ഒറ്റപ്പാലം ∙ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപത്തു നിന്നു തോക്കു ചൂണ്ടി ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യവസായി മലപ്പുറം വണ്ടൂർ പൂങ്ങോട് വലിയപീടിയേക്കൽ വി.പി.മുഹമ്മദലിയെ (ആലുങ്ങൽ മുഹമ്മദലി – 72) ഒറ്റപ്പാലം പത്തംകുളം ഭാഗത്തു കണ്ടെത്തി. പരുക്കേറ്റ നിലയിൽ കണ്ടതിനെതുടർന്നു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്വട്ടേഷൻ സംഘം തടവിൽ പാർപ്പിച്ച വീട്ടിൽ നിന്നു രക്ഷപ്പെട്ട മുഹമ്മദലിയെ നാട്ടുകാരാണു കണ്ടെത്തിയത്.
സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച വൈകിട്ട് ആറരയോടെ കാളികാവ് പൂങ്ങോട്ടെ വീട്ടിൽ നിന്നു കാറിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന മുഹമ്മദലിയെ പിന്തുടർന്നെത്തിയ സംഘം തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപം തടഞ്ഞുനിർത്തുകയായിരുന്നു. മുഖംമൂടി ധരിച്ച് കാറിലെത്തിയ ഏഴംഗ സംഘം മുഹമ്മദലിയുടെ കാറിന്റെ ചില്ലു തകർത്തു പുറത്തിറക്കിയ ശേഷം തോക്കു ചൂണ്ടി കടത്തിക്കൊണ്ടുപോയെന്നാണു കേസ്.
യാത്രയ്ക്കിടെ മറ്റൊരു കാറിലേക്കു മാറ്റിക്കയറ്റിയാണ് ഒറ്റപ്പാലം പത്തംകുളം കുണ്ടടിയിലെ പൂട്ടിയിട്ട വീട്ടിലെത്തിച്ചത്.
ഇവിടെ വച്ചു മുഹമ്മദലിയുടെ, കാനഡയിലുള്ള മകന്റെ ഫോണിലേക്ക് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ശബ്ദസന്ദേശവും അയച്ചു. വിവരം പൊലീസിൽ അറിയിക്കരുതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
ക്രൂരമായി ഉപദ്രവിച്ച ശേഷം സംഘാംഗങ്ങൾ മദ്യപിച്ച് ഉറങ്ങിയതിനു പിന്നാലെയാണ് ഇന്നലെ പുലർച്ചെ അഞ്ചോടെ മുഹമ്മദലി രക്ഷപ്പെട്ടത്.
പ്രദേശത്തെ പള്ളിയുടെ പരിസരത്തെത്തിയ ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു. നീലഗിരിയിലെ ഒരു കോളജിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് 17 കോടി രൂപയുടെ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.
തട്ടിക്കൊണ്ടുപോകലിന് ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജിദ്ദ നാഷനൽ ഹോസ്പിറ്റൽ, റയാൻ മെഡിക്കൽ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വി.പി.മുഹമ്മദലി. ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ മേൽനോട്ടത്തിൽ ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരനാണ് അന്വേഷണച്ചുമതല.
മുഹമ്മദലിയെ തടവിൽ പാർപ്പിച്ച വീട്ടിൽ പൊലീസ്, ഫൊറൻസിക് വിഭാഗങ്ങൾ പരിശോധന നടത്തി.
ഒന്നിലധികം സംഘങ്ങൾക്കു പങ്കെന്ന് പൊലീസ്
ഒറ്റപ്പാലം∙ വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒന്നിലധികം ക്വട്ടേഷൻ സംഘങ്ങൾക്കു പങ്കുണ്ടെന്നു പൊലീസ് നിഗമനം. ഒരു സംഘം ഏറ്റെടുത്ത ദൗത്യം മറ്റൊരു സംഘത്തിന്റെ സഹായത്തോടെ നടപ്പാക്കി എന്ന സംശയമാണു ബലപ്പെടുന്നത്.
കാറിൽ പിന്തുടർന്നെത്തിയതും തോക്കു ചൂണ്ടി മുഹമ്മദലിയെ തട്ടിക്കൊണ്ടു പോയതും ഒരു സംഘമാണെന്നു പൊലീസ് കരുതുന്നു. പാതിവഴിയിൽ മറ്റൊരു കാറിലേക്കു കയറ്റിയതും പത്തംകുളം കുണ്ടടിയിലെ പൂട്ടിയിട്ട
വീട്ടിലെത്തിച്ചതും മറ്റൊരു സംഘമാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. മലബാർ ജില്ലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ ചിലരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല.
സംശയത്തിന്റെ നിഴലിലുള്ള എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വീടിന്റെ ഉടമയും അന്വേഷണ പരിധിയിലുണ്ട്. നിരീക്ഷണ ക്യാമറദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. സ്വകാര്യ ആശുപത്രി മാനേജിങ് ഡയറക്ടർ കൂടിയായ വി.പി.മുഹമ്മദലിക്കു വിദേശത്തും സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ വ്യവസായ സംരംഭങ്ങളുണ്ട്.
ഇതിൽ പലതും പങ്കാളിത്ത സംരംഭങ്ങളുമാണ്.
ആത്മധൈര്യം കൈവിട്ടില്ല; ക്വട്ടേഷൻ സംഘം ഉറങ്ങിയ നേരം സാഹസിക രക്ഷപ്പെടൽ
ഒറ്റപ്പാലം∙ ക്വട്ടേഷൻ സംഘത്തിൽനിന്നു മോചിതനാകാൻ വി.പി.മുഹമ്മദലിക്കു കരുത്തായത് ആത്മധൈര്യം. തട്ടിക്കൊണ്ടുപോയതു മുതൽ സഹിച്ച ഭീഷണിക്കും മർദനത്തിനും ഒടുവിൽ 10 മണിക്കൂറിനു ശേഷമാണ് തന്ത്രപരമായി രക്ഷപ്പെട്ടത്. പത്തംകുളം കുണ്ടടിയിലെ വീട്ടിലെത്തിച്ചതിനു പിന്നാലെയാണു കാനഡയിലുള്ള മകന്റെ ഫോണിലേക്കു മുഹമ്മദലിയുടെ ഫോണിൽ നിന്ന് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ശബ്ദസന്ദേശം അയപ്പിച്ചത്.
പിന്നീടു ക്വട്ടേഷൻ സംഘം മദ്യപിച്ചു ബോധരഹിതരായി ഉറങ്ങിയപ്പോഴും മർദനമേറ്റ് അവശനായ മുഹമ്മദലി കണ്ണിമ വെട്ടാതെ കാത്തിരുന്നു. പുലർച്ചെ അഞ്ചോടെയാണ് വീട്ടിൽനിന്നു രക്ഷപ്പെട്ടത്.
എത്തിയതു പ്രദേശത്തെ പള്ളി പരിസരത്ത്. ഈ സമയത്തു നിസ്കാരത്തിനായി ഇവിടെ ഏതാനും വിശ്വാസികൾ എത്തിയിരുന്നു. സംശയം തോന്നിയ ഇവർ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.
അപ്പോഴേക്കും മുഹമ്മദലി തീർത്തും അവശനിലയിലായിരുന്നു. പിന്നീടാണു പൊലീസ് എത്തിയതും അന്വേഷണം തുടങ്ങിയതും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

