UPDATE AT 9.30AM ∙ ജിഡിപി തരംഗത്തിൽ ഓഹരികൾക്ക് ആവേശം ∙ സെൻസെക്സും നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും പുതിയ ഉയരത്തിൽ ∙ 86,000 ഭേദിച്ച സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയരമായ 86,159ൽ എത്തി ∙ നിഫ്റ്റി ഒരുവേള മുന്നേറിയത് റെക്കോർഡ് 26,325ലേക്ക് ∙ ബാങ്ക് നിഫ്റ്റി 250 പോയിന്റ് ഉയർന്ന് 60,000ന് മുകളിൽ ∙ വിശാല വിപണിയിൽ എഫ്എംസിജി ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം നേട്ടത്തിൽ ∙ സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ അദാനി പോർട്സ് ഓഹരി വിപണിയുടെ ഇന്നത്തെ പ്രകടനത്തെ സ്വാധീനിക്കാവുന്ന ഘടകങ്ങളെക്കുറിച്ച് തുടർന്ന് വായിക്കാം: പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി ഇന്ത്യയുടെ ജിഡിപി വളർച്ച മുന്നേറിയതിന്റെ ആവേശത്തിൽ വെടിക്കെട്ട് തുടക്കം കുറിക്കാൻ ഇന്ത്യൻ ഓഹരി വിപണി. ഡിസംബർ ഒന്നിലെ വ്യാപാരദിനം വലിയ നേട്ടത്തിന്റേതായേക്കാമെന്ന് സൂചിപ്പിച്ച് രാവിലെ ഗിഫ്റ്റ് നിഫ്റ്റി കുതിച്ചുയർന്നത് 130 പോയിന്റ്.
ഈ ഊർജം പകർന്നുകിട്ടിയാൽ സെൻസെക്സും നിഫ്റ്റിയും ഇന്നു പുത്തൻ റെക്കോർഡിലേക്ക് പറന്നുകയറും.
റിസർവ് ബാങ്കിന്റെ ഉൾപ്പെടെ പ്രവചനങ്ങളെ കടത്തിവെട്ടി നടപ്പുവർഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 8.2% ജിഡിപി വളർച്ചയാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ 6 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും വലിയ വളർച്ച.
റിസർവ് ബാങ്കും മറ്റ പ്രധാന റേറ്റിങ്/ധനകാര്യ ഏജൻസികളും പ്രവചിച്ചിരുന്നത് 7-7.5% വളർച്ചയായിരുന്നു. അതേസമയം, ജിഡിപി നിർണയത്തിൽ അപാകതകളുണ്ടെന്ന് വ്യക്തമാക്കി രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ഇന്ത്യയ്ക്ക് ‘സി ഗ്രേഡ്’ എന്ന മോശം റേറ്റിങ് നൽകിയതും പ്രതിപക്ഷം അത് ഏറ്റുപിടിച്ചതും നേട്ടത്തിന്റെ തിളക്കത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
അതേസമയം, ജിഡിപിയിൽ വൻ മുന്നേറ്റവുമായി ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്ശക്തി എന്ന നേട്ടം നിലനിർത്തിയതിന്റെ ആവേശമാണ് ഗിഫ്റ്റ് നിഫ്റ്റിയിൽ കണ്ടത്.
ഇതിനുപുറമേ, ഡിസംബർ 5ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുക കൂടി ചെയ്താൽ ഓഹരി വിപണിക്ക് ഡിസംബറിന്റെ ആദ്യ നാളുകൾ ആഘോഷക്കാലമായി മാറും. ഒക്ടോബറിലെ റീട്ടെയ്ൽ പണപ്പെരുപ്പം റെക്കോർഡ് താഴ്ചയായ 0.25 ശതമാനത്തിലും ഭക്ഷ്യവിലപ്പെരുപ്പം നെഗറ്റീവ് 5.02 ശതമാനത്തിലും എത്തിയത് പലിശ കുറയാനുള്ള അനുകൂലഘടകങ്ങളാണ്.
പലിശനിരക്ക് കുറച്ചേക്കാമെന്നും എന്നാൽ, അന്തിമ തീരുമാനമെടുക്കേണ്ടത് പണനയ നിർണയ സമിതിയാണെന്നും (എംപിസി) റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞിരുന്നു.
റീപ്പോനിരക്ക് കാൽ ശതമാനം കുറയ്ക്കാനാണ് സാധ്യത. കഴിഞ്ഞ 2 യോഗങ്ങളിലും പലിശ കുറച്ചിരുന്നില്ല.
ഇക്കുറി പലിശനിരക്ക് കുറച്ചാൽ ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശനിരക്കും കുറയ്ക്കും. ബാങ്കിൽനിന്ന് വായ്പ എടുത്തവരുടെ തിരിച്ചടവ് ഭാരം (ഇഎംഐ) കുറയും.
ഇതു ഉപഭോക്തൃവിപണിക്ക് ഗുണം ചെയ്യും. അതിന്റെ നേട്ടം ഓഹരി വിപണിക്കും ലഭിക്കും.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ നാളെ (ഡിസംബർ 2) ഒരു പ്രഭാഷണം നടത്തുന്നുണ്ട്.
ഡിസംബർ 10നാണ് യുഎസ് ഫെഡിന്റെ പണനയം. അവരും പലിശനിരക്ക് 0.25% കുറയ്ക്കുമെന്ന സൂചന ശക്തമാണ്.
ആ പ്രതീക്ഷ ശരിയാകുമോ എന്നതിന്റെ സൂചന പവലിന്റെ നാളത്തെ വാക്കുകളിൽനിന്ന് കിട്ടും. അമേരിക്ക പലിശനിരക്ക് കുറച്ചാൽ ഓഹരി വിപണികൾക്ക് അത് ഇരട്ടി മധുരമാകും.
അതേസമയം, മറുവശത്ത് ചൈന വലിയ തലവേദനയായി മാറുകയാണ്.
ഒക്ടോബറിൽ ചൈനീസ് വ്യാവസായിക മേഖലയുടെ ലാഭം നെഗറ്റീവ് 5.5 ശതമാനത്തിലേക്ക് നിലംപൊത്തിയെന്ന് നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ, ചൈനീസ് ഫാക്ടറികൾ കടുത്ത പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി തുടർച്ചയായ 8-ാം മാസവും ഉൽപാദന വളർച്ച കൂപ്പുകുത്തി.
മാനുഫാക്ചറിങ് പിഎംഐ നവംബറിൽ 49.9 ശതമാനമാണ്. ഇത് 50ന് താഴെ തുടരുന്നത് പ്രതിസന്ധിയുണ്ടെന്നതിന്റെ തെളിവുമാണ്.
തുടർച്ചയായ 8-ാം മാസമാണ് വീഴ്ച.
ചൈനയുടെ പ്രതിസന്ധിയും ജപ്പാന്റെ പണപ്പെരുപ്പ വർധനയും ഏഷ്യൻ ഓഹരി വിപണികളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 1.3% ഇടിഞ്ഞു.
ദക്ഷിണ കൊറിയയുടെ കോസ്പി 0.66% താഴ്ന്നു. ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.23 ശതമാനം താഴ്ന്നാണ് വ്യാപാരം ചെയ്തത്.
ഹോങ്കോങ് സൂചിക 0.7% ഉയർന്നു. ഷാങ്ഹായ് വിപണി നേരിയ നേട്ടം കുറച്ചിട്ടുണ്ട്.
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണികൾ കാര്യമായ നേട്ടം കുറിച്ചതുമില്ല.
സ്വർണവും എണ്ണയും മുന്നോട്ട്
സ്വർണം, ക്രൂഡ് ഓയിൽ വിലകൾ കൂടുന്നതാണ് ഇന്നത്തെ ട്രെൻഡ്. യുഎസിൽ പലിശനിരക്ക് താഴാനുള്ള സാധ്യത, യുഎസ് ഡോളർ ഇൻഡക്സിന്റെ വീഴ്ച എന്നിവയാണ് സ്വർണത്തിന് കരുത്തായത്.
ഇന്നു രാവിലെ രാജ്യാന്തര വിലയുള്ളത് ഔൺസിന് 18 ഡോളർ ഉയർന്ന് 4,238 ഡോളറിൽ. കേരളത്തിൽ ഇന്നും വില കൂടുമെന്ന സൂചനയാണിത് നൽകുന്നത്.
സമാധാന നീക്കങ്ങൾക്കിടെ 2 റഷ്യൻ എണ്ണക്കപ്പലുകൾ യുക്രെയ്ൻ മിസൈൽ അയച്ചു തകർത്തതും ഉൽപാദനത്തിൽ തൽസ്ഥിതി തുടരാനുള്ള ഒപെക് പ്ലസിന്റെ തീരുമാനവും രാജ്യാന്തര എണ്ണവിലയെ മേലോട്ടുയർത്തി.
ഡബ്ല്യുടിഐ വില ബാരലിന് 1.38% ഉയർന്ന് 59.36 ഡോളറിലും ബ്രെന്റ് വില 1.30% വർധിച്ച് 63.19 ഡോളറിലുമാണുള്ളത്. തുർക്കിയുടെ സമുദ്രാതിർത്തിയിലുണ്ടായിരുന്ന കപ്പലുകളെയാണ് യുക്രെയ്ൻ ആക്രമിച്ചത്.
ഇതിൽ പ്രതിഷേധമറിയിച്ച് തുർക്കിയും രംഗത്തുവന്നിട്ടുണ്ട്.
ശ്രദ്ധയിൽ ഇവർ
∙ ടാറ്റാ ഗ്രൂപ്പ് കമ്പനിയായ വോൾട്ടാസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി എൻസിഎൽഎടി തള്ളി.
∙ ഇൻഡിഗോ കൈവശമുള്ള 200 എയർബസ് എ320 വിമാനങ്ങളുടെയും പരിശോധന പൂർത്തിയാക്കിയെന്ന് വ്യക്തമാക്കി.
∙ വാഹന കമ്പനികളുടെ കഴിഞ്ഞമാസത്തെ വിൽപനക്കണക്ക് ഇന്നുമുതൽ പുറത്തുവരും.
∙ കേരള കൊങ്കൺ ബേസിനിൽ ഓയിൽ ഇന്ത്യ എണ്ണഖനനം ആരംഭിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

