ചിറ്റാരിക്കാൽ ∙ ശബരിമല ദർശനം നടത്തി മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് മലയോര ഹൈവേയിൽ ചിറ്റാരിക്കാലിനടുത്ത് കാറ്റാംകവല മറ്റപ്പള്ളി വളവിൽ നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു; 46 പേർക്കു പരുക്കേറ്റു. ഇതിൽ 10 പേരുടെ പരുക്ക് ഗുരുതരമാണ്.
മൈസൂരു സാലിഗ്രാമയിലെ ചുഞ്ചൻഗട്ടെ ചിക്കക്കൊപ്പലുവിലെ ഹരീഷ് (36) ആണു മരിച്ചത്. ചെറുപുഴ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.അപകടത്തിൽ സാരമായി പരുക്കേറ്റ 2 പേരെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും 8 പേരെ പരിയാരം ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
3 പേർ ചെറുപുഴ ലീഡർ ആശുപത്രിയിലും 33 പേർ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ തീർഥാടകർ സഞ്ചരിച്ച ബസ് കാറ്റാംകവല മറ്റപ്പള്ളി വളവിൽ റോഡിൽനിന്നു നിയന്ത്രണംവിട്ടു 15 അടിയോളം താഴേക്കുമറിഞ്ഞ് സമീപത്തെ തെങ്ങിലും മരങ്ങളിലും തട്ടി നിൽക്കുകയായിരുന്നു.കഴിഞ്ഞ 27നു പുലർച്ചെ ചിക്കക്കൊപ്പലുവിൽനിന്നു ശബരിമലയിലേക്കു പുറപ്പെട്ട
ഇവർ ദർശനം നടത്തിയ ശേഷം ഇന്നലെ ധർമസ്ഥലയിലേക്കു ദർശനത്തിനു പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്.
2 ജീവനക്കാർ ഉൾപ്പെടെ 56 പേർ വാഹനത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിൽ 9 പേർ കുട്ടികളാണ്.
കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. നാട്ടുകാരും ചിറ്റാരിക്കാൽ പൊലീസും ചേർന്നാണ് വാഹനത്തിൽ കുടുങ്ങിക്കിടന്ന തീർഥാടകരെ പുറത്തെടുത്തത്.
ബെംഗളൂരുവിലെ ഫാക്ടറി ജീവനക്കാരനാണ് അപകടത്തിൽ മരിച്ച ഹരീഷ്. ഭാര്യ: സൗമ്യ.
ആറുമാസം പ്രായമുള്ള മകനുണ്ട്.
അപകടത്തുരുത്തായി മറ്റപ്പള്ളി വളവ്
ചിറ്റാരിക്കാൽ ∙ മലയോര ഹൈവേയിലെ അപകടത്തുരുത്തായി കാറ്റാംകവലയിലെ മറ്റപ്പള്ളി വളവ്. ചെങ്കുത്തായ കയറ്റിറക്കങ്ങളും കൊടും വളവുകളുമുള്ള ഭാഗമാണിവിടം.
അതുകൊണ്ടുതന്നെ വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതും പതിവായി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് ശബരിമല ദർശനം കഴിഞ്ഞ് കർണാടക മൈസൂരു സാലിഗ്രാമ സ്വദേശികളായ അയ്യപ്പഭക്തർ ധർമസ്ഥലയിലേക്ക് പോകുംവഴി ഈ റോഡിൽ അപകടത്തിൽപെട്ടത്. 2023 ഡിസംബറിലും ഇവിടെ കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടമുണ്ടായിരുന്നു.
2012ൽ ഇതേ വളവിൽ കുഴൽക്കിണർ ലോറി അപകടത്തിൽപെട്ട് 6 ഇതര സംസ്ഥാന തൊഴിലാളികളും മരിച്ചിരുന്നു. തുടർന്നും ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഈ റോഡിൽ നടന്നു.
മലയോര ഹൈവേയുടെ ഭാഗമായി റോഡ് പുനർ നിർമിച്ചപ്പോഴും ഈ റോഡിലെ അപകടങ്ങൾക്കു കുറവൊന്നുമുണ്ടായില്ല. കാറ്റാംകവലയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചും മറ്റപ്പള്ളി വളവിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടുമെല്ലാം ഈ റോഡിൽ യാത്രക്കാർ മരിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

