ആലപ്പുഴ ∙ അനിത വധക്കേസിൽ രണ്ടാം പ്രതി രജനിക്കും വധശിക്ഷലഭിച്ചതിനു പിന്നിൽ പൊലീസിന്റെ പഴുതടച്ച അന്വേഷണം. 2021 ജൂലൈ 9നാണ് പുന്നപ്ര തെക്കേമഠം വീട്ടിൽ ശശിധരന്റെ മകൾ അനിത (32) കൊല്ലപ്പെടുന്നത്.
ജൂലൈ പത്തിനു രാത്രി 7.30ന് പള്ളാത്തുരുത്തി പാലത്തിനു സമീപം പുക്കൈതയാറ്റിൽനിന്നു അനിതയുടെ മൃതദേഹം കണ്ടെത്തി. തുടർന്നു മൃതദേഹം അനിതയുടെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞതോടെ അനിതയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്.
കൊലപാതകമാണെന്നു തുടക്കത്തിലെ പൊലീസിനു സംശമുണ്ടായിരുന്നു. യാതൊരു തുമ്പും ഇല്ലാതിരുന്നിടത്തുനിന്നാണു പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.
അനിതയുടെ ഫോണിലേക്ക് കൂടുതൽ തവണ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി പ്രബീഷിലേക്കെത്തിച്ചത്. തുടർന്നു പ്രബീഷിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രബീഷ് ജൂലൈ 12ന് ഉച്ചയ്ക്ക് 12.30ന് ഓൺലൈനിൽ ഭക്ഷണം വാങ്ങിയതായി കണ്ടെത്തി.
തുടർന്നു ഭക്ഷണ വിതരണക്കമ്പനിയുടെ സഹായത്തോടെയാണ് പ്രബീഷിനെ കണ്ടെത്തുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് രജനിയുടെ പങ്ക് മനസ്സിലാകുന്നത്.
പൊലീസിന് പ്രത്യേക അഭിനന്ദനം
കോടതി പൊലീസിനു പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി.
പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് കേസിലെ പ്രതികൾക്ക് അർഹിച്ച ശിക്ഷ വാങ്ങി നൽകാൻ ഇടയാക്കിയതെന്ന് കോടതി വിലയിരുത്തി.
കൂസലില്ലാതെ പ്രതി
രാവിലെ 11ന് പൊലീസ് ജിപ്പിൽ കോടതിയിലെത്തിച്ചപ്പോൾ യാതൊരു ഭാവഭേദവും ഇല്ലാതെയാണ് രജനി പെരുമാറിയത്. തുടർന്നു ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയപ്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിനും ഒന്നുമില്ലെന്നു മറുപടി.
ഉച്ചയ്ക്ക് ശേഷം ജഡ്ജി വധശിക്ഷ വിധച്ചപ്പോഴും രജനിയുടെ മുഖത്ത് യാതൊരു ഭാവഭേദവുമില്ല. തിരികെ ഒഡീഷയിലെ ജയിലിലേക്കു വിടരുതെന്നു കോടതി ജോലിക്കുണ്ടായിരുന്ന പൊലീസുകാരോട് രജനി പറഞ്ഞു.
കാരണം അന്വേഷിച്ചപ്പോൾ ഭക്ഷണം കൊള്ളില്ലെന്നായിരുന്നു മറുപടി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് രജനിയെ മാറ്റിയിരിക്കുന്നത്.
രജനിക്ക് സംസ്ഥാനാന്തര ലഹരി മാഫിയയുമായി ബന്ധം
രജനിക്ക് സംസ്ഥാനാന്തര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് പൊലീസ്.
10 കിലോ കഞ്ചാവുമായി ഒഡീഷയിൽനിന്നു പിടികൂടിയതിനെ തുടർന്നു രാജ്ഘട്ട് ജയിലിലായിരുന്ന രജനിയെ ഇന്നലെയാണ് പ്രൊഡക്ഷൻ വാറന്റ് മുഖേന ആലപ്പുഴയിലെത്തിച്ചത്. കേസിൽ നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട
ഒന്നാം പ്രതി മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷിനു സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തായിരുന്ന ഇയാൾ സ്വർണക്കടത്ത് കേസിൽ ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട്.
നാട്ടിൽ താമസിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രബീഷ് ആലപ്പുഴയിലേക്ക് ചേക്കേറിയത്.
സ്ത്രീകൾക്ക് വധശിക്ഷ ലഭിക്കുന്നത് അത്യപൂർവം
അപൂർവങ്ങളിൽ അപൂർവമായ കേസിലാണ് കോടതി പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത്. സ്ത്രീകൾക്ക് വധശിക്ഷ വിധിക്കുന്നതും അത്യപൂർവമാണ്.
അനിത വധക്കേസിൽ രജനിക്ക് ലഭിച്ച വധശിക്ഷ നിയമ ചരിത്രത്തിലെ അപൂർവ സംഭവമായി മാറി. സ്ത്രീ എന്ന ഒരു പരിഗണനയും അനിതയ്ക്ക് രജനി നൽകിയില്ല.
ഒന്നാം പ്രതി പ്രബീഷിന് തുല്യമായ പങ്കാണ് കൊലപാതകത്തിൽ രജനിക്കുമുള്ളത്. പ്രബീഷ് അനിതയെ ശ്വാസം മുട്ടിച്ചപ്പോൾ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ രജനി വായപൊത്തി.
മരിച്ചെന്നു കരുതി മൃതദേഹം ആറ്റിൽ കൊണ്ടുപോയി തള്ളാനും രജനി പ്രബീഷിനൊപ്പം നിന്നു. രജനിയുടെ അമ്മ മീനാക്ഷി ഉൾപ്പെടെ കേസിൽ പ്രോസിക്യൂഷനൊപ്പമായിരുന്നു.
സഹപാഠികളുടെ വിജയം
അനിത വധക്കേസിലെ വിധി സഹപാഠികളുടെ വിജയം കൂടിയായി.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ എ.വി.ബിജുവും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി.ശാരിയും കൊച്ചിൻ സർവകലാശാലയുടെ നിയമ പഠന കേന്ദ്രമായ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ സഹപാഠികളാണ്. 2004–2007 കാലയളവിലാണ് ഇരുവരും ഒരുമിച്ച് നിയമ പഠനം നടത്തിയത്.
തുടർന്നു 2007ൽ അരൂർ സ്വദേശിയായ ബിജു എസ്ഐയായി കേരള പൊലീസിൽ ജോലിയിൽ പ്രവേശിച്ചു. ശാരി അഭിഭാഷകയായും.
വർഷങ്ങൾക്ക് ശേഷം കേസിന്റെ വിസ്താരം നടക്കുന്ന സമയത്താണ് ഇരുവരും വീണ്ടും കാണുന്നത്.
‘വിധിയിൽ സന്തോഷം’
അവളും ഒരു പെണ്ണല്ലേ, ഒരു പെണ്ണിനോട് എങ്ങനെ ഇത്തരത്തിൽ ചെയ്യാൻ തോന്നി… കൊല്ലപ്പെട്ട അനിതയുടെ അച്ഛൻ ശശിധരന്റെ വാക്കുകളാണിത്.
രണ്ടാം പ്രതിക്കും വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രോസിക്യൂഷനോടും അന്വേഷണ ഉദ്യോഗസ്ഥരോടും സാക്ഷികളോടും നന്ദിയുണ്ടെന്നും ശശിധരൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

