തൃക്കരിപ്പൂർ∙ കഴിഞ്ഞദിവസം തൃക്കരിപ്പൂർ ടൗണിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ 2 പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ പണിമുടക്ക് നടത്തിയിരുന്നു.
ബസോട്ടം നിലച്ചത് യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കി.മെട്ടമ്മൽ ഈസ്റ്റിലെ നങ്ങാരത്ത് ഹൗസിൽ മുഹമ്മദ് നവാസ് (37), മെട്ടമ്മൽ തിടിൽ ഹൗസിലെ എം.അബ്ദുൽ ഖാദർ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാളെക്കൂടി പിടികിട്ടാനുണ്ട്.
ബസ് ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ചെറുവത്തൂർ– പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബാവാസ് ബസിലെ ഡ്രൈവർ പെരുമ്പട്ട
സ്വദേശി റുവൈസിനും കണ്ടക്ടർ തടിയൻ കൊവ്വലിലെ അഭിക്കും മർദനമേറ്റത്.
ബീരിച്ചേരി റെയിൽവേ ഗേറ്റ് കടക്കുന്നതിനിടെ കാറിൽ ഉരസിയെന്നാരോപിച്ച് ബസിനെ കാറിൽ പിന്തുടർന്നെത്തിയവർ ടൗണിൽ തടഞ്ഞു നിർത്തുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പൊലീസിൽ നൽകിയ പരാതി. മർദനത്തിനു നേതൃത്വം നൽകിയവരെ പിടികൂടണമെന്നു ആവശ്യപ്പെട്ട് ഇന്നലെ ബസ് ജീവനക്കാർ തൃക്കരിപ്പൂർ റൂട്ടിൽ പണിമുടക്ക് നടത്തുകയുണ്ടായി.
ഞായറാഴ്ച രാത്രിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.ബന്ധപ്പെട്ട യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിക്കുന്നതിനു പകരം ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചത്.
മുന്നൊരുക്കമില്ലാതെ ഇന്നലെ നടത്തിയ സമരം യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കി.
ഇരുജില്ലകളിലെയും വിവിധ കോളജുകളിൽ ഉൾപ്പെടെ പഠിക്കുന്ന കുട്ടികളാണ് പ്രധാനമായും പെരുവഴിയിലായത്. രാവിലെ 6 ന് ആരംഭിച്ച സമരം പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മൂന്നര മണിക്കൂറിനു ശേഷം പിൻവലിച്ചു.അതേസമയം ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചെന്നാരോപിച്ച് കാർ ഉടമ മെട്ടമ്മലിലെ എം.അബ്ദുൽ ഖാദറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കാറിൽ ബസിടിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചെന്നാണ് പരാതി. കാറിൽ ബസ് ഇടിച്ചത് മൂലം 27,500 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും പരാതിപ്പെട്ടു.ബസ് ജീവനക്കാരുടെ പണിമുടക്കിൽ ബസ് ഉടമകളിൽ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചു. വ്യാപാരികളും പണിമുടക്കിനെതിരെ പ്രതികരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

