തൃശൂർ ∙ കുടമാറ്റം കണ്ടുശീലിച്ച തെക്കേഗോപുരനടയിൽ ആവേശത്തിന്റെ കൊടിമാറ്റം. പഞ്ചവാദ്യവും പാണ്ടിമേളവും കേട്ടുതഴമ്പിച്ച കാതുകളിൽ മുഴങ്ങിയതു ശിങ്കാരിമേളവും നാസിക് ഡോലും.
ആനപ്പുറമേറുന്ന സ്പെഷൽ കുടകൾക്കു പകരം വാഹനപ്പുറങ്ങളിൽ സ്ഥാനാർഥികൾ. പൂരം മൂഡിനു പകരം സിരകളെ ത്രസിപ്പിച്ചുകൊണ്ടു ഡിജെ മൂഡ്.
കൊട്ടിക്കയറിയ ആവേശത്തിനൊടുവിൽ ചെറു വെടിക്കെട്ടും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു മൂന്നു മുന്നണികളും ആവേശകരമായ കലാശമിട്ടതോടെ ഇന്നു നിശബ്ദ പ്രചാരണത്തിന്റെയും വീടുകയറി വോട്ടഭ്യർഥനയുടെയും ദിനം.
നാളെ രാവിലെ വിധി നിർണയിക്കാൻ ജനം പോളിങ് ബൂത്തുകളിലെത്തും.
എംഒ റോഡിൽ എൽഡിഎഫും സ്വരാജ് റൗണ്ടിൽ മുഖാമുഖം യുഡിഎഫും എൻഡിഎയും അണിനിരന്നതോടെ വൈകിട്ടു നാലരയോടെ തന്നെ കലാശക്കൊട്ടിന്റെ ഇരമ്പം തുടങ്ങി. എൽഡിഎഫ് പക്ഷത്തു ചുവന്ന ഷാളുകളും ചെങ്കൊടികളും പിടിച്ചു സ്ഥാനാർഥികൾ അണിനിരന്നു.
അതിനു മുന്നിലായി കുമ്പ കുലുക്കി പുലിവേഷത്തിൽ പ്രചാരകർ. പുലികളുടെ വയറിൽ സ്ഥാനാർഥിയുടെ ചിത്രം.
വലിയ വാനരവേഷം തുള്ളിക്കളിച്ചു കൊഴുപ്പേറ്റി. ഏറ്റവും മുന്നിൽ കൂറ്റൻ കൊടികളുയർത്തി പ്രവർത്തകരും നേതാക്കളും.
മറുവശത്തു വാഹനറാലിയോടെ സ്വരാജ് റൗണ്ടിലേക്കു യുഡിഎഫിന്റെ എൻട്രി.
ഡിജെ മൂഡിൽ ഹരമുയർത്തിയായിരുന്നു വരവ്. ലേസർ ലൈറ്റിന്റെയും ചടുല സംഗീതത്തിന്റെയും ചുവടു പിടിച്ചു പ്രവർത്തകരും നേതാക്കളും വണ്ടികൾക്കു മുകളിൽ കയറി നൃത്തം ചവിട്ടി.
ത്രിവർണ കടലാസുകൾ ബ്ലോവറിലൂടെ വാനിലേക്കുയർന്നു. കുമ്പയിൽ സ്ഥാനാർഥിയുടെ ചിത്രം പതിച്ച പുലി മുന്നിൽ കൂളിങ് ഗ്ലാസ് ധരിച്ചു നിന്നു നൃത്തമാടി.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആടിയും പാടിയും അരങ്ങുണർത്തി.
തിരഞ്ഞെടുപ്പ് ആവേശത്തിന്റെയും ത്രികോണ മത്സരത്തിന്റെയും ചൂടറിയിച്ചായിരുന്നു എൻഡിഎയുടെ വരവ്. പടുകൂറ്റൻ നിലക്കാവടികൾ സ്വരാജ് റൗണ്ടിൽ നൃത്തമാടി.
ഉഗ്ര ശബ്ദത്തിൽ ഡിജെ സംഗീതം ജനക്കൂട്ടത്തെ വിറപ്പിച്ചു. ചെണ്ടമേളം കൂടിയായപ്പോൾ ബാരിക്കേഡിനു മുകളിൽ വരെ കയറി പ്രവർത്തകർ നൃത്തം ചവിട്ടി.
ആറുമണിയോട് അടുക്കുന്തോറും മൂന്നു വശങ്ങളിലും ആവേശം കത്തിക്കയറി. മൂന്നു കൊടികളുടെയും നിറങ്ങളിൽ കടലാസ് തോരണങ്ങൾ വാനിൽ പാറി.
ഹൈഡ്രജൻ ബലൂണുകൾ കൂട്ടത്തോടെ പറന്നു. തുറന്ന വാഹനങ്ങളിൽ സ്ഥാനാർഥികളും നിലത്തു പ്രവർത്തകരും നൃത്തംചവിട്ടി.
ചെറു വെടിക്കെട്ട് മുഴങ്ങി.
നാലുവശത്തും കാഴ്ചക്കാർ തിങ്ങിക്കൂടി. കൃത്യം ആറു മണിക്കു പൊലീസ് വിസിൽ മുഴക്കി മുന്നറിയിപ്പു നൽകി.
പിന്നാലെ പൊലീസ് ഇടപെട്ടു മൈക്കുകൾ ഓഫ് ചെയ്യാൻ നിർദേശം നൽകി. പ്രവർത്തകർ നിശബ്ദരായി മടങ്ങി. യുഡിഎഫിനു വേണ്ടി കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ.
പല്ലൻ, എൽഡിഎഫിനു വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, എൻഡിഎയ്ക്കു വേണ്ടി ബിജെപി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ എന്നിവരും കലാശക്കൊട്ടിനു നേതൃത്വം നൽകി.
ഇളവില്ല, ഹരിത ചട്ടത്തിൽ
തൃശൂർ ∙ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എല്ലാ പോളിങ് ബൂത്തുകളിലും ഹരിതചട്ടം നിർബന്ധം.
എല്ലാ പോളിങ് ബൂത്തുകളിലും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കും. കുടിവെള്ളത്തിനും ഭക്ഷണത്തിനും സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണം.
പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഉണ്ടാവില്ല. ഭക്ഷണം പാഴ്സൽ നൽകുന്നതു പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണു ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനു ജില്ലയിൽ നേതൃത്വം നൽകുന്നത്. പോളിങ് ബൂത്തുകളിൽ ഉണ്ടാവുന്ന അജൈവ പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിനു പ്രകൃതി സൗഹൃദ കൊട്ടകളും ട്വിൻ ബിന്നുകളും സ്ഥാപിക്കും.
ഓരോ പോളിങ് ബൂത്തുകളിലും ഹരിത കർമ സേനയുടെ സേവനം ഉറപ്പാക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനിലും ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫിസർമാരെ ലക്ടർ നിയോഗിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

