ചാലക്കുടി ∙ വർഷം ഒന്നര പിന്നിട്ടിട്ടും ചാലക്കുടി ഈസ്റ്റ് ഗവ. സ്കൂൾ മതിൽ ഇനിയും പുനർനിർമിച്ചില്ല.
നൂറു കണക്കിനു വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ മതിലാണ് പണി നടത്താതെ കിടക്കുന്നത്. 2024ലെ വേനൽ അവധിക്കാലത്താണു മതിൽ പൊളിച്ചത്.
പിന്നീടു ടാർപോളിൻ വലിച്ചു കെട്ടി വേലി പോലെയുണ്ടാക്കിയെങ്കിലും വൈകാതെ അതും നഷ്ടമായി. ഇവിടെ പഠിക്കുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി നടപടി വൈകുന്നതെന്തെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. മതിൽ അപകടാവസ്ഥയിലായതിനെ തുടർന്നാണു കവാടത്തിനോടു ചേർന്ന് ഒരു ഭാഗം പൊളിച്ചത്.
എന്നാൽ സ്കൂൾ വളപ്പിൽ പുറമ്പോക്ക് ഉണ്ടെന്നും അത് അളന്നു തിട്ടപ്പെടുത്തി കയ്യേറ്റം ഒഴിപ്പിക്കാതെ മതിൽ പുനർനിർമിക്കരുതെന്നും ആവശ്യമുയർന്നു.
കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നേരത്തെ പൊതുപ്രവർത്തകനായ ബാബു ജോസഫ് പുത്തനങ്ങാടി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നു സ്ഥലം അളന്നു തിട്ടപ്പെടുത്താൻ കോടതി നിർദേശിച്ചിരുന്നു.
ഈ നിർദേശത്തെ തുടർന്ന് റോഡിനോടു ചേർന്ന സ്ഥലമുടമകളിലൊരാൾ മതിൽ മാറ്റി നിർമിച്ചു. റോഡ് അളന്നു പുറമ്പോക്ക് തിട്ടപ്പെടുത്താനായി സ്കെച്ച് ലഭിച്ചില്ലെന്ന അധികൃതരുടെ വാദത്തിൽ മതിൽ പുനർനിർമാണം തടസ്സപ്പെട്ടു.
പുറമ്പോക്ക് കണ്ടെത്താനായി താലൂക്ക് സർവേയർ അളന്നു തിട്ടപ്പെടുത്തണം. അതിനു ബന്ധപ്പെട്ടവർ മുൻകയ്യെടുക്കുന്നില്ലെന്നാണു പരാതി.
യുപി, ഹൈസ്കൂൾ വിഭാഗം കെട്ടിടങ്ങളോടു ചേർന്നുള്ള മതിലാണ് പൊളിഞ്ഞു കിടക്കുന്നത്.
ഇതേ സ്കൂൾ വളപ്പിലാണ് എൽപി, ട്രൈബൽ ഹോസ്റ്റൽ കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്. തെരുവു നായ്ക്കളും ഇഴജന്തുക്കളും സ്കൂൾ വളപ്പിൽ കാണാം.
കുട്ടികളുടെ സുരക്ഷയെ കരുതി സാങ്കേതിക തടസ്സങ്ങൾ നീക്കി മതിൽ നിർമാണം അതിവേഗം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

