തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ (എച്ച്എൽഎൽ) പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി, പ്രൊഫഷണൽ, സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എച്ച്എൽഎല്ലിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നൽകുന്ന ‘പ്രതീക്ഷ സ്കോളർഷിപ്പ്’ ബിപിഎൽ വിഭാഗത്തിലുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ്.
തിരുവനന്തപുരം ജില്ലക്കാരായ, കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളിൽ മെഡിസിൻ (എംബിബിഎസ്), എഞ്ചിനീയറിംഗ്, ഫാർമസി, ഡിപ്ലോമ, നഴ്സിംഗ്, ഐടിഐ തുടങ്ങിയ കോഴ്സുകൾക്ക് പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ്. ഈ വർഷം 30 വിദ്യാർത്ഥികൾക്ക് പഠനസഹായം ലഭിക്കും.
അപേക്ഷാ ഫോം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഓഫീസുകളിൽ നിന്നും www.lifecarehll.com എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ സീനിയർ മാനേജർ (എച്ച്ആർ), എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, കോർപ്പറേറ്റ് & രജിസ്റ്റേർഡ് ഓഫീസ്, എച്ച്എൽഎൽ ഭവൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിൽ 2025 ഡിസംബർ 31-നകം ലഭിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 40,000 രൂപ സ്കോളർഷിപ്പ് ലഭിക്കും. എംബിബിഎസ് വിദ്യാർത്ഥികളില്ലാത്ത പക്ഷം, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ് വിദ്യാർത്ഥികൾക്ക് 25,000 രൂപയുടെ സ്കോളർഷിപ്പിന് പരിഗണന നൽകും.
ഫാർമസി വിദ്യാർത്ഥികൾക്ക് 25,000 രൂപയും, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് 20,000 രൂപയും, ഡിപ്ലോമ, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 15,000 രൂപയും വാർഷിക സ്കോളർഷിപ്പായി നൽകും. ഐടിഐ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക 5,000 രൂപയാണ്.
ഓരോ കോഴ്സിലും അഞ്ച് പേർക്ക് വീതം പഠനം പൂർത്തിയാകുന്നതുവരെ സ്കോളർഷിപ്പ് നൽകുന്നതാണ്. വിദ്യാർത്ഥികളുടെ പഠനമികവും കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയും പരിഗണിച്ചാണ് സ്കോളർഷിപ്പിന് അർഹരെ കണ്ടെത്തുന്നത്.
അപേക്ഷയോടൊപ്പം എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. സ്കോളർഷിപ്പ് ലഭിക്കുന്നവർ പഠനമികവ് തെളിയിക്കുന്ന രേഖകൾ എല്ലാ വർഷവും ഹാജരാക്കേണ്ടതുണ്ട്.
2014-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ എച്ച്എൽഎൽ ഇതുവരെ തിരുവനന്തപുരം, കർണാടകയിലെ ബെൽഗാം എന്നിവിടങ്ങളിലായി 321 ബിപിഎൽ വിദ്യാർത്ഥികൾക്ക് 1.27 കോടി രൂപയുടെ പഠനസഹായം വിതരണം ചെയ്തിട്ടുണ്ട്. എച്ച്എൽഎൽ ജീവനക്കാരുടെ സംഭാവനകളും കമ്പനിയുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചാണ് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി ഈ പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

