കോയമ്പത്തൂർ ∙ ഉന്നത സർക്കാർ ഉദ്യോഗസ്ഥരടക്കം താമസിച്ചിരുന്ന കൗണ്ടംപാളയം ഹൗസിങ് ബോർഡ് കോളനിയിൽ 13 വീടുകളിൽ കവർച്ച നടത്താൻ യുപി സ്വദേശികളായ സംഘത്തെ സഹായിച്ച ഓട്ടോ ഡ്രൈവറും അറസ്റ്റിൽ. കുനിയമുത്തൂർ സുഗുണാപുരം ശക്തിവിനായകർ സ്ട്രീറ്റിൽ ആർ.അയൂബ്ഖാൻ (35) ആണ് അറസ്റ്റിലായത്.
കുനിയമുത്തൂരിൽ താമസിച്ചിരുന്ന കവർച്ചാ സംഘങ്ങൾക്കു മാസങ്ങളായി യാത്രാ സൗകര്യം ഒരുക്കിയിരുന്നത് ഇയാളാണ്.
കവർച്ചാ സംഘങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. യുപി സ്വദേശിയായ ശുഹൈബിന്റെ നേതൃത്വത്തിൽ 12 അംഗസംഘം ഡൽഹി മണ്ഡോലി മാർക്കറ്റ് ഭാഗത്തുനിന്ന് ഒക്ടോബറിൽ കോയമ്പത്തൂരിലേക്കു പാത്രക്കച്ചവടത്തിനായി എത്തിയിരുന്നു.
താമസത്തിനു സ്ഥലം അന്വേഷിച്ച ഇവർക്ക് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനു മുന്നിലെ ഓട്ടോഡ്രൈവർ മൊയ്തീൻ കുനിയമുത്തൂർ ബി.കെ പുതൂരിൽ വാടകവീട് തരപ്പെടുത്തിനൽകി.
12 പേരും കോയമ്പത്തൂരിൽ പലയിടങ്ങളിലും ഓട്ടോറിക്ഷയിൽ കറങ്ങിയാണ് പാത്രവ്യാപാരം നടത്തി കവർച്ച നടത്താനുള്ള വീടുകൾ നോട്ടമിട്ടിരുന്നത്. പാത്രവിൽപന സംഘത്തിലെ ഖാസിയാബാദ് സ്വദേശികളായ ദാവൂദ് (18), ഫർമാൻ (23) എന്നിവരാണ് സംഘ നേതാവായ ശുഹൈബിന് ഹൗസിങ് ബോർഡ് കോളനിയിൽ കവർച്ച നടത്തിയ ആസിഫ്, കല്ലു ആരിഫ്, ഇർഫാൻ എന്നിവരെ പരിചയപ്പെടുത്തിയത്.
രണ്ടു ദിവസത്തേക്ക് കച്ചവടത്തിനായി എത്തിയതാണെന്നും പിന്നീട് ഇവർ പോകുമെന്നും അറിയിച്ചാണ് കൂടെത്താമസിപ്പിച്ചത്.
മുൻപരിചയക്കാരനായ ഓട്ടോഡ്രൈവർ അയ്യൂബ്ഖാന്റെ സഹായത്തോടെ വീടുകൾ കണ്ടെത്തി കവർച്ച നടത്തിയ ഉടൻ നഗരത്തിൽ നിന്നു കടന്നുകളയാനായിരുന്നു സംഘത്തിന്റെ പ്ലാൻ. യുപിയിലേക്കു പോകാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പ്രതികൾ കവർച്ച നടത്തി കുനിയമുത്തൂരിലെ വീട്ടിലെത്തിയതു തിരിച്ചറിഞ്ഞ പൊലീസ് വീടുവളഞ്ഞ് വെടിവച്ചു പിടികൂടുകയായിരുന്നു.
മൂന്നു പ്രതികൾക്കും പരുക്കേറ്റിരുന്നു. ഇതിൽ ആസിഫ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു.
വീട്ടിൽനിന്നു പിടികൂടിയ 10 പേർ നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്.
കൂടെയുണ്ടായിരുന്ന സലിം, വാസിം എന്നിവരെ കണ്ടെത്താനായിട്ടില്ല. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും വ്യാപാരികൾ എന്ന വ്യാജേന എത്തി കവർച്ച നടത്തുന്ന സംഘങ്ങളാണ് ഇവരെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ ഒട്ടേറെ കേസുകളുണ്ട്. ഇന്നലെ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ആസിഫിന്റെ മൃതദേഹം ബന്ധുവിനു കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

