പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം. മലമ്പുഴയിലെ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ മേഖലകളിൽ അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസും വനംവകുപ്പും സംയുക്തമായി അറിയിച്ചു. പ്രദേശത്ത് വനംവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
രണ്ട് സംഘങ്ങളെയാണ് നിരീക്ഷണ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്. പുലിയെ കണ്ടതായി സംശയിക്കുന്ന മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും സംഘം രാവിലെ പരിശോധന നടത്തിയിരുന്നു.
പുലിയെ കണ്ടെന്ന് അറിയിച്ച വ്യക്തിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പുലിയുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇന്നത്തെ രാത്രിയിലെ പരിശോധനകൾക്ക് ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

