ആലപ്പുഴ ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയണോ എന്നത് ആ വ്യക്തിയാണു തീരുമാനിക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ വാർത്തകൾ വന്നപ്പോൾ തന്നെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വയ്പിച്ചു. നിയമസഭാ കക്ഷിയിൽനിന്നും ഒഴിവാക്കി.
പാർട്ടിയിൽനിന്നു പുറത്താക്കുന്നതും മറ്റും ഉചിതമായ സമയത്ത് ആലോചിച്ച് ചെയ്യും.സിപിഎമ്മിനെപ്പോലെ കോൺഗ്രസിന് സ്വന്തം കോടതിയും പൊലീസുമില്ല. അതുകൊണ്ടാണു രാഹുലിനെതിരായ രണ്ടാമത്തെ പരാതി കിട്ടിയ ഉടൻ ഡിജിപിക്ക് കൈമാറിയത്.
ആദ്യത്തെ പരാതിയും കിട്ടിയിരുന്നു. അതിനു മുൻപ് മുഖ്യമന്ത്രിക്ക് അതു കിട്ടുകയും നടപടി തുടങ്ങുകയും ചെയ്തതിനാൽ കോൺഗ്രസിന് അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു– പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ സണ്ണി ജോസഫ് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിട്ടും എ.പത്മകുമാർ സിപിഎം പത്തനംതിട്ട
ജില്ലാ കമ്മിറ്റിയിലുണ്ട്. താൻ പങ്കെടുത്ത യോഗം പത്മകുമാറിനെപ്പറ്റി ചർച്ച ചെയ്തതു പോലുമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്.
സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം അതാണ്. പത്മകുമാറിനെ പുറത്താക്കിയാൽ കൂടുതൽ സിപിഎം നേതാക്കളുടെ പങ്കു പുറത്തുവരും.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ കേസ് തന്നെ തേച്ചുമായ്ച്ചേനെ.സ്വർണക്കൊള്ളയുടെ ഗൗരവം കുറയുന്നില്ല. അതു തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യും.
കോടികളുടെ മൂല്യത്തെക്കാൾ വലിയ മൂല്യം വിശ്വാസികൾ ശബരിമലയിലെ സ്വർണത്തിനു കൽപിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ യുഡിഎഫിനുള്ള മുൻതൂക്കത്തിന് രാഹുൽ വിഷയം ഒരു കുറവുമുണ്ടാക്കിയിട്ടില്ല. സിപിഎമ്മിനെപ്പോലെ ഞങ്ങൾ സൈബർ ആക്രമണം നടത്തില്ല.
മാധ്യമപ്രവർത്തകരെയും മറ്റും ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ അതു ഗൗരവത്തിലെടുക്കും. എന്നാൽ, വ്യക്തികളെ നിയന്ത്രിക്കാൻ പരിമിതിയുണ്ട്.സിപിഎമ്മിന്റെ പയ്യന്നൂരിലെ ഒരു സ്ഥാനാർഥി 20 വർഷം തടവുശിക്ഷ ലഭിച്ചയാളാണ്.
വടക്കാഞ്ചേരിയിലെ സ്ഥാനാർഥി കരുവന്നൂർ കേസിലെ പ്രതിയാണ്–സണ്ണി ജോസഫ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

