തൊടുപുഴ∙ ഒരു മാസം കൊണ്ടു പറഞ്ഞു തീർക്കാവുന്നതായിരുന്നില്ല ഇടുക്കിയിലെ തിരഞ്ഞെടുപ്പ് വിഷയങ്ങൾ. കലാശക്കൊട്ട് കഴിഞ്ഞപ്പോൾ സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ആകെ ടെൻഷൻ ‘എല്ലാ കാര്യങ്ങളും കൃത്യമായി അവതരിപ്പിച്ചോ?’ ! 10 വർഷം സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികൾക്കൊപ്പം ജില്ലാ പഞ്ചായത്ത് ഭരണ സമിതി നടപ്പാക്കിയ വികസന കാര്യങ്ങളും ചർച്ചയാക്കിയായിരുന്നു എൽഡിഎഫ് പ്രചാരണം. ഇടുക്കി പാക്കേജ് എന്ന ഒറ്റ പേരിൽ സംസ്ഥാന സർക്കാർ ജില്ലയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കണക്കിലൂടെ ആവർത്തിച്ച് യുഡിഎഫിന്റെ കൗണ്ടർ.
രണ്ടു പാർട്ടികളും മാറി മാറി ഭരിച്ചിട്ടും ഇടുക്കിക്ക് വളർച്ച കൈവരിച്ചിട്ടില്ലെന്ന് ഉച്ചത്തിൽ ആവർത്തിച്ച് എൻഡിഎയും .
ആകെ 52 പഞ്ചായത്തുകളിൽ മുപ്പതിലും നിലവിൽ എൽഡിഎഫ് ഭരണമാണ്. 4 ബ്ലോക്ക് വീതം യുഡിഎഫും എൽഡിഎഫും പിടിച്ചെടുത്തു.കട്ടപ്പന, തൊടുപുഴ നഗരസഭ ഭരണവും യുഡിഎഫിനാണ്.
ആകെ 5 നിയമസഭ മണ്ഡലങ്ങളിൽ നാലിലും എൽഡിഎഫ് ഭരണം. പക്ഷേ ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ 5 ഇടത്തും യുഡിഎഫ് നേടിയത് വമ്പൻ ലീഡ്.
പ്രതീക്ഷയിലാണ് യുഡിഎഫ്
കൈവിട്ടുപോയ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ തിരികെ പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്.
സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങൾ ഉണ്ടായെങ്കിലും പിന്നീടുള്ള പ്രചാരണം ഒറ്റക്കെട്ടായി നടത്തിയെന്ന് നേതാക്കൾ പറയുന്നു. ചിലയിടത്തെ വിമതശല്യം പതിവ് കാഴ്ച എന്നാണ് ഇവർ പറയുന്നത്.സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ ഒന്നായി എണ്ണിയെണ്ണയുള്ള പ്രചാരണം.
രാഷ്ട്രീയത്തിലുപരി വ്യക്തി വോട്ടുകൾ വിജയം നിശ്ചയിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർഥികളും വോട്ടർമാരെ 3 തവണ വീതം കണ്ടിട്ടുണ്ടെന്ന് ജില്ലാ നേതൃത്വം പറയുന്നു.
മൂന്നാറിൽ സ്ഥാനാർഥിക്ക് നേർക്കുണ്ടായ കാട്ടാന ആക്രമണശ്രമം പ്രചാരണത്തിന്റെ ഭാഗമായി നാടിറങ്ങി.ഉപാധിരഹിത പട്ടയം ഉറപ്പാക്കുമെന്ന പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും വാക്കുകൾ മലയോരമേഖലയിൽ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. സിഎച്ച്ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ വീഴ്ചകൾ അവതരിപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കാനായെന്ന് ഇവർ വിശ്വസിക്കുന്നു.
ലക്ഷ്യം 40 പഞ്ചായത്ത് !
സിപിഎം സംസ്ഥാന സെക്രട്ടറി തൊടുപുഴയിൽ വച്ച് എൽഡിഎഫ് ഇടുക്കിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഉച്ചത്തിൽ പറഞ്ഞു: ‘40 പഞ്ചായത്തുകളിൽ ഭരണം’. ഈ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ ഒരു മാസമായി സ്ഥാനാർഥികളും പ്രവർത്തകരും.
കഴിഞ്ഞ 9 വർഷത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികൾ അവതരിപ്പിക്കാനായത് നേട്ടമായി എൽഡിഎഫ് കരുതുന്നു.
നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായതും തർക്കങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചതും ഗുണം ചെയ്യുമെന്നാണ് ക്യാംപ് റിപ്പോർട്ട്. ഇതുവരെ ലഭിച്ചിട്ടില്ലാത്ത കട്ടപ്പന നഗരസഭയിൽ 25 സീറ്റ് നേടി ഭരണം പിടിക്കുമെന്ന് ഇവർ പറയുന്നു.
തൊടുപുഴ നഗരസഭ ഭരണവും പിടിക്കുകയാണ് ലക്ഷ്യം.ഭൂപതിവ് ഭേഗഗതി നടപ്പിലാക്കി എല്ലാവർക്കും പട്ടയം നൽകുമെന്നതായിരുന്നു പ്രധാന വാഗ്ദാനം.
വന്യമൃഗശല്യം കുറയ്ക്കാനായെന്ന് അവകാശപ്പെടുന്നു. ആർആർടി ഉൾപ്പെടെയുള്ളവയുടെ സേവനം കൂടുതൽ ഉപകരിക്കുന്ന തരത്തിലേക്ക് മാറ്റുമെന്നും ഇവർ പറയുന്നു. പ്രചാരണത്തിനിടെ ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പു കൂടാതെ നിയമസഭ തിരഞ്ഞെടുപ്പിലും മിന്നുംജയം ഉറപ്പാണെന്ന് ജില്ലാ നേതൃത്വം പറയുന്നു.
ഇടുക്കി സ്പെഷൽ ആക്കാൻ എൻഡിഎ
കേന്ദ്ര പദ്ധതികളുടെ വിശദ ലിസ്റ്റുമായാണ് എൻഡിഎ പ്രവർത്തകർ തദ്ദേശ തിരഞ്ഞെടുപ്പിൽ വീടുകൾ കയറിയത്.
ഇത്തരം പദ്ധതികളിലൂടെ ഗ്രാമങ്ങളുടെ വികസനം ഉറപ്പ് നൽകിയായിരുന്നു പ്രചാരണം. ഇത് വോട്ടിൽ ഫലിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.
നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇടുക്കിയിൽ കാര്യമായ നേട്ടം കൈവരിച്ചിട്ടില്ലാത്ത എൻഡിഎ ആ ചീത്തപ്പേര് മാറ്റുന്ന കണക്കുമായായിരുന്നു പ്രചാരണം നടത്തിയത്.
ലോറേഞ്ചിൽ തൊടുപുഴയിൽ ഉൾപ്പെടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം ഹൈറേഞ്ചിലേക്കും പടർന്നു കഴിഞ്ഞെന്ന് നേതാക്കൾ പറയുന്നു. തൊടുപുഴ നഗരസഭയിൽ ഭരണം പിടിക്കുകയാണ് ലക്ഷ്യം. 10 സീറ്റിന് മുകളിൽ പിടിച്ച് പ്രധാന പ്രതിപക്ഷ സ്ഥാനമെങ്കിലും കട്ടപ്പനയിൽ ലഭിക്കുമെന്ന് ഇവർ പറയുന്നു.
പ്രധാന നേതാക്കൾ എല്ലാവരും തന്നെ മത്സരരംഗത്ത് ഇറങ്ങി. കലാശക്കൊട്ടിൽ ഉൾപ്പെടെ യുവാക്കളെ അണിനിരത്താനായത് വലിയ മുന്നേറ്റത്തിന്റെ ഭാഗമായി ഇവർ പറയുന്നു.
വീറോടെ കലാശക്കൊട്ട്
തൊടുപുഴ∙ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ഇന്നലെ കലാശക്കൊട്ട് ആവേശമാക്കി മുന്നണി പ്രവർത്തകർ.
ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ കൂട്ടമായി എത്തി കലാശക്കൊട്ട് നടത്തി. ജീപ്പുകളുടെയും ലോറികളുടെയും മുകളിൽ ഇരുന്ന പ്രവർത്തകർ ആവേശം വാരിവിതറി.
പലയിടങ്ങളിലും സ്ഥാനാർഥികൾ കലാശക്കൊട്ട് ഒഴിവാക്കി വാർഡുകളിൽ പ്രചാരണത്തിൽ മുഴങ്ങി.
ചിലയിടങ്ങളിൽ കലാശക്കൊട്ടിനിടെ പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. തൊടുപുഴ ഗാന്ധി സ്ക്വയർ ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ആവേശം വിതറാൻ മുന്നണികളൊന്നും ഉണ്ടായില്ല.എന്നാൽ വെങ്ങല്ലൂർ കോലാനി കുമ്മംകല്ല് പ്രദേശങ്ങളിൽ മുന്നണി പ്രവർത്തകർ തങ്ങളുടെ കലാശക്കൊട്ട് ആവേശമാക്കി തിരഞ്ഞെടുപ്പിന്റെ ചൂട് പ്രവർത്തകരിൽ എത്തിക്കാൻ ശ്രമിച്ചു.
ഉയരത്തിലുള്ള കൊടികൾ വീശിയും ഫ്ലെക്സുകൾ ഉയർത്തിയും പാരഡി പാട്ടുകൾ വച്ചും തിരഞ്ഞെടുപ്പ് ആരവം കൊഴുപ്പിച്ചു.തൊടുപുഴയിൽ കലാശക്കൊട്ടുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലും കലാശക്കൊട്ട് ആവേശമാക്കിയാണ് പ്രവർത്തകർ നിശബ്ദ പ്രചാരണത്തിനായി പിൻവാങ്ങിയത്.
ഇനി തിരഞ്ഞെടുപ്പ് ദിവസമായ നാളെ വരെ സംശയമുള്ള വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും സ്ഥാനാർഥികളും പ്രവർത്തകരും.
നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ എല്ലായിടത്തും ഇന്നലെ സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടമായി ഒരു വട്ടം കൂടി വീടുകളിൽ നേരിട്ടെത്തി വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഇന്ന് നിശബ്ദ പ്രചാരണം.
പ്രചാരണത്തിനിടെ നേരിൽ കാണാൻ സാധിക്കാതെയും മറ്റും വിട്ടു പോയ വോട്ടർമാരെ കാണാനായി ഇന്നും സ്ഥാനാർഥികളും പ്രവർത്തകരും ഓട്ട പ്രദക്ഷിണത്തിലായിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

