ആലപ്പുഴ∙ മുല്ലയ്ക്കലമ്മയുടെ തിടമ്പേറ്റാൻ ഇനി ബാലകൃഷ്ണൻ ഇല്ല. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്ര വളപ്പിൽ ഇന്നലെ രാവിലെ 7ന് മുല്ലയ്ക്കൽ ബാലകൃഷ്ണൻ (62) ചരിഞ്ഞു.
ആനത്തറയിൽ വിശ്രമത്തിലായിരുന്ന ആന പ്രഭാത ശീവേലി അവസാനിച്ച സമയത്തു കുഴഞ്ഞുവീഴുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനകളിൽ തലയെടുപ്പിൽ രണ്ടാമനാണ് ബാലകൃഷ്ണൻ.
2008ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് ഗജരാജപട്ടം നേടിയിട്ടുണ്ട്. കഴിഞ്ഞ 36 വർഷമായി ക്ഷേത്രത്തിലെ ഉത്സവത്തിലും വിശേഷദിവസങ്ങളിലും ദേവിയുടെ തിടമ്പേറ്റിയിരുന്നത് ബാലകൃഷ്ണനാണ്.
പ്രായാധിക്യവും ശാരീരിക അവശതയും കാരണം ഇത്തവണ ഉത്സവത്തിന് ബാലകൃഷ്ണൻ തിടമ്പേറ്റിയില്ല. കൊടിയേറ്റിനെത്തി തന്റെ സാന്നിധ്യമറിയിച്ച് ആന വിശ്രമത്തിലേക്കു കടന്നു.
ഒന്നാം പാപ്പാൻ പി.എസ്.അനിൽകുമാറായിരുന്നു ബാലകൃഷ്ണന്റെ കൂടെയുണ്ടായിരുന്നത്.
1987ൽ ഡിസംബറിൽ തൃശൂർ പാറമേക്കാവ് ഭഗവതി ക്ഷേത്രഭരണസമിതിയിൽ നിന്നാണ് മുല്ലയ്ക്കൽ ക്ഷേത്രം ബാലകൃഷ്ണനെ സ്വന്തമാക്കുന്നത്. മുല്ലയ്ക്കൽ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന കോടിയർച്ചന യജ്ഞത്തിൽനിന്നു മിച്ചം വന്ന തുകയും ഭക്തരിൽനിന്നു സമാഹരിച്ച തുകയും ചേർത്തു 1,25,000 രൂപയ്ക്കാണു 20 വയസ്സിൽ താഴെ മാത്രം പ്രായമുള്ള ആനയെ വാങ്ങുന്നത്.
അപ്പോഴേക്കും ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞിരുന്നു. ധനുമാസം ശുഭകരമല്ലെന്നു കണ്ട
ക്ഷേത്രം കമ്മിറ്റി 1988 ഏപ്രിൽ 23നാണ് ബാലകൃഷ്ണനെ നടയ്ക്കിരുത്തുന്നത്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ടിന് ബാലകൃഷ്ണൻ ആദ്യമായി എഴുന്നള്ളി.
2015ൽ 136 ഉത്സവങ്ങളിൽ എഴുന്നള്ളിയെന്ന ചരിത്രവും ബാലകൃഷ്ണനുണ്ട്. ഓരോ വർഷവും 100ൽ അധികം ഉത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ബാലകൃഷ്ണൻ.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തുറവൂർ നരസിംഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്കും മുല്ലയ്ക്കൽ ബാലകൃഷ്ണൻ താരമായിരുന്നു.
ഇനിയില്ല മുല്ലയ്ക്കലിലെ തലപ്പൊക്കം
ആലപ്പുഴ ∙ ഓരോ ആനപ്രേമിയുടെ ഹൃദയത്തിലും വിടവുണ്ടാക്കി അവരുടെ പ്രിയപ്പെട്ട ബാലകൃഷ്ണൻ വിടവാങ്ങി.
ബാലകൃഷ്ണന്റെ അഴകും എടുപ്പുമാണ് ജനകീയനാക്കിയത്. തൃശൂർ സ്വദേശി കിഴക്കേവീട്ടിൽ ട്രസ്റ്റ് ഭാരവാഹിയായിരുന്ന ബാലകൃഷ്ണമേനോൻ കോടനാട് ആനക്കൂട്ടിൽനിന്ന് അവനെ സ്വന്തമാക്കുകയായിരുന്നു.
പാറമേക്കാവിൽ നടയ്ക്കിരുത്തിയ ആനയ്ക്ക് ബാലകൃഷ്ണൻ എന്നുതന്നെ പേരും നൽകി. പിന്നീടാണു മുല്ലയ്ക്കൽ ബാലകൃഷ്ണനാകുന്നത്.
2017ലെ ഓണക്കാലത്തിനു ശേഷം ബാലകൃഷ്ണന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി.
അക്കൊല്ലത്തെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ തിരുവോണ ആറാട്ടു കഴിഞ്ഞ് മടങ്ങവേ, തുറവൂരിനടുത്ത് വളമംഗലത്ത് എത്തിയപ്പോൾ ആന ലോറിയിൽ നിന്നിറങ്ങിയോടുകയായിരുന്നു. നേരെ ചെന്നു പതിച്ചത് അനന്തങ്കരിയിലെ ചതുപ്പിൽ.
16 മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് ആനയെ പുറത്തെടുക്കുന്നത്.
അന്നു മുതലുള്ള ശ്വാസകോശ സംബന്ധമായ രോഗം ആനയെ വലച്ചിരുന്നു. മാത്രമല്ല, ഒരു പല്ലു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പനമ്പട്ട പോലെ കട്ടിയുള്ള ആഹാരങ്ങൾ കഴിക്കാനും ബുദ്ധിമുട്ടായിരുന്നു.
ഫെബ്രുവരിയിൽ തകഴി ധർമ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് ബാലകൃഷ്ണൻ അവസാനമായി പങ്കെടുക്കുന്നത്. ഒന്നാം പാപ്പാനായ പി.എസ്.അനിൽകുമാർ 16 വർഷമായി ആനയുടെ സഹചാരിയാണ്.
രണ്ടാം പാപ്പാൻ പ്രകാശൻ നിയമിതനായിട്ട് 5 ദിവസമേ ആകുന്നുള്ളൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

