മംഗളൂരു ∙ കഴിഞ്ഞ വർഷത്തെ വിജയവും തോൽവിയും നെഞ്ചേറ്റി വേഗത്തിന്റെ ട്രാക്കിൽ പുതിയ ചരിത്രം രചിക്കാൻ പോത്തുകൂറ്റൻമാരും കമ്പള ജോക്കികളും ഒരുങ്ങിയതോടെ 2025–26 വർഷത്തെ കമ്പള മത്സരങ്ങൾക്കു ദക്ഷിണ കന്നഡയിൽ തുടക്കമായി. കാരിരുമ്പിന്റെ ശക്തിയും മിന്നൽവേഗവുമായി പോത്തുകൾ വിസ്മയം തീർക്കുന്നതു കാണാൻ ആരാധകർ ഒഴുകിയെത്തും.
ഡിസംബർ മുതൽ 2026 ഏപ്രിൽ വരെ ജില്ലയുടെ പല ഭാഗങ്ങളിലായി നടക്കുന്ന കമ്പള മത്സരങ്ങൾ കാണാനായി കേരളത്തിൽനിന്നും ആരാധകരെത്തും.
2014 വരെ കാസർകോടിന്റെ പല മേഖലകളിലും കമ്പള നടത്തിയിരുന്നെങ്കിലും സർക്കാർ നിരോധിക്കുകയായിരുന്നു. കാസർകോട്ടെ കമ്പള സ്നേഹികളും ഇനിയുള്ള നാലുമാസക്കാലം അയൽനാട്ടിലെ കമ്പള മൈതാനങ്ങളിൽനിന്ന് ആവേശത്തിമിർപ്പിൽ ആർപ്പോ വിളിക്കും.
മത്സരങ്ങളിൽ പങ്കെടുക്കാനായി കാസർകോട്ടുനിന്ന് എത്തുന്നവരുമുണ്ട്.
ദക്ഷിണകന്നഡയിൽ വിവിധ സാംസ്കാരിക സംഘടനകളും ക്ലബ്ബുകളുമാണു കമ്പള മത്സരങ്ങൾ നടത്തുന്നത്. ഉഡുപ്പിയിൽനിന്നും തീരദേശ കർണാടകയുടെ പല ഭാഗങ്ങളിൽനിന്നും മത്സരങ്ങൾക്കായി ടീമുകളെത്തും.
മാസങ്ങൾ നീണ്ട തയാറെടുപ്പോടെയാണു മത്സരങ്ങൾ നടക്കുന്നത്.
താൽക്കാലിക ട്രാക്കുകൾ നിർമിച്ചാണു പോത്തുകളും ഇവയെ നയിക്കുന്ന ജോക്കികളും തയാറെടുക്കുന്നത്. വിവിധയിനങ്ങളിലായി ഒരു ദിവസം നീളുന്ന മത്സരങ്ങളാണ് നടക്കുക.
ദക്ഷിണകന്നഡയിലെ പ്രധാന കമ്പള മത്സരങ്ങൾ
∙ ഡിസംബർ 13– ബരഡി, 20– ഹൊക്കാഡി, 27– മംഗളൂരു, 28– മുൽക്കി, ജനുവരി 3– മിയ്യാരു, 10– നരിങ്ങന, 17– അഡ്വെ, 24– മൂഡബിദ്രി, 31– അരിക്കള, ഫെബ്രുവരി 7– പുത്തൂർ, 14– ജെപ്പു, 21– ജെപ്പു, വാമഞ്ചൂർ, 28 യെർമൽ, മാർച്ച് 7– ബണ്ട്വാൾ, 15– ബെങ്കാടി, 21– വേണൂർ, 28– ഉപ്പിനങ്ങാടി, ഏപ്രിൽ 4– ഗുരുപുര, 11– ബൽക്കുഞ്ചെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

