കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് ഇന്ന്. നാളെ നിശബ്ദ പ്രചാരണം.
സ്ഥാനാർഥികളുടെ സ്വീകരണ പര്യടനം മിക്കയിടത്തും ഇന്നലെ പൂർത്തിയായി. പ്രചാരണ ഗാനങ്ങളും ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പും കവല യോഗങ്ങളുമായി അവസാനഘട്ടത്തിൽ പ്രചാരണ രംഗം സജീവമാണ്.
പ്രവർത്തകർ പലതവണ ഗൃഹസമ്പർക്ക പരിപാടികൾ നടത്തി. സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർഥന നടത്തി. ജില്ലയിൽ 68 ഗ്രാമപ്പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്ത്, 4 നഗരസഭകൾ, കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ 85 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ്.
1698 വാർഡുകളിലായി 5652 സ്ഥാനാർഥികൾ ജനവിധി തേടുന്ന.
സ്ഥാനാർഥികളിൽ 3138 പേർ വനിതകളാണ്. 2514 പുരുഷന്മാർ. ഗ്രാമപ്പഞ്ചായത്ത്– 1314, ബ്ലോക്ക് പഞ്ചായത്ത് –166, ജില്ലാ പഞ്ചായത്ത്–27, നഗരസഭകൾ–135, കോർപറേഷൻ–56 എന്നിങ്ങനെയാണ് വാർഡുകൾ.
പട്ടിക വിഭാഗത്തിന് 221 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പട്ടിക വിഭാഗത്തിനു ഗ്രാമപ്പഞ്ചായത്തുകളിൽ 2 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
കുളത്തൂപ്പുഴ, ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തുകളിൽ തമിഴ് ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷ വാർഡുകളുണ്ട്.
ആകെ 22,54,848 വോട്ടർമാരുണ്ട്. സ്ത്രീകളാണ് മുന്നിൽ–12,10,905.
പുരുഷന്മാർ–10,43, 920. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 23 വോട്ടർമാരുണ്ട്.
48 പ്രവാസികളും വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗ്രാമീണ മേഖലയിലുള്ളവർക്ക് ത്രിതല പഞ്ചായത്തിലേക്ക് (ഗ്രാമ, ബ്ലോക്ക്, ജില്ല) 3 വോട്ടുകൾ വീതം ചെയ്യാം.
നഗരസഭകളിലും കോർപറേഷനിലും ഒരു വോട്ട് വീതമാണ് ഉള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നോട്ട് ഏർപ്പെടുത്തിയിട്ടില്ല.
പോളിങ് സാമഗ്രികളുടെ വിതരണം നാളെ നടക്കും. ജില്ലയിൽ 16 വിതരണ കേന്ദ്രങ്ങളാണ് ഉള്ളത്.
വിതരണ കേന്ദ്രങ്ങൾ തന്നെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളും.
പോളിങ്ങിന് 113 ഇനം സാമഗ്രികൾ
കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പിനായി പോളിങ് സ്റ്റേഷനുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വശം 113 ഇനങ്ങളടങ്ങിയ സാമഗ്രികൾ.
വരണാധികാരികൾ വിതരണം ചെയ്ത സാമഗ്രികളുമായാണ് സംഘങ്ങൾ അതത് കേന്ദ്രങ്ങളിലേക്ക് എത്തുക. തീപ്പെട്ടി മുതൽ ഡിറ്റാച്ചബിൾ മെമ്മറി മൊഡ്യൂൾ വരെയുള്ള വൈവിധ്യമുള്ള വസ്തുക്കളാണുള്ളത്.
അതതു ബ്ലോക്ക്, കോർപറേഷൻ വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും സാമഗ്രികൾ കൈമാറി.
സിവിൽ സ്റ്റേഷനിലെ ഇലക്ഷൻ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പോളിങ് സാമഗ്രികളാണ് വരണാധികാരികൾക്ക് കൈമാറിയത്. ഇവ നാളെ (8) പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.
ബാലറ്റ് നിറങ്ങൾ വ്യത്യസ്തം
ഓരോ ത്രിതല പഞ്ചായത്തുകൾക്കും വ്യത്യസ്ത നിറത്തിൽ ക്രമീകരിച്ചിട്ടുള്ള ബാലറ്റ് ലേബലുകളാണുള്ളത്.
വെള്ള നിറത്തിലുള്ള ബാലറ്റുകൾ ഗ്രാമപ്പഞ്ചായത്തിനും നീല നിറത്തിലുള്ളവ ജില്ലാ പഞ്ചായത്തിനും പിങ്ക് നിറത്തിലുള്ള ബാലറ്റുകൾ ബ്ലോക്ക് പഞ്ചായത്തിനുമാണ്.
സാമഗ്രികൾ
∙ വോട്ടർമാരുടെ എണ്ണവും വിവരങ്ങളും അടങ്ങിയ 21 എ ഫോമുകൾ
∙ യന്ത്രങ്ങളുടെ മുദ്രണത്തിന് ഉപയോഗിക്കുന്ന വെള്ളച്ചരട്
∙ തപാൽ വോട്ടർമാരുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച മാർക്ക്ഡ് വോട്ടർപ്പട്ടിക
∙ വോട്ടർപ്പട്ടികയിൽ അടയാളം ചെയ്യാൻ ചുവന്ന മഷിയുള്ള പേന
∙ വോട്ടിങ് യന്ത്രത്തിന് തകരാർ സംഭവിച്ചാൽ വിവരങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്ന ഡിറ്റാച്ചബിൾ മെമ്മറി മൊഡ്യൂൾ
∙ പോളിങ് ബൂത്തിൽ വൈദ്യുതി തടസം നേരിട്ടാൽ ഉപയോഗിക്കാനുള്ള മെഴുകുതിരിയും തീപ്പെട്ടിയും
∙ പ്രിസൈഡിങ് ഓഫിസർമാർ മെഴുക് ഉപയോഗിച്ച് സീൽ ചെയ്യുമ്പോൾ ഉരുകിയ സീലിങ് മെഴുകിൽ പതിപ്പിക്കുന്ന മെറ്റൽ സീൽ
∙ ഉത്തരവുകൾ, നോട്ടിസുകൾ എന്നിവയിൽ മുദ്രണം ചെയ്യാൻ ഉപയോഗിക്കുന്ന റബർ സീലുകൾ
∙ ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും സീൽ ചെയ്യാൻ ഉപയോഗിക്കുന്ന പിങ്ക് പേപ്പർ സീൽ
∙ മോക് പോൾ നടത്തിയതിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രീൻ പേപ്പർ സീൽ
∙ സ്ട്രിപ്പ് പേപ്പർ സീൽ, പ്രിസൈഡിങ് ഓഫിസർമാർക്ക് വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിവരിക്കുന്ന കൈപ്പുസ്തകം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

