നെടുങ്കണ്ടം ∙ പ്രഖ്യാപനശേഷം 4 മണ്ഡലകാലങ്ങൾ കഴിഞ്ഞെങ്കിലും കമ്പംമെട്ടിലെ ശബരിമല ഇടത്താവളം യാഥാർഥ്യമായില്ല. അസൗകര്യങ്ങളുടെ നടുവിലാണ് കമ്പംമെട്ടിലെത്തുന്ന ഭക്തർ ഇത്തവണയും വിരി വയ്ക്കുന്നത്.
ജില്ലയിലെ ആദ്യത്തെ ഇടത്താവളമായ കമ്പംമെട്ടിൽ തീർഥാടകർക്കായി സ്ഥിരം ഇടത്താവളം ഒരുക്കാൻ 2019ലെ സംസ്ഥാന ബജറ്റിൽ 4 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കോവിഡോടെ പദ്ധതി മുടങ്ങി. തുടർന്ന് 2022ൽ പദ്ധതിയുമായി മുന്നോട്ടുവന്നെങ്കിലും ഇതുവരെയും ഫണ്ട് അനുവദിച്ചിട്ടില്ല.
കരുണാപുരം കമ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തി വിട്ടുനൽകിയ 20 സെന്റ് സ്ഥലം ഉൾപ്പെടെ അര ഏക്കറിലധികം സ്ഥലം ഇടത്താവളത്തിനായി ഏറ്റെടുത്തിട്ടുണ്ട്.
നിലവിൽ പഞ്ചായത്ത് പണം ചെലവാക്കിയാണ് ഓരോ മണ്ഡലകാലത്തും താൽക്കാലികമായി ഇടത്താവളത്തിലെ സൗകര്യങ്ങൾ ഒരുക്കുന്നത്.
തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർ കമ്പംമെട്ട് വഴിയാണ് കേരളത്തിൽ പ്രവേശിക്കുന്നത്. ഇവിടെയെത്തുന്ന നൂറുകണക്കിനു തീർഥാടകർ ഉപയോഗിക്കുന്നത് കമ്യുണിറ്റി ഹാളിലെ പരിമിതമായ എണ്ണം ശുചിമുറികളാണ്.
പരാതി ശക്തമാകുമ്പോൾ താൽക്കാലിക ശുചിമുറികൾ നിർമിച്ചാണ് പരിഹാരം കണ്ടെത്താറുള്ളത്. ഭക്തർക്കു വിരി വയ്ക്കുന്നതിനുള്ള സ്ഥലപരിമിതിയും പ്രധാന പ്രശ്നമാണ്.
ഇവരുടെ വാഹനങ്ങൾ വഴിയരികിൽ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.
മണ്ഡലകാലത്തിനോടനുബന്ധിച്ച് നടത്താറുള്ള ശുചീകരണവും താൽക്കാലിക വെളിച്ച ക്രമീകരണവും പൂർത്തിയാക്കി. ഭക്തരുടെ തിരക്ക് വർധിക്കുന്നതോടെ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന വാഹനങ്ങൾ ജില്ലയിലേക്ക് പ്രവേശിക്കുന്നത് കമ്പംമെട്ടിലൂടെ മാത്രമായി ക്രമീകരിക്കാറുണ്ട്.
ഇത്തരത്തിൽ തിരക്കേറുമ്പോൾ കമ്പംമെട്ടിലെ അസൗകര്യങ്ങൾ ഭക്തരെ വീർപ്പുമുട്ടിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

