കോഴഞ്ചേരി∙ എതിരില്ലാത്ത രണ്ടു പതിറ്റാണ്ടുകൾ കിടങ്ങന്നൂർ എസ്വിജിവി എച്ച്എസ്എസിനു സ്വന്തം. റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ എതിരാളികളെ വള്ളപ്പാടിനു പിന്നിലാക്കിയാണ് 20–ാം വർഷത്തിലെ കിരീട
നേട്ടം. കലയെ ജീവനും ജീവിതവുമായി കാണുന്ന ഒരു സംഘം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് കലാരംഗത്തെ ഈ സ്ഥിരമായ നേട്ടത്തിനു പിന്നിൽ.
1200ൽ പരം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്ന് ഇത്തവണ മത്സരങ്ങൾക്ക് എത്തിയത് 365 പേരാണ്. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഒട്ടു മിക്ക ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചാണ് ഈ വിദ്യാലയം നേട്ടം സ്വന്തമാക്കിയത്.
എല്ലാ അധ്യയന വർഷാരംഭത്തിലും കലാപഠനത്തിനുള്ള ഒരുക്കങ്ങളും തുടങ്ങും.
ക്ലാസ് അധ്യാപകരുടെ കീഴിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ടാലന്റ് സർചിലൂടെ ഓരോരുത്തരുടെയും കലാവാസനകളെ കണ്ടെത്തി ആ ഇനത്തിൽ പരിശീലനം നൽകും. കിടങ്ങന്നൂർ ശ്രീവിജയാനന്താശ്രമത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്കൂൾ.
എല്ലാ വർഷവും ജൂലൈയിൽ ആശ്രമമുറ്റത്ത് പഞ്ചവാദ്യത്തിൽ തുടങ്ങുന്ന പരിശീലനം അവധി ദിവസങ്ങളിലും ഒഴിവു സമയങ്ങളിലും തുടർന്നു കൊണ്ടേയിരിക്കും. പരിശീലനത്തിന് ആവശ്യമായ എല്ലാ സംഗീതോപകരണങ്ങളും സ്കൂളിന് സ്വന്തമായുണ്ട്.
സംസ്ഥാനതലത്തിൽ ഒരിക്കൽ ഒന്നാം സ്ഥാനക്കാരായ സ്കൂൾ പിന്നീട് മൂന്ന്, അഞ്ച് സ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്.
കലാരംഗത്ത് ഉയരങ്ങൾ കീഴടക്കിയ പൂർവവിദ്യാർഥികൾ സ്കൂളിലെത്തി പിൻതലമുറക്കാരെ പ്രോത്സാഹിപ്പിക്കാറുണ്ട്. സ്കൂളിന് സ്വന്തമായുള്ള ഡിജിറ്റൽ ലൈബ്രറിയിൽ ആഴ്ചയിൽ ഒരിക്കൽ നടക്കുന്ന സംവാദ പരിപാടിയിലൂടെയാണ് കലോത്സവത്തിലെ രചനാ മത്സരങ്ങളിലെ പ്രതിഭകളെ വാർത്തെടുക്കുന്നത്.
സംവാദസദസ് കുട്ടികളുടെ വീടുകളിലും നടക്കാറുണ്ട്. സ്ഥിരമായ നേട്ടത്തിനു പിന്നിൽ സ്ഥിരതയുള്ള ഒട്ടേറെ കാര്യങ്ങൾ ഉണ്ടെന്നു സ്കൂൾ ജനറൽ കൺവീനർ വി.ജ്യോതിഷ് ബാബു പറഞ്ഞു.
എല്ലാ മത്സര ഇനങ്ങളിലും വർഷങ്ങളായി പരിശീലനം നൽകുന്നത് ഒരേ ഗുരുക്കന്മാരാണ്. ഓരോ വർഷവും ഗുരുക്കന്മാരെ മാറുന്ന രീതി സ്കൂളിനില്ല.
സ്കൂൾ മാനേജർ കൃഷ്ണാനന്ദ പൂർണിമാമയി, പിടിഎ പ്രസിഡന്റ് കെ.ജി.സുരേഷ് കുമാർ എന്നിവരുടെ പൂർണ പിന്തുണയും കലാപ്രവർത്തനങ്ങൾക്കു പിന്നിലുണ്ട്. പ്രിൻസിപ്പൽ വി.ശ്രീജ, പ്രഥമാധ്യാപകൻ എ.വി.മാധവൻകുഞ്ഞ്, ജനറൽ കൺവീനർ വി.ജ്യോതിഷ് ബാബു, അധ്യാപക കൺവീനർമാരായ ഇന്ദു ജി.നായർ, ദീപ്തി ജെ.മോഹൻ, രഞ്ജു ജി.നായർ, ആതിര വാസുദേവ്, ജ്യോതിമ, വിഷ്ണു ചന്ദ്രൻ, ഡോ.മായാദേവി, പ്രീത ശ്യാം എന്നിവരാണ് കലാപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

