വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ ആഹ്ലാദത്തിലും തിരക്കിലും മുഴുകി വൈക്കം. അഷ്ടമിയുടെ പ്രധാന ചടങ്ങുകളിൽ ഒന്നായ ഋഷഭവാഹനം എഴുന്നള്ളിപ്പ് ഇന്നു രാത്രി 11ന് ആരംഭിക്കും.
ഇന്നലെ രാവിലെ മുതൽ വലിയ തിരക്കാണ് ക്ഷേത്ര മതിൽക്കെട്ടിന്റെ ഉള്ളിലും പടിഞ്ഞാറേ ഗോപുരം മുതൽ ബോട്ടുജെട്ടി വരെയും അനുഭവപ്പെട്ടത്.
പടിഞ്ഞാറേ നടയിൽ റോഡിന്റെ ഇരുവശങ്ങളിലായി വഴിയോരക്കച്ചവടക്കാരും എത്തിയതോടെ വൈക്കം അഷ്ടമിപ്രഭയിലായി. ബീച്ച് മൈതാനിയിൽ തൊട്ടിലാട്ടം ഉൾപ്പെടെയുള്ള കളി ഉപകരണങ്ങൾ എത്തിയതോടെ അവിടെയും വലിയ തിരക്ക് അനുഭവപ്പെട്ടു.
കൊടിയേറിയ ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്ന് തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
അക്രമസംഭവങ്ങൾ കണ്ടെത്തുന്നതിനായി ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വൈക്കം – തവണക്കടവ് റൂട്ടിൽ കൂടുതൽ ബോട്ട് സർവീസ് ആരംഭിച്ചു. ഇന്നലെ പകൽ മഴ മാറി നിന്നത് ദർശനത്തിനെത്തിയ ഭക്തർക്കും വഴിയോരക്കച്ചവടക്കാർക്കും അനുഗ്രഹമായി.
അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ അനുഗ്രഹം തേടി എത്തുന്നവർക്ക് ഏഴാം ഉത്സവ ദിനമായ ഇന്നു മുതൽ ദേവസ്വം ബോർഡിന്റെ പ്രാതൽ ഒരുക്കും.
അഷ്ടമിനാളിൽ 121 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്.
അനുഗ്രഹം തേടി ആയിരങ്ങൾ ഇന്നെത്തും
സർവാഭരണവിഭൂഷിതനായി വൈക്കത്തപ്പൻ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളുന്നത് ദർശിച്ച് അനുഗ്രഹം വാങ്ങാൻ ഇന്ന് ഭക്തസഹസ്രങ്ങൾ എത്തും. കൊടിയേറി 7–ാം ദിനത്തിലാണ് ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളുന്നത്.
രാത്രി 11ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പ് രണ്ടുമണിക്കൂർ നീണ്ടുനിൽക്കും.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ, സ്വർണക്കുടകളും മുത്തുക്കുടകളും, വിവിധ വാദ്യമേളങ്ങൾ, സായുധസേനയുടെ ഗാർഡ് ഓഫ് ഓണർ എന്നിവ എഴുന്നള്ളിപ്പിന് പ്രൗഢി കൂട്ടും. ഇന്നു രാവിലെ 8ന് നടക്കുന്ന ശ്രീബലിക്ക് മേളപ്രമാണിമാർ എത്തും.
വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ശിരസ്സിലേറ്റി ഗജവീരൻ സ്വർണ തലേക്കെട്ടും സ്വർണക്കുടയുമായി കിഴക്കേ ആനപ്പന്തലിൽ എഴുന്നള്ളുന്നതോടെ മേളപ്പെരുമഴ ആരംഭിക്കും. ഏകദേശം 5 മണിക്കൂർ എഴുന്നള്ളിപ്പ് നീണ്ടുനിൽക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

