റഷ്യയും യുക്രെയ്നും തമ്മിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ പാളുന്നു. വെടിനിർത്തൽ ഉന്നമിട്ട് യുഎസ് കൊണ്ടുവന്ന സമാധാന പ്ലാൻ അംഗീകരിക്കാൻ ഇതുവരെ യുക്രെയ്ൻ തയാറായിട്ടില്ല.
നിലവിൽ യുക്രെയ്ന്റെ ഭാഗമായ ഡോൺബാസ് വിട്ടുകിട്ടണമെന്ന റഷ്യയുടെ ആവശ്യമാണ് പ്രധാന പ്രതിസന്ധി. ഡോൺബാസിൽ ഹിതപരിശോധനയാകാമെന്ന് ഇതിനിടെ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു.
‘‘മിണ്ടരുത്’’ എന്നായിരുന്നു ഇതിനെതിരെ പുട്ടിന്റെ പ്രതികരണം എന്നാണ് റിപ്പോർട്ടുകൾ.
ഡോൺബാസ് റഷ്യയുടെ പരമാധികാര മേഖലയാണെന്നും പ്രദേശത്തുനിന്ന് യുക്രെയ്ൻ സൈന്യം ഉടൻ ഒഴിഞ്ഞുപോകണമെന്നും റഷ്യ ആവശ്യപ്പെട്ടു. അതേസമയം, 2022ൽ നടന്നൊരു ഹിതപരിശോധനയിൽ ഡോൺബാസ് ജനത വോട്ടിട്ടത് റഷ്യയ്ക്കൊപ്പം ചേരാനായിരുന്നു.
എന്തുതന്നെ സംഭവിച്ചാലും ഡോൺബാസ് കൈവിടില്ലെന്നും എത്രയുംവേഗം തിരിച്ചുപിടിക്കുമെന്നും പുട്ടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷകോവും പറഞ്ഞു.
യുദ്ധം ഇനിയും വർഷങ്ങളോളം നീണ്ടാലും റഷ്യയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ലെന്ന് റഷ്യൻ കേന്ദ്ര ബാങ്കിന്റെ മുൻ മേധാവി സെർഗേയ് അലെക്സാഷെൻകോ പറഞ്ഞു. റഷ്യയുടെ സാമ്പത്തിക വളർച്ച മോശമാവുകയാണെന്നത് ശരിയാണ്.
എങ്കിലും, യുദ്ധം തുടരാനാവശ്യത്തിന് മൂലധനം പുട്ടിന്റെ കൈയിലുണ്ട്. ജിഡിപി വളർച്ചനിരക്ക് ഈ വർഷം മുൻവർഷത്തെ 4.3 ശതമാനത്തിൽ നിന്ന് 0.9 ശതമാനത്തിലേക്ക് ഇടിയും.
കുറഞ്ഞത് അടുത്ത മൂന്ന് വർഷത്തേക്കെങ്കിലും യുദ്ധം ചെയ്യാൻ പുട്ടിന് കഴിയുമെന്നും അലെക്സാഷെൻകോ പറഞ്ഞു.
അതേസമയം, അനുകൂല ഘടകങ്ങളുണ്ടായിട്ടും ക്രൂഡ് ഓയിൽ വില ഇടിയുകയാണ്. റഷ്യൻ എണ്ണക്കപ്പലുകൾക്ക് നേരെ യുക്രെയ്ൻ വീണ്ടും ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
മറ്റൊരു എണ്ണ കയറ്റുമതി രാജ്യമായ വെനസ്വേലയ്ക്കെതിരെ യുഎസ് സൈനികനീക്കം നടത്തിയേക്കുമെന്ന സൂചനകളും ശക്തം. വെനസ്വേലൻ എണ്ണക്കപ്പലുകളിലൊന്ന് കഴിഞ്ഞദിവസം യുഎസ് പിടിച്ചെടുത്തിരുന്നു.
ഇത്തരം സാഹചര്യങ്ങളിൽ, എണ്ണവിതരണം തടസ്സപ്പെടുമെന്ന ആശങ്കയുണ്ടാകാനും വില കൂടാനുമാണ് സാധ്യതയെങ്കിലും സംഭവിക്കുന്നത് നേരെമറിച്ച്; ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.28% താഴ്ന്ന് 57.44 ഡോളറായി.
ബ്രെന്റ് വില 0.26% കുറഞ്ഞ് 61.12 ഡോളറിലുമെത്തി. ഇന്ത്യൻ കമ്പനികൾ ഇപ്പോൾ വലിയതോതിൽ വാങ്ങുന്ന യുഎഇയുടെ മർബാൻ ക്രൂഡ് വില 0.54% താഴ്ന്ന് 62.18 ഡോളറുമായി.
രാജ്യാന്തര സ്വർണവില കുതിപ്പുതുടങ്ങിയിട്ടുണ്ട്.
ഇന്നലെ ഔൺസിന് 4,260 ഡോളർ ആയിരുന്ന വില ഇന്നൊരുഘട്ടത്തിൽ 4,352 ഡോളർ വരെയെത്തി. എന്നാൽ, ഇപ്പോൾ വ്യാപാരം ചെയ്യുന്നത് 4,300 ഡോളറിൽ.
കേരളത്തിൽ ഇന്നലെ വില സർവകാല ഉയരത്തിൽ എത്തിയിരുന്നു. 2,520 രൂപ വർധിച്ച് വില 98,400 രൂപയാണ് പവൻവില.
ഗ്രാമിന് 315 രൂപ വര്ഡധിച്ച് 12,300 രൂപയും. ഇന്നൊരുപക്ഷേ, വില ചരിത്രത്തിൽ ആദ്യമായി ഒരുലക്ഷം രൂപ കടന്നേക്കും.
അടിസ്ഥാന പലിശനിരക്ക് കുറച്ച യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നടപടിയാണ് സ്വർണത്തിന് കുതിപ്പാകുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

