വടക്കഞ്ചേരി∙ വാളയാർ–ഇടപ്പള്ളി ദേശീയപാതയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന ആവശ്യത്തിലും ഇന്നു ഹൈക്കോടതി വാദം കേൾക്കും. ഇതു സംബന്ധിച്ച് പാലക്കാട് കലക്ടർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടും നിർമാണ കമ്പനിക്ക് തിരിച്ചടിയാകും.
പന്നിയങ്കരയിലെയും പാലിയേക്കരയിലെയും ടോൾ പിരിവ് താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ഷാജി.ജെ.കോടങ്കണ്ടത്ത് അഡ്വ.ഗംഗേഷ് മുഖാന്തരം കൊടുത്ത ഉപഹർജിയിലാണ് വാദം കേൾക്കുക. ദേശീയപാതയിലെ ഗതാഗതക്കുരുക്കും 11 മേൽപാലങ്ങളുടെ നിർമാണത്തിലെ മെല്ലെപ്പോക്കും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കരാർ കാലാവധി അവസാനിച്ചിട്ടും മേൽപാലത്തിന്റെയും അടിപ്പാതകളുടെയും നിർമാണം പലയിടത്തും പകുതി പോലും ആയിട്ടില്ല. പിഎസ്ടി കമ്പനിയാണ് 383 കോടി രൂപയ്ക്കു കരാർ ഒപ്പിട്ട് പണികൾ നടത്തുന്നത്.
നിർമാണം നീളുമ്പോൾ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാകുകയാണ്.
ഹൈക്കോടതി ഇടപെട്ട് പാലിയേക്കരയിലെ ടോൾ പിരിവ് 73 ദിവസം നിർത്തിവയ്പ്പിച്ചിരുന്നു. എന്നാൽ ടോൾ കമ്പനി കേസ് നടത്തി കോടതി ഉത്തരവോടെ വീണ്ടും പിരിവ് തുടങ്ങി. ജില്ലയിൽ കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിലും ജില്ലാ അതിർത്തിയായ വാണിയമ്പാറയിലും തൃശൂർ ജില്ലയിലെ പട്ടിക്കാടും മുടിക്കോടും അടിപ്പാത നിർമാണം നടക്കുന്നുണ്ട്.
അടിപ്പാത നിർമാണം ഇഴയുകയാണെന്നും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും കലക്ടർ എം.എസ്.മാധവിക്കുട്ടി നൽകിയ റിപ്പോർട്ടിലുണ്ട്. നിർമാണം കഴിയും വരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. ദേശീയപാത നിർമാണം പൂർത്തിയാകും മുൻപ് ടോൾ പിരിവിന് അനുമതി നൽകിയ ദേശീയപാത അതോറിറ്റി നൽകിയ കംപ്ലീഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും അഡ്വ.ഷാജി കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

