മൂന്നാർ ∙ മാട്ടുപ്പെട്ടി മേഖലയിൽ പടയപ്പയുടെ ആക്രമണം. രണ്ട് വഴിയോരക്കടകൾ തകർത്ത് പച്ചക്കറികളും പഴങ്ങളും തിന്നശേഷം സമീപത്തെ മാവേലി സ്റ്റോറിന്റെ ഷട്ടറുകൾ തകർത്തു.
ഓടിക്കാനെത്തിയ ആർആർടി സംഘത്തെ വിരട്ടിയോടിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7.30 ന് കുട്ടിയാർവാലി സ്വദേശി രമേശിന്റെ വീടിനു സമീപത്തുണ്ടായിരുന്ന വാഴകൾ തിന്ന പടയപ്പയെ ആർആർടി സംഘമെത്തി ഓടിക്കുന്നതിനിടയിലാണ് ആന സംഘത്തിനു നേരെ തിരിഞ്ഞത്.
ഇതോടെ സംഘം പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി ഓടിച്ചതോടെയാണ് രാത്രി പടയപ്പ മാട്ടുപ്പെട്ടിയിലെത്തിയത്.
പഞ്ചായത്ത് ഓഫിസിനു സമീപമുള്ള കച്ചവടക്കാരായ ബാലു, സെൽവം എന്നിവരുടെ കടകൾ തകർത്തു. ബാലുവിന്റെ പച്ചക്കറി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് മത്തങ്ങയും കാരറ്റും തിന്നു.
തൊട്ടടുത്തുള്ള സെൽവത്തിന്റെ കടയിൽ നിന്നു പൈനാപ്പിൾ, ചോളം എന്നിവ തിന്ന ശേഷമാണ് പഞ്ചായത്ത് ഓഫിസിനു സമീപമുള്ള മാവേലി സ്റ്റോറിന്റെ ഷട്ടറുകൾ തകർത്തത്.
സ്ഥലത്തെത്തിയ ആർആർടി സംഘമാണ് ആനയെ ഓടിച്ചത്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിന് സമീപമുള്ള പുൽമേട്ടിലായിരുന്നു പടയപ്പ ഇന്നലെ പകൽ ഉണ്ടായിരുന്നത്.
വീടു തകർത്ത്, കൃഷി നശിപ്പിച്ച് മലയിഞ്ചിയിൽ കാട്ടാന
ഉടുമ്പന്നൂർ∙ മലയിഞ്ചി മേഖലയിൽ ഒരാഴ്ചയ്ക്കിടെ വീണ്ടും കാട്ടാന ആക്രമണം.
വെള്ളിയാഴ്ച രാത്രി കാക്കരയാനിക്കടവിൽ എത്തിയ കാട്ടാന വീടു തകർത്തു. കാക്കരയാനിയിൽ ചന്ദ്രന്റെ വീടിന്റെ ഒരു ഭാഗമാണ് കാട്ടാന തകർത്തത്. കൃഷിയിടത്തിലെ വിളകളും നശിപ്പിച്ചാണ് കാട്ടാനക്കൂട്ടം മടങ്ങിയത്.
ഈ സമയം ചന്ദ്രനും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. മലയിഞ്ചി ടൗണിനും സർക്കാർ എൽപി സ്കൂളിനും അടുത്താണ് കാട്ടാന തകർത്ത വീട്.
കഴിഞ്ഞ ദിവസം ഇവിടെ അടുത്തുള്ള ചേറ്റുങ്കൽ അശോകന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന 200 ലേറെ വാഴകൾ നശിപ്പിച്ചിരുന്നു.
2000ത്തിൽ പരം വാഴകളാണ് അശോകൻ കൃഷി ചെയ്തിരുന്നത്. പൊട്ടനാനിക്കൽ സുധാകരന്റെ തെങ്ങ്, വാഴ, കൊക്കോ എന്നിവയും കാട്ടാന നശിപ്പിച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് കാട്ടാനകളെ കൊണ്ട് ഉണ്ടായത്. പലിശയ്ക്ക് പണം എടുത്താണ് പല കർഷകരും കൃഷികൾ നടത്തുന്നത്.
എല്ലാം നഷ്ടത്തിലായെന്നാണ് കർഷകർ പറയുന്നത്. അടിയന്തരമായി കർഷകർക്കുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്നും ആനകളെ ഉൾവനത്തിലേക്ക് കയറ്റി വിടണമെന്നും കൃഷി ഭൂമിക്ക് ചുറ്റും ഫെൻസിങ് സ്ഥാപിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

