മൈലക്കാട് ∙ നിർമാണം നടക്കുന്ന ദേശീയപാതയുടെ 6 വരി മേൽപ്പാതയും സർവീസ് റോഡും തകർന്നതിനെ തുടർന്നു ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം വാഹനയാത്രക്കാരെ വലച്ചു. തിരിച്ചുവിട്ട
വാഹനങ്ങൾ രാത്രിയിൽ ഉൾപ്പെടെ വഴിതെറ്റി വലഞ്ഞു. സമയക്രമം തെറ്റിയത് കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളെ ബാധിച്ചു.
മൈലക്കാട് ഇറക്കത്ത് ദേശീയപാത ഇടിഞ്ഞതിനെ തുടർന്നു വെള്ളി വൈകിട്ട് 4 മുതൽ കൊട്ടിയം മുതൽ മൈലക്കാട് ജംക്ഷൻ വരെയാണ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടത്.
തിരുവനന്തപുരം, പരവൂർ-വർക്കല മേഖലകളിലേക്കുള്ള ബസുകൾക്ക് അര മണിക്കൂറോളം സമയ നഷ്ടം സംഭവിച്ചു. ആറ്റിങ്ങലേക്കുള്ള ചില കെഎസ്ആർടിസി ബസുകൾ സമയം പാലിക്കുന്നതിനു കല്ലമ്പലത്ത് സർവീസ് അവസാനിപ്പിച്ചു.
ഗതാഗതം തിരിച്ചു വിട്ട ഇടറോഡിലൂടെ എത്തിയ വലിയ വാഹനങ്ങൾ ഗതാഗത തടസ്സം സൃഷ്ടിച്ചത് കുടുതൽ സമയ നഷ്ടം വരുത്തി.
കൊല്ലം, കുണ്ടറ, കൊട്ടിയം ഭാഗത്തു നിന്നു പരവൂർ- വർക്കല മേഖലയിലേക്കുള്ള സ്വകാര്യ ബസുകൾക്ക് സമയത്ത് ഓടി എത്താൻ കഴിയാത്തതിനാൽ പരവൂരിൽ നിന്നു യാത്രക്കാർ ഇല്ലാതെ നഷ്ടത്തിൽ സർവീസ് നടത്തി.
കണ്ണനല്ലൂർ വഴി ചുറ്റി പരവൂരിൽ എത്തുമ്പോൾ മറ്റൊരു ബസിന്റെ സമയം ആകുമെന്നതിനാൽ യാത്രക്കാരെ കയറ്റാൻ കഴിയാതെ ട്രിപ് നടത്തുകയായിരുന്നു. പരവൂർ മേഖലയിലേക്കുള്ള മുപ്പതോളം ബസുകളുടെ സർവീസിനെ ബാധിച്ചെന്നു സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു.
ബസുകൾ വൈകിയത് ജോലി സ്ഥലങ്ങളിൽ നിശ്ചിത സമയത്ത് എത്തുന്നതിനും പ്രതിസന്ധി സൃഷ്ടിച്ചു.
സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും കണ്ണനല്ലൂർ വഴി മൈലക്കാട് ജംക്ഷനിൽ എത്തി. എന്നാൽ ദീർഘദൂര വാഹനങ്ങൾ വഴി തെറ്റി ഇടറോഡുകളിലും മറ്റും അകപ്പെട്ടത് ഗതാഗതക്കുരുക്ക് ഉണ്ടാക്കി. കൊട്ടിയത്ത് നിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിക്കുകയും അല്ലെങ്കിൽ കണ്ണനല്ലൂർ- മീയണ്ണൂർ-കട്ടച്ചൽ വഴി ചാത്തന്നൂരിൽ പ്രവേശിച്ചു യാത്ര തുടരുകയായിരുന്നു.
തഴുത്തല ഗണപതി ക്ഷേത്രത്തിനു സമീപം തിരിഞ്ഞു മൈലക്കാട് എത്തുകയും ചെയ്തിരുന്നു.
മൈലക്കാട് ജംക്ഷനിൽ കണ്ണനല്ലൂർ റോഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്ത് മിക്കപ്പോഴും കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ വാഹനങ്ങൾ നിയന്ത്രിച്ചു കുരുക്ക് ഒഴിവാക്കി.
അപകടം ഉണ്ടായ ദിവസം സ്കൂൾ, കോളജ് ബസുകൾ ഒന്നര മണിക്കൂറിലേറെ വൈകിയാണ് ട്രിപ് അവസാനിപ്പിച്ചത്. കണ്ണനല്ലൂർ റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് തിട്ട
യാത്രയ്ക്ക് പ്രതിസന്ധിയാണ്. അപകടവും സൃഷ്ടിക്കുന്നുണ്ട്.
ഇതു നീക്കം ചെയ്താൽ വാഹനങ്ങൾ തിരിയുന്നത് സുഗമമാകും.
ഇന്റർനെറ്റ് ബന്ധം തകർന്നു
ഭൂമി പൊട്ടിപ്പിളർന്നു ദേശീയപാത തകർന്നപ്പോൾ ഇന്റർനെറ്റ് കേബിളുകൾക്കും തകരാർ സംഭവിച്ചു. പാത പൊളിഞ്ഞ ഭാഗത്തെ വൈദ്യുതി തൂണുകൾ ചരിഞ്ഞതിനാൽ ഇതിൽ ബന്ധിപ്പിച്ചിരുന്ന കേബിളുകൾ വലിഞ്ഞു പൊട്ടി.
ഏഴു സ്വകാര്യ കമ്പനികളുടെ കേബിളുകൾക്ക് തകരാർ സംഭവിച്ചത് മേഖലയിലെ ഇന്റർനെറ്റ് ബന്ധത്തെ ബാധിച്ചു. ആശുപത്രികളിലേക്കും മറ്റുമുള്ള കണക്ഷനുകൾ പാതയുടെ മറുവശത്തു കൂടി ആയിരുന്നതിനാൽ അതിനു തകരാർ സംഭവിച്ചില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

