മുരിങ്ങൂർ ∙ ശക്തമായ മഴയെത്തുടർന്നു തൃശൂർ–എറണാകുളം ദേശീയപാത 544ൽ മുരിങ്ങൂരിൽ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. റോഡുകളിൽ കെട്ടിക്കിടന്ന വെള്ളത്തിലൂടെ മണിക്കൂറുകളോളം ഇഴഞ്ഞുനീങ്ങിയ വാഹനങ്ങൾ കിലോമീറ്ററുകൾ നീണ്ട
ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചത്. കൊടകരയിലും പൊങ്ങത്തും മുരിങ്ങൂരിലും വാഹനങ്ങൾ സമാന്തര പാതകളിലൂടെ പൊലീസ് തിരിച്ചു വിട്ടെങ്കിലും കുരുക്കിന് അയവുണ്ടായില്ല.
മുരിങ്ങൂർ കോട്ടമുറിയിൽ റോഡിലെ വെള്ളവും ചെളിയും കുത്തിയൊലിച്ചെത്തി വീടുകളിലും കടകളിലും കയറി. ചെമ്പകശേരി ഹരി, ചെമ്പകശേരി ലീലാമണി എന്നിവരുടെ വീടുകളിലാണു വെള്ളം കയറിയത്.
ചെമ്പകശേരി പുഷ്പാകരന്റെ കടകളിലും വെള്ളം കയറി. കാൽനടയാത്ര പോലും അസാധ്യമാകും വിധം റോഡ് മുങ്ങി.
മുരിങ്ങൂർ ജംക്ഷനിൽ വെള്ളം കയറി ഗതാഗതം വഴിമുട്ടി.
പുലർച്ചെ തുടങ്ങിയ ശക്തമായ മഴ മണിക്കൂറുകൾ നീണ്ടു നിന്നതോടെ ഡിവൈൻ നഗറിൽ അടിപ്പാതയിലും ഇരുവശത്തെയും സർവീസ് റോഡുകളിലും വെള്ളക്കെട്ടുണ്ടായി. അടിപ്പാതയുടെ അനുബന്ധ റോഡ് നിർമാണം നടത്തുന്ന ഭാഗത്തും റോഡിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം കെട്ടിക്കിടന്നു.
സ്കൂളുകളിലേക്കും കോളജുകളിലേക്കും വിദ്യാർഥികളുമായി പോയ വാഹനങ്ങളും ആംബുലൻസുകളും അടക്കം കുരുക്കിൽ പെട്ടു. അടിപ്പാത നിർമാണ സ്ഥലത്ത് റോഡിന്റെ വശമിടിയാനുള്ള സാധ്യതയുള്ളതിനാൽ മുൻകരുതലോടെയാണു വാഹനങ്ങൾ കടത്തി വിട്ടത്.
അടിപ്പാത നിർമാണത്തിനു മുൻപേ ഡ്രെയ്നേജ് സംവിധാനം ഒരുക്കിയിരുന്നെങ്കിലും തുടക്കം മുതൽ പരാതികളുണ്ടായിരുന്നു.
അശാസ്ത്രീയമായി നിർമിച്ച ഡ്രെയ്നേജ് മഴക്കാലത്തു വെള്ളം ഒഴുകിപ്പോകാൻ ഉപകരിക്കില്ലെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകിയെങ്കിലും കരാറുകാരോ ദേശീയപാത അതോറിറ്റിയോ പരിഹാര നടപടികൾ സ്വീകരിച്ചില്ല. ഇതോടെ മഴ പെയ്താൽ വെള്ളം റോഡിൽ തന്നെ കെട്ടിക്കിടക്കുന്ന സ്ഥിതിയായി.
കലക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിച്ചപ്പോൾ വീടുകളിലും കടകളിലും റോഡിലും വെള്ളം കയറുന്നതു പരിഹരിക്കണമെന്നു കരാറുകാരോടും ദേശീയപാത അതോറിറ്റിയോടും കർശന നിർദേശം നൽകിയിരുന്നെങ്കിലും അവരതു മുഖവിലയ്ക്കെടുത്തില്ല.
പോട്ടയിൽ കാർ മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്
പോട്ട ∙ ദേശീയപാതയിൽ ആശ്രമം സിഗ്നൽ ജംക്ഷനും കോടതി ജംക്ഷനും ഇടയിൽ കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞ് യാത്രക്കാരായ പോട്ട
ഞാറേക്കാടൻ ആൻസൺ ആന്റണി (32), അറയ്ക്കൽ ആൽഫി ആന്റണി (31) എന്നിവർക്കു പരുക്കേറ്റു. ഇവരെ സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഒരു മണിയോടെയായിരുന്നു അപകടം. അപകടം കാരണം കുറച്ചു സമയം ദേശീയപാതയിൽ ഗതാഗതതടസ്സമുണ്ടായി.മഴ പെയ്യുമ്പോൾ ദേശീയപാതയിൽ വാഹനങ്ങൾ മുൻപും നിയന്ത്രണം വിട്ടു മറിഞ്ഞിട്ടുണ്ട്.
ദേശീയപാതയിലെ ടാറിങ്ങിന്റെ അപാകമാണ് കാരണമെന്ന് പരാതി ഉയർന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

