സാമ്പത്തിക പരിഷ്കാര നടപടികളുടെ ഭാഗമായി മദ്യ വിൽപനയിൽ വിദേശികൾക്ക് കൂടുതൽ ഇളവുകൾ അനുവദിച്ച് സൗദി അറേബ്യ. റിയാദിൽ കഴിഞ്ഞവർഷം ആരംഭിച്ച സ്റ്റോറിൽ നിന്ന് ഇതുവരെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു മദ്യം വാങ്ങാൻ അനുമതി.
എന്നാൽ, ഇപ്പോൾ മറ്റു വിദേശികൾക്കും മദ്യം വാങ്ങാൻ അനുമതി ലഭിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
അമുസ്ലീങ്ങളായ വിദേശികൾക്കാണ് മദ്യം വാങ്ങാൻ അനുമതി. അതേസമയം, ഇവരുടെ പ്രതിമാസ ശമ്പളം മിനിമം 50,000 റിയാൽ (ഏകദേശം 11.8 ലക്ഷം രൂപ) ആയിരിക്കണമെന്നും ചട്ടമുണ്ട്.
നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമുണ്ടായിരുന്ന ഇളവ് കഴിഞ്ഞമാസം പ്രീമിയം വീസ ഉള്ളവർക്കും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അമുസ്ലീങ്ങളായ മറ്റ് വിദേശികൾക്കും ഇളവ് ബാധകമാക്കിയത്.
മദ്യം വാങ്ങാനുദ്ദേശിക്കുന്ന വിദേശികൾ താമസ രേഖകളും ശമ്പള വിവരങ്ങളും സ്റ്റോറിൽ സമർപ്പിക്കണം. അവ പരിശോധിച്ചശേഷമാണ് മദ്യം അനുവദിക്കുക.
ഇളവുകൾ അനുവദിച്ചതിന് പിന്നാലെ മദ്യ വിൽപന കുതിച്ചുകയറിയെന്നും ഇതിനകം 12,500ൽ അധികം പ്രീമിയം വീസ ഉടമകൾ മദ്യം വാങ്ങിയെന്നും റിപ്പോർട്ടിലുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്കും 8 ലക്ഷം റിയാൽ ഒറ്റത്തവണ പേയ്മെന്റ് നടത്തുന്നവർക്കുമാണ് പ്രീമിയം വീസ ലഭിക്കുന്നത്.
2019ൽ ആയിരുന്നു സൗദി പ്രീമിയം വീസ സംവിധാനം ആരംഭിച്ചത്.
അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകൾക്ക് വിരാമമിട്ടായിരുന്നു രാജ്യത്ത് കഴിഞ്ഞവർഷം സൗദി അറേബ്യ, മദ്യ വിൽപനശാല തുറന്നത്.
ജിദ്ദയിലും ദമാമിലും സ്റ്റോറുകൾ തുറക്കുമെന്ന് സൂചനകളുണ്ട്. സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എണ്ണ ഇതര സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാര നടപടികളിലൊന്നാണ് മദ്യ വിൽപനശാലകളും.
‘വിഷൻ 2030’ എന്ന മാസ്റ്റർ പ്ലാനുമായാണ് സൗദി സമ്പദ്വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നത്. നേരത്തേ, 1952 വരെ സൗദിയിൽ മദ്യം ലഭിച്ചിരുന്നെന്നും പിന്നീടാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യയുടെ മൊത്ത വരുമാനത്തിന്റെ ഭൂരിഭാഗവും നേരത്തേ ക്രൂഡ് ഓയിൽ വിൽപന വഴിയായിരുന്നെങ്കിൽ ഇപ്പോൾ എണ്ണ ഇതര വരുമാനം 50 ശതമാനത്തിന് മുകളിലെത്തിയെന്ന് അടുത്തിടെ നിക്ഷേപമന്ത്രി ഖാലിദ് അൽ ഫാലി വ്യക്തമാക്കിയിരുന്നു.
പുതിയ കണക്കുകൾ പ്രകാരം എണ്ണയിതര സമ്പദ്വ്യവസ്ഥ 50.6 ശതമാനമാണ്. ടൂറിസം, ധനകാര്യം, അടിസ്ഥാന സൗകര്യ വികസനം, സ്പോർട്സ്, മറ്റ് വിനോദങ്ങൾ തുടങ്ങിയവയിലാണ് സൗദി പ്രധാനമായും ശ്രദ്ധയൂന്നുന്നത്.
എഐയ്ക്കും ഊന്നലുണ്ട്. ജിഡിപിയിൽ ടൂറിസത്തിന്റെ പങ്ക് 2019ൽ 3% ആയിരുന്നെങ്കിൽ 2024ൽ അത് 5 ശതമാനത്തിലെത്തി.
2030ഓടെ ജിഡിപിയിൽ വിനോദസഞ്ചാര മേഖലയുടെ വിഹിതം 10 ശതമാനം കവിയുമെന്ന് കരുതുന്നു.
ഇതു വൈകാതെ 20 ശതമാനത്തിനു മുകളിലേക്ക് ഉയർത്തുകയുമാണ് സൗദിയുടെ ലക്ഷ്യം. അതേസമയം, മദ്യശാല തുറക്കുമെങ്കിലും സൗദിയിൽ എല്ലാവർക്കും വാങ്ങാനാവില്ല.
അമുസ്ലിങ്ങളായ വിദേശ പൗരന്മാർക്ക് മാത്രമാകും അനുമതി. 2034ൽ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നത് സൗദിയാണ്.
ഈ കായികമാമാങ്കത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗവുമായാണ് മദ്യനിരോധനം നിബന്ധനകളോടെ നീക്കുന്നതെന്നാണ് സൂചനകൾ.
മദ്യ സ്റ്റോറുകൾ തുറന്നേക്കുമെങ്കിലും വീര്യം കൂടിയവ (ഉയർന്ന ആൽക്കഹോൾ അംശമുള്ളവ) കിട്ടാനും സാധ്യതയില്ല. 20 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ മദ്യമായിരിക്കും അനുവദിച്ചേക്കുക.
രാജ്യത്തെ നിയമവ്യവസ്ഥ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയായിരിക്കും വിൽപന.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

