തിരുവനന്തപുരം∙കേശവദാസപുരത്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ കല്ലുകെട്ടിത്താഴ്ത്തിയ കേസിൽ ബംഗാൾ സ്വദേശിക്കു ജീവപര്യന്തവും 31 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ.
പിഴ ഒടുക്കിയില്ലെങ്കിൽ 14 വർഷം അധിക തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു വിധിയിലുണ്ട്.ബംഗാൾ കൂച്ച് ബിഹാർ ഹൽദിബാരി ഗംഗാ ദോബയിൽ ആദം അലിയെയാണ് (24) തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതി(7) ശിക്ഷിച്ചത്.
കൊലക്കുറ്റത്തിനാണു ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും.
അതിക്രമിച്ചു കടന്നതിനും കവർച്ചാശ്രമത്തിനും തെളിവു നശിപ്പിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾക്കാണു മറ്റു ശിക്ഷ. കൊല്ലപ്പെട്ട
മനോരമയുടെ ആശ്രിതർക്ക് തക്കതായ നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു. 2022 ഓഗസ്റ്റ് 7ന് ആണ് സംഭവം നടന്നത്.
കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട.സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമ (68) ആണ് കൊല്ലപ്പെട്ടത്.ഇവരുടെ വീടിനു സമീപം കെട്ടിടനിർമാണത്തിന് എത്തിയ ആദം മോഷണശ്രമത്തിനിടെ മനോരമയെ കൊലപ്പെടുത്തിയെന്നാണ് കേസ്.പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ടി.ഗീനാകുമാരി ഹാജരായി.
കടന്നുകളയാൻ പ്രതിയുടെ ശ്രമം
കേസിൽ ആദം അലി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ശേഷം ശിക്ഷാവിധി 2.30ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചതിനു പിന്നാലെ കടന്നുകളയാൻ പ്രതി ശ്രമിച്ചു.
ഓടിയ പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്നു പിടികൂടി തിരികെ കോടതിയിലെത്തിച്ചു. കോടതി നിർദേശ പ്രകാരം ആദമിന് എതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്തു.
പ്രതിയെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങൾ
തിരുവനന്തപുരം∙കേശവദാസപുരത്തെ വീട്ടിൽ ചെമ്പരത്തി പൂവ് എടുക്കാനെന്ന വ്യാജേന എത്തിയാണ് ആദം അലി കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ആഭരണത്തിനും പണത്തിനും വേണ്ടിയാണ് കൃത്യം നടത്തിയതെന്നു പ്രതി മൊഴി നൽകിയിരുന്നു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ആദം അലിയെ രണ്ടാം ദിവസമാണ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. കൃത്യത്തിനു ശേഷം മൊബൈൽ ഫോൺ ഇയാൾ എറിഞ്ഞുടച്ചിരുന്നു.സിസി ടിവി ദൃശ്യങ്ങളാണ് പിന്നെ നിർണായകമായത്.
മനോരമയെ കാണാനില്ലെന്ന പരാതിയെത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ അയൽവീട്ടിലെ സിസിടിവിയിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. പ്രതി റെയിൽവേ സ്റ്റേഷനിൽ എത്തിയെന്നു കണ്ടെത്തിയതോടെ എല്ലാ സ്റ്റേഷനിലേക്കും ജാഗ്രതാ നിർദേശം നൽകി.
അങ്ങനെയാണ് ചെന്നൈയിലെത്തിയ ട്രെയിനിൽ നിന്ന് പ്രതിയെ പിടികൂടുന്നത്. ഒരു മാസത്തോളം ആസൂത്രണം ചെയ്ത ശേഷമാണ് ആളില്ലാത്ത സമയം നോക്കി കൊലപാതകം നടത്തിയതെന്നു പ്രതി പൊലീസിനോട് പറഞ്ഞു.
മനോരമയുടെ വീട്ടിൽ നിന്നാണ് തൊഴിലാളികൾ വെള്ളമെടുത്തിരുന്നത്. സാഹചര്യ തെളിവുകളാണ് കേസിൽ നിർണായകമായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

