റിസർവ് ബാങ്ക് ഇന്ന് പലിശഭാരം കുറയ്ക്കുമോ? കഴിഞ്ഞ 2 പണനയ നിർണയ യോഗങ്ങളിലും പലിശനിരക്ക് മാറ്റാതിരുന്ന റിസർവ് ബാങ്കിനു മുന്നിൽ ഇക്കുറി തടസ്സമായി നിൽക്കുന്നത് രൂപയാണ്. ഡോളറിനെതിരെ 90 കടന്ന് സർവകാല താഴ്ചയിലേക്ക് പതിച്ച രൂപ, രാജ്യത്ത് പണപ്പെരുപ്പം കൂടാനുള്ള വഴിയാണ് തുറന്നിട്ടത്.
ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് പലിശനിരക്ക് താഴ്ത്താനുള്ള സാധ്യത ഇല്ല.
പലിശനിരക്ക് നിർണയത്തിന് റിസർവ് ബാങ്ക് മുഖ്യ മാനദണ്ഡമാക്കുന്ന റീട്ടെയ്ൽ പണപ്പെരുപ്പം ഒക്ടോബറിൽ എക്കാലത്തെയും താഴ്ചയായ 0.25 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. നിയന്ത്രണപരിധിയായ 4 ശതമാനത്തേക്കാൾ ഏറെ താഴ്ചയിൽ.
ഇതു പലിശ കുറയ്ക്കാനുള്ള അനുകൂലഘടകമാണെന്നിരിക്കേയാണ് രൂപ വെല്ലുവിളിച്ച് നിൽക്കുന്നത്.
ഇന്ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ പലിശനിരക്ക് 0.25% കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്കാണ് രൂപ മങ്ങലേൽപ്പിക്കുന്നത്. പുറമേ, 8.2% വളർന്ന് ജിഡിപി ശക്തമായി നിൽക്കുമ്പോൾ പലിശനിരക്ക് താഴ്ത്തേണ്ട
ഗുരുതര സാഹചര്യമില്ലെന്ന വിലയിരുത്തലുമുണ്ട്.
ഇനി പലിശ കുറച്ചാലോ?
രൂപയുടെ വീഴ്ചയും ജിഡിപി കുതിപ്പും പരിഗണിക്കാതെ റിസർവ് ബാങ്ക്, പണപ്പെരുപ്പക്കുറവ് മാത്രം കണക്കിലെടുത്ത് പലിശഭാരം കുറച്ചാൽ അത് ജനങ്ങൾക്കും ഓഹരി വിപണിക്കും സാമ്പത്തിക ലോകത്തിനുമൊക്കെ വലിയ ആശ്വാസമാകും. റിസർവ് ബാങ്കിന്റെ തീരുമാനം 10 മണിയോടെ അറിയാം.
നിലവിൽ റീപ്പോനിരക്ക് 5.50% ശതമാനമാണ്.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) കാൽ ശതമാനം കുറച്ച് 5.25 ശതമാനമാക്കുമോ എന്നാണ് കണ്ടറിയേണ്ടത്. റീപ്പോ കുറച്ചാൽ ഭവന, വാഹന, വ്യക്തിഗത ബാങ്ക് വായ്പാപ്പലിശ നിരക്കും അതുവഴി ഇഎംഐയും കുറയും.
ഇത് ഉപഭോക്തൃ വിപണിക്കും ഓഹരി വിപണിക്കും കരുത്താകും.
ജിഡിപി അനുമാനം മാറ്റുമോ?
റിസർവ് ബാങ്കിൽ നിന്ന് ഏവരും പ്രതീക്ഷിക്കുന്ന മറ്റൊരു നിർണായക പ്രഖ്യാപനം ഇന്ത്യയുടെ ജിഡിപി വളർച്ചയെക്കുറിച്ചാണ്. ഇന്ത്യ നടപ്പുവർഷം (2025-26) 6.8% വളരുമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ യോഗത്തിൽ പറഞ്ഞിരുന്നു.
മുൻ വിലയിരുത്തലായ 6.5% എന്നത് തിരുത്തി. കഴിഞ്ഞപാദത്തിലെ അപ്രതീക്ഷിത മുന്നേറ്റം പരിഗണിച്ച് ഈ വിലയിരുത്തലും മാറ്റുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നിലവിലെ വളർച്ചാട്രെൻഡ് പ്രകാരം ഇന്ത്യ 7 ശതമാനത്തിൽ കുറയാത്ത വളർച്ച നേടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
പുട്ടിൻ വന്നു, ഉഷാറാകുമോ വിപണി?
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. വ്യാപാരം, പ്രതിരോധം, ഊർജം തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇന്ന് മോദി-പുട്ടിൻ ചർച്ച നടക്കും.
റഷ്യയിൽ നിന്ന് ആയുധങ്ങൾ ഉൾപ്പെടെ വാങ്ങുന്നതും അജൻഡയിലെ സുപ്രധാന വിഷയമാണ്. അതുകൊണ്ടുതന്നെ പ്രതിരോധകകമ്പനികളുടെ ഓഹരികളാണ് വിപണിയിൽ ശ്രദ്ധാകേന്ദ്രവുമാകുന്നത്.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ് (ബെൽ), മാസഗോൺ ഡോക്ക്, ഗാർഡൻറീച്ച്, കൊച്ചിൻ ഷിപ്പ്യാർഡ് എന്നിവയുടെ ഓഹരികളുടെ പ്രകടനം ഇന്ന് ചർച്ചയാകും.
കരകയറ്റത്തിലേക്കോ രൂപ?
ഇന്നലെ രാവിലെ ഡോളറിനെതിരെ കൂടുതൽ ഇടിഞ്ഞ് 90.43 എന്ന എക്കാലത്തെയും താഴ്ചയിലേക്കുവീണ രൂപ, വൈകാതെ കരകയറ്റം തുടങ്ങിയിരുന്നു. വ്യാപാരം പൂർത്തിയാക്കുമ്പോൾ മൂല്യം 89.96 ആണ്.
യുഎസ് ഡോളർ ഇൻഡക്സ് താഴ്ന്നതും റിസർവ് ബാങ്ക് രക്ഷാദൗത്യം നടത്തിയതും രൂപയ്ക്ക് കരുത്തായെന്നാണ് വിലയിരുത്തൽ. തിരിച്ചുകയറ്റം ഇന്നും രൂപ തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
യുഎസ് ഡോളർ ഇൻഡക്സ് വീണ്ടും താഴാനുള്ള സാധ്യതകളുണ്ട്. കാരണം, ഡിസംബർ 10ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചേക്കാം.
ഇത് ഡോളറിന് തിരിച്ചടിയാകും.
ഗിഫ്റ്റ് നിഫ്റ്റിയിൽ മുന്നേറ്റമില്ല
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റിയുള്ളത് 9 പോയിന്റ് മാത്രം നേട്ടത്തിലായിരുന്നു. ഇന്നലെ കനത്ത ചാഞ്ചാട്ടം നേരിട്ട
സെന്സെക്സും നിഫ്റ്റിയും ഇന്ന് കരുതലോടെയാകും നീങ്ങുക. റിസർവ് ബാങ്ക് പലിശ കുറച്ചാൽ ഓഹരി വിപണി കുതിച്ചേക്കാം.
ഇന്നലെ സെൻസെക്സ് 158 പോയിന്റ് (+0.19%) ഉയർന്ന് 85,265ലും നിഫ്റ്റി 47 പോയിന്റ് (+0.18%) നേട്ടവുമായി 26,033ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
യുഎസ് ഓഹരികൾ സമ്മിശ്രം
ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ മൂന്നാംദിവസവും നേട്ടത്തിലാണ് യുഎസ് ഓഹരികൾ. എങ്കിലും കാര്യമായ കുതിപ്പ് പ്രകടമല്ല.
എസ് ആൻഡ് പി500 സൂചിക 0.11%, നാസ്ഡാക് 0.22% എന്നിങ്ങനെ നേട്ടമുണ്ടാക്കി. ഡൗ ജോൺസ് 0.07% താഴ്ന്നു.
അമേരിക്കയിൽ തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം കുറയുന്നുവെന്ന സൂചനകളുണ്ട്.
ഇത് വിപണിക്ക് ആശ്വാസവുമാണ്. നവംബർ 29ന് അവസാനിച്ച ആഴ്ചയിൽ എണ്ണം മുൻ ആഴ്ചയിലെ 2.18 ലക്ഷത്തിൽനിന്ന് 1.91 ലക്ഷമായി കുറഞ്ഞെന്നാണ് ലേബർ ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്.
എഐയുമായി ബന്ധപ്പെട്ട
സോഫ്റ്റ്വെയറുകളുടെ വിൽപനലക്ഷ്യം കുറയ്ക്കാനുള്ള തീരുമാനം മൈക്രോസോഫ്റ്റ് ഓഹരികളിൽ 2.5% ഇടിവിന് വഴിവച്ചു. എൻവിഡിയ, ബ്രോഡ്കോം, മൈക്രോൺ ടെക്നോളജി എന്നിവയുടെ ഓഹരികളും ഇതോടെ 2% വരെ താഴ്ന്നു.
ഉഷാറില്ലാതെ ഏഷ്യ
ഏഷ്യൻ ഓഹരി വിപണികൾ നഷ്ടത്തിലാണുള്ളതെന്നത് ആശങ്കയാണ്.
യുഎസ് ഓഹരി വിപണികളിൽ നിന്ന് കുതിപ്പ് ഒഴിഞ്ഞുനിൽക്കുന്നതും യുഎസ് ഫെഡിന്റെ പലിശനയത്തിനായുള്ള കാത്തിരിപ്പുമാണ് ഏഷ്യൻ വിപണികളെ സ്വാധീനിക്കുന്നത്. ജാപ്പനീസ് നിക്കേയ് 1.55%, ഹോങ്കോങ് 0.44%, ഷാങ്ഹായ് 0.11% എന്നിങ്ങനെ നഷ്ടത്തിലേക്ക് വീണു.
സ്വർണവും എണ്ണയും
∙ സ്വർണവിലയിൽ കാര്യമായ മാറ്റമില്ല.
2 ഡോളർ മാത്രം ഉയർന്ന് 4,205 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.
∙ റഷ്യ-യുക്രെയ്ൻ സമാധാന പ്ലാൻ തുലാസിലായത് ക്രൂഡ് ഓയിൽ വില നേരിയതോതിൽ വർധിക്കാനിടയാക്കി. വലിയ മുന്നേറ്റം പ്രകടമല്ല.
ഡബ്ല്യുടിഐ വില ബാരലിന് 0.05% ഉയർന്ന് 59.70 ഡോളറും ബ്രെന്റ് വില 0.94% വർധിച്ച് 63.26 ഡോളറുമായി. ക്രൂഡ് വില ഉയരുന്നത് രൂപയ്ക്ക് തിരിച്ചടിയാകും.
ശ്രദ്ധയിൽ ഇവർ
പുട്ടിൻ-മോദി ചർച്ചയുടെ പശ്ചാത്തലത്തിൽ പ്രതിരോധ കമ്പനികളുടെ ഓഹരികളാണ് ഇന്നത്തെ പ്രധാന ശ്രദ്ധാകേന്ദ്രം.
പലിശനയത്തിന്റെ പശ്ചാത്തലത്തിൽ ധനകാര്യ സ്ഥാപനങ്ങളുടെയും എഫ്എംസിജി, വാഹന കമ്പനികളുടെയും ഓഹരികളുടെ പ്രകടനവും നിർണായകമാകും.
∙ സർവീസുകൾ താറുമാറായ ഇൻഡിഗോയുടെ ഓഹരികൾ ഇന്നും സമ്മർദത്തിലാകും. ഇന്നലെ ഓഹരിവില 2.4% താഴ്ന്നിരുന്നു.
∙ ഐടിസി ഹോട്ടൽസിലെ 7-15.3% ഓഹരിപങ്കാളിത്തം വിറ്റഴിക്കാൻ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ (ബാറ്റ്) ഒരുങ്ങുന്നു.
∙ രോഗി ഏതുതരം ചികിത്സ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടാൻ ഇൻഷുറൻസ് കമ്പനിക്ക് അധികാരമില്ലെന്ന് ഡിസ്ട്രിക്റ്റ് കൺസ്യൂമർ കമ്മിഷൻ വ്യക്തമാക്കി.
സ്റ്റാർ ഹെൽത്ത് ഒരു കോവിഡ് അനുബന്ധ ക്ലെയിം നിഷേധിച്ച പരാതിയിലാണ് വിധി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

