അതിരപ്പിള്ളി ∙ മൂന്ന് മണിക്കൂർ നാട്ടുകാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ജനവാസ മേഖലയിൽ കാട്ടാനകളുടെ പരക്കം പാച്ചിൽ. വെറ്റിലപ്പാറ പാലത്തിനു സമീപം ചൊവ്വാ രാവിലെ ഏഴുമണി മുതൽ പത്ത് വരെയാണ് ആനക്കൂട്ടം എണ്ണപ്പന തോട്ടത്തിൽ തലങ്ങും വിലങ്ങും നടന്നത്.
പുഴയോരത്ത് സ്ഥാപിച്ച സോളർ വേലി മറികടക്കാൻ കഴിയാതെ ആനകൾ മണിക്കൂറുകൾ എണ്ണപ്പന തോട്ടത്തിൽ ചുറ്റി തിരിയുകയായിരുന്നു.
പുലർച്ചെ നാല് മണിയോടെ ചിക്ളായി അങ്കണവാടി പരിസരത്ത് നിന്നാണ് നാല് കുട്ടികൾ അടക്കമുള്ള ഒൻപത് ആനകൾ പുഴ കടന്ന് വനത്തിലേക്കു പോകാൻ തോട്ടത്തിൽ എത്തിയത്. കാട്ടാന ശല്യം വർധിച്ച സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കാൻ പ്ലാന്റേഷൻ അതിർത്തിയിൽ പുഴയുടെ തീരത്ത് സോളർ വേലി സ്ഥാപിക്കുന്നുണ്ട്.
സുരക്ഷാ വേലി നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിലൂടെ പുഴ കടന്ന് എത്തിയ ആനക്കൂട്ടം മേച്ചിൽ കഴിഞ്ഞ് വഴിമാറി തിരിച്ച് പോകുമ്പോഴാണ് വേലി വിനയായത്.
നേരം പുലർന്ന് സംസ്ഥാന പാതയിൽ തിരക്ക് വർധിച്ചതോടെ റോഡിനു സമീപം നിന്നിരുന്ന ആനകൾ സഞ്ചാരികൾക്കും ഭീഷണിയായി.
രാവിലെ ധാരാളം സ്കൂൾ വാഹനങ്ങൾ ഇതുവഴി പോകുന്നതിനാൽ നാട്ടുകാരും എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങി. ഇതിനിടയിൽ വനം ജീവനക്കാരും നാട്ടുകാരും ആനകളെ തുരത്താൻ ശ്രമങ്ങൾ പരാജയപ്പെട്ടു.
തുടർന്ന് പുഴയോരത്ത് സ്ഥാപിച്ച സോളർ വേലിയുടെ ലൈൻ മുറിച്ച് നീക്കി ആനകൾക്ക് പുഴയിലേക്ക് വഴിയൊരുക്കി. കൊന്നക്കുഴി മുതൽ കണ്ണൻകുഴി വരെയാണ് പുഴയോരങ്ങളിൽ വൈദ്യുത വേലി സ്ഥാപിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

