കൊയിലാണ്ടി ∙ ദേശീയപാത 66 ആറുവരിപ്പാതയിലെ അഴിയൂർ – വെങ്ങളം റീച്ചിൽ ഉൾപ്പെടുന്ന ചെങ്ങോട്ടുകാവ് – നന്തി ഭാഗത്തെ നിർമാണം ഇഴഞ്ഞുനീങ്ങുന്നു. അഴിയൂർ – വെങ്ങളം റീച്ചിൽ വടകര പുതുപ്പണം ഭാഗത്തെ 8.25 കിലോമീറ്റർ ഒഴികെയുള്ള ആറുവരിപ്പാത ഡിസംബറിൽ പൂർത്തീകരിക്കുമെന്നായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗ തീരുമാനം.
ഒക്ടോബർ അവസാനം കൊയിലാണ്ടിയിലെ ദേശീയപാത നിർമാണം പൂർത്തീകരിച്ചു ഗതാഗതത്തിനു തുറന്നു നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം അഴിയൂർ – വെങ്ങളം റീച്ച് 10 കിലോമീറ്റർ വീതം 4 ഭാഗങ്ങളായി തിരിച്ചാണു നിർമാണ പ്രവൃത്തി നടക്കുന്നത്.
ഇതിൽ നന്തി മുതൽ വെങ്ങളം വരെയുള്ള ഭാഗത്തെ പ്രവൃത്തിയാണ് ഇഴഞ്ഞുനീങ്ങുന്നത്.
ഈറീച്ചിൽ ഉൾപ്പെട്ട, കൊല്ലം മുതൽ പന്തലായനി വരെ കാര്യമായ പ്രവൃത്തി നടക്കുന്നില്ല. മൺപാത നിർമാണമാണ് ഇവിടെ പുരോഗമിക്കുന്നത്.
റോഡ് ടാറിങ് നടപടി ഇനിയും വൈകും. നന്തിയിൽ നിർമാണം പൂർത്തീകരിച്ചാൽ മാത്രമേ ചെങ്ങോട്ടുകാവ് – കൊയിലാണ്ടി വഴി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ദേശീയപാത ഗതാഗതത്തിനു തുറക്കാൻ സാധിക്കുക.
നന്തിയിൽ നിർമിച്ച അണ്ടർ പാസ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ജോലികൾ ബാക്കിയാണ്.
കൊയിലാണ്ടി കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നതിനാൽ നിർമാണം പ്രതിസന്ധിയിലാണ്. കുന്ന്യോറമലയിൽ അപകടാവസ്ഥയിലായ വീടുകൾ ദേശീയപാത അധികൃതർ ഏറ്റെടുക്കാമെന്ന് ഉറപ്പു നൽകിയിരുന്നു.
എന്നാൽ അതിനുള്ള സർവേ നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല. ഇക്കാരണത്താൽ കുന്ന്യോറമലയിലെ പ്രവൃത്തി നാട്ടുകാർ തടഞ്ഞിരുന്നു.
ഇവിടെ ദേശീയപാത നിർമാണ പ്രവൃത്തി താൽക്കാലികമായി നിർത്തിവച്ചതാണ്. ദേശീയപാതയിൽ വെങ്ങളം – തിരുവങ്ങൂർ റോഡിന്റെ ടാറിങ് പൂർത്തിയാക്കിയതിനു പിന്നാലെ വിള്ളൽ രൂപപ്പെട്ടതോടെ പൊളിച്ചു നീക്കി വീണ്ടും നിർമാണം നടത്തുകയാണ്.
തിരുവങ്ങൂർ മുതൽ കൊയിലാണ്ടി വരെ സർവീസ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചിട്ടില്ല.
വെങ്ങളം, തിരുവങ്ങൂർ, പൂക്കാട്, പൊയിൽക്കാവ്, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി എന്നിവിടങ്ങളിൽ ദേശീയപാത നിർമാണം ഇനിയും പൂർത്തീകരിക്കാനുണ്ട്. കരാർ കമ്പനി കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് പ്രവൃത്തി നടത്തുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. ദേശീയപാത അധികൃതരുടെ കൃത്യമായ മേൽനോട്ടം പ്രവൃത്തി നടത്തുമ്പോൾ ഇല്ലെന്നും പരാതിയുണ്ട്.
വെങ്ങളം, തിരുവങ്ങൂർ ഭാഗത്ത് സർവീസ് റോഡുകളുടെ വീതിക്കുറവു കാരണം വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നു. സർവീസ് റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

