കണ്ണൂർ ∙ പച്ചപ്പുനിറഞ്ഞ പാതയോരങ്ങൾ… അണ്ടർഗ്രൗണ്ട് പാർക്കിങ്ങും എസ്കലേറ്ററുമുള്ള സ്റ്റേഡിയം.. ആംഫി തിയറ്ററും ആധുനിക സൗകര്യങ്ങളുമുള്ള ബസ് സ്റ്റാൻഡ്… കളിസ്ഥലവും പാർക്കിങ് ഏരിയയും മാലിന്യസംസ്കരണ സംവിധാനവുമുള്ള ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട്… കണ്ണൂർ കോർപറേഷന്റെ മാറ്റാവുന്ന മുഖച്ഛായയാണിത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനിൽ അധികാരം കിട്ടിയാൽ 5 കൊല്ലം കൊണ്ട് കണ്ണൂരിനെ എങ്ങനെ മാറ്റുമെന്ന സിപിഎമ്മിന്റെ ദൃശ്യാവിഷ്കാരത്തിലെ പ്രധാനകാര്യങ്ങളാണിതെല്ലാം.
നഗരസൗന്ദര്യവൽക്കരണത്തിലൂടെ കണ്ണൂരിന്റെ മാറുന്ന മുഖച്ഛായയുടെ ദൃശ്യാവിഷ്കാരം പ്രദർശിപ്പിച്ചുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു– ‘‘ചെയ്യാൻ പറ്റുന്നതേ പറയൂ… പറഞ്ഞാൽ ചെയ്തിരിക്കും’’. ക്ഷണിക്കപ്പെട്ട
സദസ്സിനു മുന്നിൽ അവതരിപ്പിച്ച കോർപറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണപത്രികയുടെ ദൃശ്യാവിഷ്ക്കാരത്തിൽ രാഗേഷ് ഊന്നിപ്പറഞ്ഞത് 5 കൊല്ലം കൊണ്ട് കണ്ണൂരിൽ വരുന്ന വികസനത്തെക്കുറിച്ചായിരുന്നു.
കാലത്തിനൊത്തുള്ള വികസനത്തിൽ ശ്രദ്ധ കൊടുക്കാത്തതുകാരണം വളപട്ടണം നഗരത്തിനുണ്ടായ തളർച്ച ചൂണ്ടിക്കാട്ടിയായിരുന്നു ദൃശ്യാവിഷ്കാരത്തിന്റെ തുടക്കം. പുതിയ ദേശീയപാത യാഥാർഥ്യമാകുന്നതോടെ വാഹനത്തിരക്കു കുറയുന്ന കണ്ണൂർ നഗരത്തിലേക്ക് ആളുകളെ ആകർഷിക്കാനുള്ള പദ്ധതികൾക്കാണ് ഊന്നൽ നൽകിയത്.
സ്റ്റേഡിയം, പയ്യാമ്പലം ശ്മശാനം, പയ്യാമ്പലം ബീച്ച് റോഡ്, പഴയ ബസ് സ്റ്റാൻഡ്, കോർപറേഷൻ ഓഫിസും ടൗൺ ഹാളും, മുണ്ടയാട് സ്റ്റേഡിയം, ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് എന്നിവയെല്ലാം എങ്ങനെ പരിഷ്കരിക്കുമെന്നു വിഡിയോയിൽ കാണിച്ചു.
കോടികൾ ചെലവു വരുന്ന പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന സദസ്സിലെ സംശയത്തിന് രാഗേഷ് ഉത്തരം നൽകിയത്, എംപിയായിരുന്ന സമയത്തു മുണ്ടേരി ഗവ. സ്കൂളിൽ താൻ കൊണ്ടുവന്ന വികസനം ചൂണ്ടിക്കാട്ടിയായിരുന്നു.
വികസനത്തിനു ഇച്ഛാശക്തിയുണ്ടെങ്കിൽ പണം വരുമെന്ന് രാഗേഷ് പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.പ്രകാശൻ, കെ.വി.സുമേഷ് എംഎൽഎ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

