിയ മിന്നുംജയം ശ്രദ്ധേയമാണ്. ബിജെപിയുടെ സിറ്റിങ് ഡിവിഷനാണ് ജനകീയനായി സോമശേഖരനെ ഇറക്കി കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തത്.
ഇവിടെ റീ കൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിജയം ഉറപ്പാണെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു.
കാസർകോട് നഗരസഭയിലും കാസർകോട് ബ്ലോക്ക് പഞ്ചായത്തിലും ബിജെപി സീറ്റുകൾ പിടിച്ചെടുക്കാനും സാധിച്ചു. കാറഡുക്ക ബ്ലോക്കിലെ ദേലംപാടി ഡിവിഷനും സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തു.
മുസ്ലിം ലീഗ് കേന്ദ്രങ്ങളിലും മലയോര മേഖലയിലും വൻ മുന്നേറ്റമാണു യുഡിഎഫ് നടത്തിയത്. അതേസമയം ഭരണം ഉറപ്പിച്ച കാഞ്ഞങ്ങാട് നഗരസഭയിലും ജില്ലാ പഞ്ചായത്തിലും ഭരണം ലഭിക്കാൻ സാധിക്കാത്തത് മുന്നേറ്റത്തിനിടയിലും നിരാശയായി.
ദുർബലമായി എൽഡിഎഫ് കോട്ടകൾ
വോട്ടെണ്ണൽ പുരോഗമിക്കുന്തോറും സിപിഎമ്മിന്റെ കോട്ടകൾ ഓരോന്നായി കടപുഴകുന്ന കാഴ്ചകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കണ്ടത്.
ആഞ്ഞടിച്ച യുഡിഎഫ് സുനാമിയിൽ ഉറച്ച കോട്ടകളെന്നു കരുതുന്ന ദേലംപാടിയും ഉദുമയും ഉൾപ്പെടെ 8 പഞ്ചായത്തുകളാണ് നഷ്ടമായത്. ദേലംപാടി, മുളിയാർ പഞ്ചായത്തുകളിലെ സിപിഎം കേന്ദ്രങ്ങളിൽ ബിജെപി മുന്നേറ്റം നടത്തുകയും ചെയ്തു.
കഴിഞ്ഞ തവണ 19 പഞ്ചായത്തുകളിൽ ഭരണത്തിലുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 13 ലേക്ക് ചുരുങ്ങി. ആകെ തദ്ദേശ വാർഡുകളിലും ക്ഷീണം സംഭവിച്ചു.
തദ്ദേശ വാർഡുകളിൽ എക്കാലത്തും ജില്ലയിൽ മേൽക്കൈ ഉണ്ടായിരുന്ന എൽഡിഎഫിന് ഇക്കുറി യുഡിഎഫിനെക്കാൾ എത്രയോ പിറകിലാണ്.
337 വാർഡുകളാണുള്ളത്. പഞ്ചായത്ത് വാർഡുകളാണ് എൽഡിഎഫിന് കൂടുതൽ നഷ്ടമുണ്ടായത്.
കാസർകോട് നഗരസഭയിൽ 2 സീറ്റ് നേടി അക്കൗണ്ട് തുറന്നെങ്കിലും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലായി 9 എണ്ണം നഷ്ടപ്പെട്ടു.
മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളിൽ ഒരിടത്തുപോലും മുന്നണിക്ക് ഭരണമില്ലെന്ന ദുരവസ്ഥയിലേക്കും തോൽവി എൽഡിഎഫിനെ എത്തിച്ചു. മുന്നണിയിലെ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ഇക്കുറി എൽഡിഎഫ് മത്സരിച്ചത്.
കഴിഞ്ഞ തവണ ചില സ്ഥലങ്ങളിൽ സിപിഎമ്മും സിപിഐയും തമ്മിൽ മത്സരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഇക്കുറി ഒരു അസ്വാരസ്യവും ഉണ്ടായിരുന്നില്ല.
ന്യൂനപക്ഷ മേഖലകളിലാണ് എൽഡിഎഫിന് വലിയ തിരിച്ചടി നേരിട്ടത്. ഭൂരിപക്ഷ മേഖലകളിൽ ബിജെപിയും സിപിഎം വോട്ട് ബാങ്കിലേക്ക് കടന്നുകയറി.
ഇതു രണ്ടുമാണ് പ്രധാനമായും എൽഡിഎഫ് തോൽവിക്ക് വഴിയൊരുക്കിയത്.
പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ ബിജെപി
കയ്യിലുണ്ടായിരുന്ന 3 പഞ്ചായത്തുകൾക്കൊപ്പം കുംബടാജെ പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്തതൊഴിച്ചാൽ ബിജെപിക്ക് ജില്ലയിൽ കാര്യമായ മുന്നേറ്റം അവകാശപ്പെടാനില്ല. ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനും 6 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും നഷ്ടപ്പെട്ടു.
ശക്തികേന്ദ്രമായി കാസർകോട് നഗരസഭയിലും 2 സീറ്റുകൾ നഷ്ടമായി. അതേസമയം ദേലംപാടി, മുളിയാർ പഞ്ചായത്തുകളിൽ ചില അപ്രതീക്ഷിത കുതിപ്പും പാർട്ടി നടത്തി.
കഴിഞ്ഞ തവണ 112 തദ്ദേശ വാർഡുകളിൽ വിജയിച്ച ബിജെപി ഇക്കുറി 133 വാർഡുകൾ നേടി.
ഇതുവരെ സാന്നിധ്യമില്ലാതിരുന്ന സ്ഥലങ്ങളിൽ വോട്ടുകളിലും സീറ്റുകളിലും വർധന ഉണ്ടാക്കിയപ്പോൾ പരമ്പരാഗത കേന്ദ്രങ്ങളിൽ നഷ്ടമുണ്ടായി. കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ 2 ഡിവിഷനുകൾ നഷ്ടപ്പെട്ടു.
മഞ്ചേശ്വരത്ത് മൂന്നും. കാറഡുക്ക ബ്ലോക്കിലും ശക്തികേന്ദ്രമായി അറിയപ്പെടുന്ന ബെള്ളൂർ ഡിവിഷൻ സിപിഎമ്മിന് അടിയറവയ്ക്കേണ്ടിവന്നു.
ചെമ്മനാട് പഞ്ചായത്തിൽ 3 വാർഡുകൾ ഉണ്ടായിരുന്നത് ഒന്നായി ചുരുങ്ങി.
ഉദുമയിൽ 2 വാർഡുകൾ ഉണ്ടായിരുന്നത് ഇക്കുറി വട്ടപ്പൂജ്യമായി. അതേസമയം കഴിഞ്ഞ തവണ കേവലഭൂരിപക്ഷമില്ലാതിരുന്ന കാറഡുക്ക പഞ്ചായത്തിൽ ആകെയുള്ള 16 വാർഡുകളിൽ പകുതിയും നേടിയാണ് ഭരണം ഉറപ്പിച്ചത്.
ഭരണം നേടിയെങ്കിലും ബെള്ളൂരിൽ 2 വാർഡുകൾ നഷ്ടപ്പെട്ടു. കുംബടാജെ പഞ്ചായത്തിൽ കഴിഞ്ഞ തവണ 6 വീതം സീറ്റുകളുമായി യുഡിഎഫിനൊപ്പമായിരുന്നു.
ഇക്കുറി ഒരു വാർഡ് അധികം നേടിയാണ് ഭരണം പിടിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

